സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,31,375 പരിശോധനകള്‍ നടത്തി

സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,31,375 പരിശോധനകള്‍ നടത്തി

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,31,375 പരിശോധനകള്‍ നടത്തി. മരണസംഖ്യ 93. ഇപ്പോള്‍ 4,42,194 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 31,319 പേര്‍ രോഗമുക്തരായി.

കോവിഡ് വ്യാപനം സമൂഹത്തില്‍ സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധി മുന്‍കൂട്ടി കണ്ടു കൊണ്ടുള്ള നടപടികളാണ് നമ്മുടെ സംസ്ഥാനം തുടക്കം മുതല്‍ സ്വീകരിക്കുന്നത്. നമ്മുടെ അടുക്കളകളെയാകും കോവിഡ് ആദ്യം ബാധിക്കുക എന്നതിനാല്‍ അതിനെ മറികടക്കുന്നതിനാണ് മുന്‍തൂക്കം നല്‍കിയത്.
അതിന്‍റെ ഭാഗമാണ് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി ആവിഷ്കരിച്ചത്. ലോക്ഡൗണ്‍ ഘട്ടത്തിലും പിന്നീടും അത് എല്ലാ കുടുംബങ്ങള്‍ക്കും ആയി വിതരണം ചെയ്തു. 85 ലക്ഷത്തോളം കുടുംബങ്ങള്‍ ഭക്ഷ്യക്കിറ്റിന്‍റെ ഉപഭോക്താക്കളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുകയും ഭക്ഷ്യ വകുപ്പിന്‍റെ ബജറ്റ് വിഹിതവും ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഈ മാസവും അത് തുടരുകയാണ്.
എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ അരി വിതരണവും ലോക്ഡൗണ്‍ ഘട്ടത്തില്‍ നടത്തി. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ അരി വിതരണം ചെയ്തു. അഗതിമന്ദിരങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്തത്. ഇത്തവണയും അവര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം പുരോഗമിക്കുകയാണ്.

ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചും കൃത്യമായി വിതരണം ചെയ്തും പ്രതിസന്ധിയെ തരണം ചെയ്യാനായിരുന്നു ശ്രമിച്ചത്. പെന്‍ഷന്‍ ലഭ്യമാകാത്തവര്‍ക്ക് പ്രത്യേക ധനസഹായവും നല്‍കി. അന്ന് നടത്തിയ കാര്‍ഷിക മേഖലകളിലെ ഇടപെടല്‍, സുഭിക്ഷ കേരളം പദ്ധതി, എത്രത്തോളം വിജയമായിരുന്നു എന്ന് തെളിയിക്കപ്പെട്ടു.

ആളുകള്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കാനും തൊഴിലവസരം സൃഷ്ടിക്കാനുമായി കുടുംബശ്രീ ഹോട്ടലുകള്‍ക്ക് തുടക്കമിട്ടു. ഈ കുടുംബശ്രീ ഹോട്ടലുകളാണ് രണ്ടാം ലോക് ഡൗണില്‍ നമ്മുടെ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നത് എന്നു കൂടി കാണണം. കുടുംബശ്രീ വഴി നടപ്പാക്കിയ പലിശരഹിത വായ്പാ പദ്ധതിയും ആ ഘട്ടത്തില്‍ സഹായകരമായി. ഇത്തരം ഇടപെടലുകള്‍ തുടരണം എന്നാണ് ഉദ്ദേശിക്കുന്നത്.

എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്.
രോഗം നിയന്ത്രണ വിധേയമാകാത്ത, രോഗികളുടെ എണ്ണം വര്‍ധിക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണം വേണ്ടി വരും. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ 16-ാം തീയതി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. രോഗവ്യാപനം കുറച്ചു കൊണ്ടുവരാനാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

ലോക്ഡൗണ്‍ നീട്ടുമ്പോള്‍ സ്വാഭാവികമായി ജനങ്ങള്‍ കുറേക്കൂടി വിഷമം അനുഭവിക്കുന്ന സാഹചര്യം ഉണ്ടാക്കും. ഒന്നാം ഘട്ടത്തിലെ അനുഭവങ്ങള്‍ കൂടി കണക്കിലെടുത്ത് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുകയാണ്.
അവശ്യസാധന കിറ്റുകള്‍ 2021 ജൂണിലും തുടര്‍ന്ന് വിതരണം ചെയ്യും.

