നിരന്തര മൂല്യനിര്‍ണയത്തില്‍ വായന ഉള്‍പ്പെടുത്തും: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: പുതിയ കാലത്ത് വായനയുടെ പ്രാധാന്യം പുതു തലമുറയിലെത്തിക്കുന്നതിനായി സ്‌കൂള്‍ പാഠ്യപദ്ധതിയിലെ നിരന്തര മൂല്യനിര്‍ണയത്തില്‍ വായനയും എഴുത്തും ഉള്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം ഉദയ പാലസില്‍ നടന്ന ചടങ്ങില്‍ ദേശീയ വായനദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെ വായനയെ ജനകീയമാക്കിയ പി.എന്‍. പണിക്കരുടെ ഓര്‍മയ്ക്കാണ് വായനാദിനം ആചരിക്കുന്നത്. ആധുനിക ലോകത്ത് ഡിജിറ്റല്‍ വായനയിലേക്ക് മാറുന്ന സാഹചര്യമുണ്ട്. അക്കാദമിക വിഷയങ്ങള്‍ക്കൊപ്പം വായന വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തണമെന്നതാണ് സര്‍ക്കാര്‍ നയം. വിമര്‍ശന ചിന്തയും പ്രശ്‌ന പരിഹാര ശേഷിയും സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും വളര്‍ത്തുന്നതിന് എഴുത്തും വായനയും സഹായിക്കും. സ്വയം ചിന്തിച്ച് യുക്തമായ തീരുമാനമെടുക്കാന്‍ നല്ല പുസ്തകങ്ങള്‍ വിദ്യാര്‍ഥികളെ സഹായിക്കും. 10 കോടി രൂപയുടെ പുസ്തകങ്ങളാണ് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്ക് ഗവണ്‍മെന്റ് വിതരണം ചെയ്യുന്നത്. എല്ലാ വിദ്യാലയങ്ങളിലും ലൈബ്രറികള്‍ ഉണ്ടാകണം. ലൈബ്രേറിയന്‍മാരില്ലാത്തിടത്ത് അധ്യാപകര്‍ ആ ചുമതല നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം വായന നല്‍കുന്ന കരുത്തും നേടിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യസിവില്‍ മന്ത്രി ജി. ആര്‍. അനില്‍ പറഞ്ഞു. സമ്പൂര്‍ണ സാക്ഷരതയ്ക്കായി നിസ്തുല സംഭാവനകള്‍ നല്‍കിയ മഹാനാണ് പി. എന്‍. പണിക്കരെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. വായനയിലൂടെ നേടുന്ന അറിവിനെ യുക്തി സഹമായി വിലയിരുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, എം വിജയകുമാര്‍, ഒ രാജഗോപാല്‍, ടി.കെ.എ. നായര്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി റാണി ജോര്‍ജ്, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ്. ബാബു, ഐ പി ആര്‍ ഡി അഡീഷണല്‍ ഡയറക്ടര്‍ കെ. അബ്ദുള്‍ റഷീദ്, സ്‌റ്റേറ്റ് നാഷണല്‍ സര്‍വീസ് സ്‌കീം ഓഫീസര്‍ അന്‍സര്‍, പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍ എന്നിവര്‍ പങ്കെടുത്തു