ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം

തിരുവനന്തപരം: സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാവും ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനു ശേഷമുള്ള ക്രമീകരണങ്ങളെ സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയ കക്ഷികളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
24നും 25നും അനാവശ്യ യാത്രകളും പരിപാടികളും അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. ഹാളുകളില്‍ 75 പേര്‍ക്കും തുറസായ സ്ഥലങ്ങളില്‍ 150 പേര്‍ക്കുമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവരുടെ എണ്ണം ഇതിലും കുറയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. മരണാനന്തരചടങ്ങുകളില്‍ പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും വിവാഹ ക്ഷണക്കത്തും കൈയില്‍ കരുതണം. വിവാഹം, മരണം മുതലായ ചടങ്ങുകള്‍, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍, ഇവര്‍ സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവനയും കൈയ്യില്‍ കരുതണം. ഇതിന് പ്രത്യേക മാതൃക ഇല്ല.
ട്രെയിന്‍, വിമാനം എന്നിവയില്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം ബോര്‍ഡിംഗ് പാസ്/ ടിക്കറ്റ് കാണിക്കണം. ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം. അത്യാവശ്യ ഘട്ടങ്ങളില്‍ ഹോട്ടലുകളില്‍ പോയി പാഴ്‌സല്‍ വാങ്ങാം. ഇങ്ങനെ പോകുന്നവര്‍ കൈയില്‍ സത്യപ്രസ്താവന കരുതണം.
വീടുകളില്‍ മത്സ്യം എത്തിച്ച് വില്‍പന നടത്തുന്നതിന് തടസമില്ല. എന്നാല്‍ കച്ചവടക്കാര്‍ മാസ്‌ക്ക് ധരിക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. ടെലികോം, ഐടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.
വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പരമാവധി സൗകര്യം നല്‍കും. മറ്റു രോഗങ്ങളുള്ളവര്‍, വയോജനങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ തുടങ്ങുന്നത് ആലോചിക്കും. ആദിവാസി മേഖലകളില്‍ വാക്‌സിനേഷന് പ്രത്യേക സൗകര്യം നല്‍കും.
കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ കേരളം നടത്തിയിട്ടുള്ള ഒരുക്കങ്ങളും നടത്തുന്ന ഇടപെടലുകളും നമ്മുടെ ആവശ്യങ്ങളും പ്രധാനമന്ത്രിയുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ വിശദീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.