മെയ് മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും.
823.23 കോടി രൂപയാണ് വിതരണം പെന്‍ഷന്‍ ആയി വിതരണം ചെയ്യുന്നത്.
വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് 1000 രൂപ വീതം ധനസഹായം അനുവദിക്കും.
സ്വന്തം ഫണ്ടില്ലാത്ത ക്ഷേമ നിധി ബോര്‍ഡുകളെ സര്‍ക്കാര്‍ സഹായിക്കും.
ക്ഷേമനിധി സഹായം ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ നല്‍കും.

സാമൂഹ്യ നീതി വകുപ്പിലേയും വനിതാ-ശിശുവികസന വകുപ്പിലേയും അംഗന്‍വാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്ക് ലോക്ഡൗണ്‍ കാലത്തെ ശമ്പളം മുടങ്ങാതെ നല്‍കും.

കുടുംബശ്രീയുടെ 19,500 എഡിഎസുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം റിവോള്‍വിങ് ഫണ്ട് അനുവദിക്കും
കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ ‘സഹായ ഹസ്തം വായ്പാ പദ്ധതി’യിലെ ഈ വര്‍ഷത്തെ പലിശ സബ്സിഡി 93 കോടി രൂപ മുന്‍കൂറായി നല്‍കും.
കുടുംബശ്രീയുടെ റീസര്‍ജന്‍റ് കേരള വായ്പാ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഈ വര്‍ഷത്തെ പലിശ സബ്സിഡി 76 കോടി രൂപ അയല്‍ക്കൂട്ടങ്ങള്‍ക്ക് മുന്‍കൂറായി അനുവദിക്കും.

കുടുംബശ്രീ നല്‍കിയ വായ്പകളുടെ തിരിച്ചടവിന് 6 മാസത്തെ മൊറട്ടോറിയത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. കുടുംബശ്രീക്ക് സഹകരണ സ്ഥാപനങ്ങള്‍ നല്‍കിയ വായ്പകള്‍ക്കു കൂടി ഇത് ബാധകമാകും.

വസ്തു നികുതി, ടൂറിസം നികുതി, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയവയ്ക്കുള്ള സമയം ദീര്‍ഘിപ്പിക്കും.

മുന്‍പ് വിശദമാക്കിയതു പോലെ, ലോക്ഡൗണിന്‍റെ ഗുണഫലം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ ഇനിയും അല്‍പദിവസങ്ങള്‍ കൂടികഴിയേണ്ടതുണ്ട്. ഈ മെയ് മാസം കേരളത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കോവിഡ് രണ്ടാം തരംഗം നേരത്തെ ആരംഭിക്കുകയും വലിയ തോതില്‍ നാശം വിതയ്ക്കുകയും ചെയ്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും രോഗവ്യാപനം അല്‍പം കുറയുന്നതായോ, അല്ലെങ്കില്‍ വര്‍ദ്ധിക്കാതെ ഒരേ നിലയില്‍ തുടരുന്നതായോ ഇപ്പോള്‍ കാണാന്‍ സാധിക്കുന്നുണ്ട്. അതൊരു ശുഭകരമായ സൂചനയാണ്.

നിലവില്‍ രോഗവ്യാപനം വലിയ തോതില്‍ കൂടിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് കേരളമുള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍. മെയ് മാസത്തിനു ശേഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കാണുന്നതിനു സമാനമായ സാഹചര്യം ഇവിടെയും ഉണ്ടായേക്കാം. അതുകൊണ്ട്, രോഗവ്യാപനം അതിശക്തമാകുന്ന മെയ് മാസത്തില്‍ പരമാവധി ശ്രദ്ധ പുലര്‍ത്തിയാല്‍ നമുക്ക് മരണങ്ങള്‍ കുറച്ചുനിര്‍ത്താന്‍ സാധിക്കും.

