അണ്‍ലോക്ക് ആദ്യ ദിനം: കെഎസ്ആര്‍ടിസി 1528 സര്‍വീസുകളും, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് 30 സര്‍വീസുകളും നടത്തി

ജൂണ്‍ 18ന് ഒറ്റ അക്ക നമ്പര്‍ ബസുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പര്‍ ബസുകള്‍

സ്വകാര്യ ബസ് സര്‍വീസുകള്‍ വെള്ളിയാഴ്ച മുതല്‍; ഒറ്റ, ഇരട്ടയക്ക ക്രമീകരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക് ഡൗണില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി 1528 സര്‍വീസുകളും, വാര്‍ട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് 30 സര്‍വീസുകളും നടത്തി. കെഎസ്ആര്‍ടിസി തിരുവനന്തപുരം സോണിന് കീഴില്‍ 712, എറണാകുളം സോണിന് കീഴില്‍ 451, കോഴിക്കോട് സോണിന് കീഴില്‍ 365 സര്‍വ്വീസുകളാണ് നടത്തിയത്. ആകെ നടത്തിയ 1528 സര്‍വ്വീസുകളില്‍ 583 ദീര്‍ഘദൂര സര്‍വീസുകളാണ്. അതേ സമയം വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ടമെന്റ് സംസ്ഥാനത്ത് 30 സര്‍വ്വീസുകളാണ് നടത്തിയത്. ആലപ്പുഴ 4 ഷെഡ്യൂള്‍, എറണാകുളം 4 ഷെഡ്യൂള്‍, പാണവള്ളി 4 ഷെഡ്യൂള്‍, നെടുമുടി 3 ഷെഡ്യൂള്‍, കാവാലം 2 ഷെഡ്യൂള്‍, പുളിങ്കുന്ന് 2 ഷെഡ്യൂള്‍, വൈക്കം 2 ഷെഡ്യൂള്‍, കൊല്ലം 2 ഷെഡ്യൂള്‍, മുഹമ്മ 2 ഷെഡ്യൂള്‍, പറശ്ശിനി 1 ഷെഡ്യൂള്‍, പയ്യന്നൂര്‍ 1 ഷെഡ്യൂള്‍, എടത്വ 1 ഷെഡ്യൂള്‍, ചങ്ങനാശ്ശേരി 1 ഷെഡ്യൂള്‍ കോട്ടയം 1 ഷെഡ്യൂള്‍ എന്നിങ്ങനെയാണ് സര്‍വീസ് നടത്തിയത്. അതേ സമയം  സ്വകാര്യ ബസ് സര്‍വീസുകള്‍ ഒറ്റ ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താന്‍ തീരുമാനമായി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിതമായി, വെള്ളിയാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ജൂണ്‍ 18ന് ഒറ്റ അക്ക നമ്പര്‍ ബസുകള്‍ സര്‍വീസ് നടത്തും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പര്‍ ബസുകള്‍ സര്‍വീസ് നടത്തും. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്ചയും (28.06.21)ഒറ്റ അക്ക നമ്പര്‍ ബസുകളാണ് നിരത്തില്‍ ഇറങ്ങേണ്ടത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തേണ്ടത്. ശനിയും ഞായറും സര്‍വീസ് അനുവദിക്കില്ല. എല്ലാ സ്വകാര്യ ബസ് ഉടമകളും ഇതുമായി സഹകരിക്കണമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.