എസ്.ബി.ഐ നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് സേവനങ്ങള്‍ 14 മണിക്കൂര്‍ ലഭിക്കില്ല
തിരുവനന്തപുരം: കേരള എസ്ബിഐ ഡിജിറ്റല്‍ സേവനങ്ങള്‍ ഇന്ന് ബാങ്ക് സമയം അവസാനിച്ചതിന് ശേഷം അടുത്ത 14 മണിക്കൂര്‍ സമയത്തേയ്ക്ക് ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു.
നെഫ്റ്റ് (NEFT) സംവിധാനങ്ങളുടെ സാങ്കേതിക നവീകരണം നടത്തുന്നതിനാലാണ് ഡിജിറ്റല്‍ സേവനങ്ങളെ ബാധിക്കുന്നതെന്ന് ബാങ്ക് അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഞായറാഴ്ച വെളുപ്പിനെ 12 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ് എന്നിവ ഉപയോഗിക്കാന്‍ കഴിയില്ല.
ട്വിറ്ററിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2021 മെയ് 22 ന് ബിസിനസ്സ് അവസാനിച്ചതിന് ശേഷം ആര്‍ബിഐ നെഫ്റ്റ് സിസ്റ്റങ്ങള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനാലാണ് ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ് എന്നിവയിലെ നെഫ്റ്റ് സേവനങ്ങള്‍ ലഭിക്കാത്തതെന്ന് എസ്ബിഐ ട്വീറ്റില്‍ അറിയിച്ചു.
2021 മെയ് 23 ഞായറാഴ്ച വൈകുന്നേരം മുതല്‍ ആര്‍ടിജിഎസ് സേവനങ്ങള്‍ പതിവുപോലെ ലഭ്യമാകും.
മെയ് 21 വെള്ളിയാഴ്ച മുതല്‍ ഒരു പ്രത്യേക സമയത്തേക്ക് എസ്ബിഐ ഇന്റര്‍നെറ്റ് (ഓണ്‍ലൈന്‍) സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് വ്യാഴാഴ്ച ഒരു ട്വീറ്റില്‍ എസ്ബിഐ അറിയിച്ചിരുന്നു.
മെച്ചപ്പെട്ട ബാങ്കിംഗ് അനുഭവം നല്കാന് ബാങ്ക് പരിശ്രമിക്കുമ്പോള്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും ബാങ്ക് അഭ്യര്‍ത്ഥിച്ചു.ഈ മാസം തന്നെ 7, 8 തീയതികളില്‍ അറ്റകുറ്റപ്പണി കാരണം എസ്ബിഐയുടെ ഓണ്‍ലൈന്‍ സേവനങ്ങളെ ബാധിച്ചിരുന്നു.
രാജ്യത്താകമാനം 22,000 ശാഖകളും 57,889 ല്‍ അധികം എടിഎമ്മുകളും ഉള്ള എസ്ബിഐ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ്. ഡിസംബര്‍ 31 വരെ 85 മില്യണ്‍ ഇന്റര്‍നെറ്റ് ബാങ്കിംഗും 19 മില്യണ്‍ മൊബൈല്‍ ബാങ്കിംഗ് ഉപയോക്താക്കളും എസ്ബിഐയ്ക്ക് ഉണ്ട്.
എസ്ബിഐ യോനോയ്ക്ക് 34.5 മില്യണിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ട്. പ്രതിദിനം യോനോയില്‍ 9 മില്യണ്‍ ലോഗിനുകള്‍ നടക്കുന്നുണ്ടെന്ന് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.