മഴ ശക്തമാവുകയാണെങ്കില്‍ കോവിഡ് രോഗവ്യാപനം കൂടാനുള്ള സാധ്യത കൂടി കണക്കിലെടുക്കണം. മഴ കൂടുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മുകളില്‍ ഇപ്പോള്‍ തന്നെയുള്ള സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാകുന്നു എന്നതൊരു പ്രശ്നമാണ്. അതുപോലെത്തന്നെ മഴക്കാലരോഗങ്ങള്‍ കൂടെ ഉണ്ടാകുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ കാര്യങ്ങള്‍ പ്രയാസകരമാകും. അതുകൊണ്ട്, മഴക്കാല പൂര്‍വ ശൂചീകരണം കൂടുതല്‍ വേഗത്തിലും മികവിലും പൂര്‍ത്തിയാക്കേണ്ടതുണ്ട്.
വീടുകള്‍ക്ക് ചുറ്റുമുള്ള ഇടങ്ങളില്‍ കൊതുകുകള്‍ക്ക് മുട്ടയിട്ടു വളരാനുള്ള സാഹചര്യം പാടെ ഇല്ലാതാക്കണം. അതിനായി വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യം ഓരോ വീട്ടുകാരും പ്രധാന ഉത്തരവാദിത്വമായി ഏറ്റെടുക്കണം. ഈ വരുന്ന ഞായറാഴ്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഡ്രൈ ഡേ ആയി ആചരിക്കും. ജനങ്ങളുടെ പൂര്‍ണ സഹകരണം ആ ദിവസം ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുകയാണ്.

കോവിഡ് ബ്രിഗേഡ് പാക്കേജിന്‍റെ ഭാഗമായി എന്‍എച്ച്എം സ്റ്റാഫുകള്‍ക്കുള്ള ഇന്‍സെന്‍റീവിനും റിസ്ക് അലവന്‍സിനുമായി ആരോഗ്യ വകുപ്പ് 77.42 കോടി രൂപ അനുവദിച്ചു. ഡിസംബര്‍ 2020 മുതല്‍ ഏപ്രില്‍ 2021 വരെയുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇന്‍സെന്‍റീവിനും റിസ്ക് അലവന്‍സിനുമായി 22.68 കോടി രൂപയും 45.32 കോടി രൂപയും അനുവദിച്ചിരുന്നു. അതിന് പുറമേയാണ് ഈ തുക അനുവദിച്ചത്.

കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് കോവിഡ് ബ്രിഗേഡ് വീണ്ടും ശക്തിപ്പെടുത്തിവരികയാണ്. ഓരോ ജില്ലയിലും രോഗികളുടെ എണ്ണം കൂടുന്ന സാഹര്യത്തില്‍ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും അധികമായി കിടക്കകള്‍ സജ്ജമാക്കി വരുന്നു. കോവിഡ് രോഗികളെ നിരീക്ഷിക്കാനും ചികിത്സിക്കാനുമുള്ള ഡിസിസി, സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസി എന്നിവയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കാനാണ് കോവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്തുന്നത്.
കൂടുതല്‍ എംബിബിഎസ് ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സേവനം ഇതിന് ആവശ്യമാണ്. കൂടുതല്‍ പേര്‍ കോവിഡ് ബ്രിഗേഡിന്‍റെ ഭാഗമാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

*വാക്സിന്‍*

സംസ്ഥാനത്ത് കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റം. ഇതനുസരിച്ച് 12 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ കോവിഷീല്‍ഡ് രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുത്താല്‍ മതിയാകും. എന്നാല്‍ കോവാക്സിന്‍ രണ്ടാമത്തെ ഡോസ് മുമ്പ് നിശ്ചയിച്ചിട്ടുള്ളതു പോലെ തന്നെ 4 മുതല്‍ 6 ആഴ്ചക്കുള്ളില്‍ എടുക്കണം. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല.
കോവിഷീല്‍ഡ് വാക്സിന്‍റെ ഫലപ്രാപ്തി
രണ്ടാം ഡോസ് എടുക്കുമ്പോള്‍ 84 മുതല്‍ 112 ദിവസങ്ങളുടെ ഇടവേള കൂടുതല്‍ ഫലപ്രാപ്തി നല്‍കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടേണ്ട കാര്യമില്ല. എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാകുന്നതാണ്.

