ചെലവു കുറഞ്ഞ ഊര്‍ജത്തിനായി ഗൗരവമായ പഠനം വേണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: ഊര്‍ജം ചെലവു കുറഞ്ഞ രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഗൗരവമായ പഠനം ആവശ്യമാണെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. ക്ലീന്‍ എനര്‍ജി രംഗത്ത് ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനമായി എനര്‍ജി മാനേജ്മെന്റ് സെന്റര്‍, കെ-ഡിസ്‌ക്, ക്ലീന്‍ എനര്‍ജി നാഷണല്‍ ഇന്‍കുബേഷന്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ സ്ഥാപിക്കുന്ന ക്ലീന്‍ എനര്‍ജി ഇന്നൊവേഷന്‍ ആന്‍ഡ് ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ ഉദ്ഘാടനവും ഇന്നൊവേഷന്‍ ചാലഞ്ച് പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും ചെലവു കുറഞ്ഞ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ജലവൈദ്യുത പദ്ധതികള്‍ പ്രോത്സാപ്പിക്കപ്പെടണമെന്നു മന്ത്രി പറഞ്ഞു. ചെലവു കുറഞ്ഞ ചെറുകിട ജലവൈദ്യുത പദ്ധതികളെക്കുറിച്ച് ആലോചിക്കണം. സംസ്ഥാനത്ത് ആകെയുള്ള 3000 ടിഎംസി ജലത്തില്‍ കൃഷിക്കും വൈദ്യുതോത്പാദനത്തിനുമായി 300 ടിഎംസി വെള്ളം മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. 1900 വരെ ഉപയോഗിക്കാനാകുമെന്നു പഠന റിപ്പോര്‍ട്ടുണ്ട്. ഇതു ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയണം. കേരളത്തിലുള്ള വന്‍ തോറിയം നിക്ഷേപം ഊര്‍ജ മേഖലയില്‍ ഗുണപ്രദമായി ഉപയോഗിക്കേണ്ടതിനെക്കുറിച്ചും പഠനങ്ങള്‍ വേണം. ചെലവു കുറഞ്ഞ സോളാര്‍ പാനലുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചും ഗൗരവമായ ഗവേഷണം നടക്കണമെന്നു മന്ത്രി പറഞ്ഞു.
റിന്യൂവബിള്‍ എനര്‍ജി സാധാരണക്കാര്‍ക്കു പ്രാപ്യമാകുന്നതിനായുള്ള പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തണമെന്നു ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഏഷ്യയിലെ ഏറ്റവും മികച്ചസ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കേരളത്തിലാണ്. ബജറ്റില്‍ പ്രഖ്യാപിച്ച വെഞ്ച്വര്‍ ഫണ്ട് രൂപീകരിക്കുന്നതിനു തീരുമാനമായിട്ടുണ്ട്. ഇതു സ്റ്റാര്‍ട്ടപ്പുകള്‍ക്കു വലിയ സൗകര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി വകുപ്പും ഗതാഗത വകുപ്പും ചേര്‍ന്ന് സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന പദ്ധതി പുരോഗമിക്കുകയാണെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ സിറ്റി സര്‍വീസുകള്‍ ഇലക്ട്രിക് ബസുകളാക്കുന്നതിന്റെ ഭാഗമായി 50 ബസുകള്‍ തിരുവനന്തപുരം നഗരത്തില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. ആദ്യ ഘട്ടമായി അഞ്ചു ബസുകള്‍ രണ്ടു ദിവസത്തിനകം എത്തും. കൊച്ചി, കോഴിക്കോട് നഗരങ്ങളിലും സിറ്റി സര്‍വീസുകള്‍ ഇലക്ട്രിക് ബസിലേക്കു മാറുന്നതോടെ ഇന്ധനച്ചെലവ് ഇനത്തില്‍ വലിയ ലാഭമുണ്ടാക്കാനും പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറയ്ക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.
ക്ലീന്‍ എനര്‍ജി ഇന്നൊവേഷന്‍ ആന്‍ഡ് ബിസിനസ് ഇന്‍കുബേഷന്‍ സെന്ററിന്റെ ലോഗോ ചടങ്ങില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രകാശനം ചെയ്തു. സെന്ററിനെക്കുറിച്ചുള്ള വിഡിയോ മന്ത്രി പി. രാജീവും വെബ്സൈറ്റ് മന്ത്രി ആന്റണി രാജുവും പ്രകാശനം ചെയ്തു. തിരുവനന്തപുരത്തെ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടന്ന ചടങ്ങില്‍ ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, സോഷ്യല്‍ ആല്‍ഫ സി.ഇ.ഒ. മനോജ് കുമാര്‍, ടാറ്റ പവര്‍ സി.ഇ.ഒയും എം.ഡിയുമായ ഡോ. പ്രവീണ്‍ സിന്‍ഹ, കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണന്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി.സി. അനില്‍ കുമാര്‍, സി.ഇ.ഐ.ഐ.സിയുടെ സി.ഇ.ഒ. ഡോ. ജി. ഗണേഷ് ദാസ്, എനര്‍ജ് മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.