18-45 വയസ്സുകാരില്‍ വാക്സിന്‍ നല്‍കാന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നാളെ മുതല്‍ രജിസ്ട്രേഷന്‍ തുടങ്ങും. തിങ്കള്‍ മുതല്‍ വാക്സിന്‍ നല്‍കും.

വാക്സിനെടുത്ത് കഴിഞ്ഞാലും മാസ്ക് ധരിക്കുകയും കൈകള്‍ ഇടയ്ക്കിടക്ക് വൃത്തിയാക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. സമൂഹത്തിലെ എല്ലാവരും വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകുന്നതുവരെ പ്രതിരോധത്തിനായുള്ള പ്രാഥമിക കാര്യങ്ങള്‍ എല്ലാവരും തുടരേണ്ടതുണ്ട്.

കേരളത്തിന്‍റെ ടെസ്റ്റിങ് സ്ട്രാറ്റജിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആന്‍റിജന്‍ ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ ആര്‍ടിപിസിആര്‍ ചെയ്ത് അതു വീണ്ടും ഉറപ്പിക്കുന്നതിനു പകരം പോസിറ്റീവ് ആയി പരിഗണിക്കാന്‍ തീരുമാനിച്ചു. ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ ടെസ്റ്റ് ചെയ്യുന്ന രീതിയും ഒഴിവാക്കിയിരിക്കുന്നു.

മറ്റു പല സംസ്ഥാനങ്ങളിലും ഗ്രാമപ്രദേശങ്ങളില്‍ രോഗം ശക്തമായി വ്യാപിക്കുകയാണ്. മഹാരാഷ്ട്രയിലും യുപിയിലും 56 ശതമാനം രോഗബാധിതരും ഗ്രാമപ്രദേശങ്ങളിലാണ്. ഛത്തീസ്ഗഢില്‍ അത് 89 ശതമാനമാണ്. അതുകൊണ്ട്, നമ്മുടെ സംസ്ഥാനത്തും ഗ്രാമപ്രദേശങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കാനാണ് ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായി ആദിവാസി മേഖലകളിലും തീരദേശങ്ങളിലും ടെസ്റ്റിങ് കൂടുതലായി ചെയ്യുന്ന സമീപനം സ്വീകരിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് കോവിഡാണെന്ന് തന്നെ ഉറപ്പിച്ചുകൊണ്ട് എത്രയും പെട്ടെന്ന് സ്വയം ഐസൊലേഷനിലേക്ക് പോകാനും വാര്‍ഡ് മെമ്പറെയോ ആരോഗ്യപ്രവര്‍ത്തകരേയോ അറിയിക്കാനും ടെസ്റ്റ് ചെയ്യാനും എല്ലാവരും തയ്യാറാകണം. അവര്‍ പറയുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം.

*വില നിശ്ചയിച്ചു*

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ ചില വസ്തുക്കള്‍ക്ക് കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരം വില്‍ക്കാവുന്നതിന്‍റെ പരമാവധി വില സര്‍ക്കാര്‍ നിശ്ചയിച്ച് ഉത്തരവായിരിക്കുകയാണ്.
ഇതുപ്രകാരം പിപിഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്കിന് 22 രൂപ, ട്രിപ്പിള്‍ ലെയര്‍ മാസ്കിന് 3.90 പൈസ, ഫേസ് ഷീല്‍ഡിന് 21 രൂപ, ഡിസ്പോസിബിള്‍ ഏപ്രണിന് 12 രൂപ, സര്‍ജിക്കല്‍ ഗൗണിന് 65 രൂപ, പരിശോധനാ ഗ്ലൗസുകള്‍ക്ക് 5.75 പൈസ, ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലിക്ക് 192 രൂപ, 200 മില്ലിക്ക് 98 രൂപ, 100 മില്ലിക്ക് 55 രൂപ, സ്റ്റിറയില്‍ ഗ്ലൗസിന് ജോഡിക്ക് 15 രൂപ, എന്‍ആര്‍ബി മാസ്കിന് 80 രൂപ, ഓക്സിജന്‍ മാസ്കിന് 54 രൂപ, ഹ്യുമിഡിഫയറുള്ള ഫ്ളോമീറ്ററിന് 1520 രൂപ, ഫിംഗര്‍ടിപ്പ് പള്‍സ് ഓക്സിമീറ്ററിന് 1500 രൂപ.

ഓക്സിജന്‍ കാര്യത്തില്‍ വലുതായി ആശങ്കപ്പെടേണ്ടതില്ലെന്നാണ് കാണുന്നത്. പുറത്തു നിന്നുള്ള ഓക്സിജന്‍റെ വരവ് അടുത്ത ദിവസങ്ങളില്‍ കുടും.
കേന്ദ്രം അനുവദിച്ച ഓക്സിജന്‍ എക്സ്പ്രസ് വഴി 150 മെട്റിക് ടണ്ണും മറ്റ് മൂന്ന് സ്ഥലങ്ങളില്‍ നിന്ന് വേറെയും ലഭ്യമാവുന്നതോടെ പ്രശ്നം വരില്ല. കപ്പൽ മാർഗം ഇറക്കുന്നുമുണ്ട്.
എങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോക്ഡൗണ്‍ കാലം വീട്ടില്‍ തനിച്ചിരിക്കുന്നതിനാല്‍ പുസ്തകങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടാകാം. അതിനായി പുസ്തകങ്ങള്‍ കൊറിയര്‍ വഴി നല്‍കാവുന്നതാണ്.
വൃദ്ധ സദനം, ആദിവാസി കോളനികള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. അംബുലന്‍സ് ഡ്രൈവര്‍മാരിൽ വാക്സിൻ എടുക്കാത്തവർക്കും അടിയന്തരമായി വാക്സിനേഷന്‍ ലഭ്യമാക്കും.

സ്വകാര്യ ആശുപത്രികളില്‍ കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് മാറ്റി വെക്കുന്നുണ്ടെന്ന് ഉറപ്പിക്കാന്‍ ജില്ലാ ഭരണസംവിധാനം പരിശോധിക്കണം.

റബ്ബര്‍ സംഭരണത്തിനുള്ള കടകള്‍ ആഴ്ചയില്‍ രണ്ടുദിവസം (തിങ്കള്‍, വെള്ളി) തുറക്കാന്‍ അനുവദിക്കും.

*കാലാവസ്ഥ*

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറിയിട്ടുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ ഇതിന്‍റെ ശക്തി വര്‍ധിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിന്‍റെ പ്രവചിക്കപ്പെട്ടിരിക്കുന്ന സഞ്ചാര പഥത്തില്‍ കേരളമില്ല. ന്യൂനമര്‍ദ കേന്ദ്രത്തിന്‍റെ നിലവിലെ സ്ഥാനം കേരള തീരത്ത് നിന്ന് അധികം അകലെയല്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ മെയ് 16 വരെ അതിതീവ്ര മഴയും ശക്തമായ കാറ്റും രൂക്ഷമായ കടല്‍ക്ഷോഭവും തുടരുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും അതീവ ജാഗ്രത തുടരണം.

ഇന്ന് രാത്രി സമയം വളരെ നിര്‍ണ്ണായകമാണ്. കാലാവസ്ഥ വകുപ്പ് റെഡ് , ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും സമീപ ജില്ലകളിലും അതിതീവ്ര മഴയോ അതിശക്തമായ മഴയോ ഉണ്ടാകാം. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ചുഴലിക്കാറ്റിന്‍റെ വികാസവും സഞ്ചാരവും. നാളെ പകലോട് കൂടി തന്നെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് വടക്കോട്ട് നീങ്ങാനുള്ള സാധ്യതയും കാണുന്നുണ്ട്. എന്നിരുന്നാലും നമ്മള്‍ ജാഗ്രത കൈവിടാതിരിക്കണം.

കാറ്റിന്‍റെ സ്വാധീനം കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത് വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്. സമീപ ജില്ലകളിലും കാറ്റ് പ്രതീക്ഷിക്കാം. അതുകൊണ്ട് ശക്തമായ കാറ്റുമൂലമുള്ള അപകടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. അപകടാവസ്ഥയിലുള്ള മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ സുരക്ഷിതമാക്കി മാറ്റണം. ഓരോ കുടുംബവും അവരവരുടെ ഭൂമിയിലെ മരങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ ചില്ലകള്‍ വെട്ടിക്കളയണം. അതുപോലെ ചെറിയ ചാലുകള്‍ തടസപ്പെട്ടിട്ടില്ല എന്നും ഉറപ്പുവരുത്തണം.

അതിതീവ്ര മഴ തുടരുകയാണെങ്കില്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം, വെള്ളക്കെട്ട് മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കടല്‍ക്ഷോഭവും തുടരുമെന്നാണ് കാണുന്നത്. ഇവിടങ്ങളിലൊക്കെയുള്ള അപകടാവസ്ഥയിലുള്ള ജനങ്ങളെ മാറ്റി താമസിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തദ്ദേശ സ്ഥാപനങ്ങളും റവന്യൂ വകുപ്പും ചേര്‍ന്ന് തയ്യാറാക്കിവെച്ച സുരക്ഷിത ക്യാമ്പുകളിലേക്ക് അധികൃതരുടെ നിര്‍ദേശം ലഭിക്കുന്ന മുറക്ക് മാറി താമസിക്കാന്‍ എല്ലാവരും തയ്യാറാവണം.

ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഏത് അടിയന്തരഘട്ടത്തെയും നേരിടാന്‍ കേന്ദ്ര-സംസ്ഥാന സേനകള്‍ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ മുന്‍കരുതലായി വിന്യസിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നിലവില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുള്ളത്.
കരസേനയുടെ ഡിഎസ്സി ഒരു ടീമിനെ കാസർകോടും രണ്ട് ടീമുകളെ കണ്ണൂരും വിന്യസിച്ചിട്ടുണ്ട്. കരസേനയുടെ 2 സംഘങ്ങള്‍ തിരുവനന്തപുരത്ത് സ്റ്റാന്‍ഡ്ബൈ ആയി സജ്ജമാണ്. ഒരു എഞ്ചിനിയറിങ് ടാസ്ക് ഫോഴ്സ് ബംഗളുരുവില്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. വ്യോമസേനയുടെ 2 ഹെലികോപ്റ്ററുകള്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു. ഇവരെ സംസ്ഥാന പോലീസും അഗ്നിശമന രക്ഷാസേനയും പരിശീലനം ലഭിച്ച സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും സഹായിക്കും.

മല്‍സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. കടലിലുണ്ടായിരുന്ന മല്‍സ്യ തൊഴിലാളികളെ സുരക്ഷിതമായി മുന്‍കൂട്ടി തന്നെ കരയ്ക്കെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ന്യൂനമര്‍ദത്തിന്‍റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. തുടര്‍ വിവരങ്ങള്‍ യഥാസമയം പൊതുജനങ്ങളെ അറിയിക്കും. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 1077 എന്ന ടോള്‍ഫ്രീ നമ്പറില്‍ ഇഒസിയുമായി ബന്ധപ്പെടാവുന്നതാണ്.

*എന്‍ഫോഴ്സ്മെന്‍റ്*

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് പൊലീസ് ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. കോവിഡ് പോസിറ്റീവ് ആയവരും പ്രൈമറി കോണ്ടാക്ട് ആയവരും വീടുകളില്‍ തന്നെ കഴിയുന്നു എന്ന് ഉറപ്പാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്.
മോട്ടോര്‍സൈക്കിള്‍ പട്രോള്‍ ടീമിന്‍റെ ഭവനസന്ദര്‍ശനം, കോവിഡ് സേഫ്റ്റി ആപ്പിന്‍റെ വിനിയോഗം, അയല്‍വാസികളുടെ സഹകരണം ഉറപ്പാക്കല്‍, വളണ്ടിയര്‍മാരെ നിയോഗിക്കല്‍, പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഫോണ്‍ മുഖേനയുളള അന്വേഷണം എന്നീ നടപടികളാണ് ഇതിനായി കൈക്കൊണ്ടുവരുന്നത്.

ഹോം ക്വാറന്‍റൈന്‍ ലംഘിച്ചതിന് 27 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാനത്ത് അടുത്ത ഏതാനും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാനുളള മുന്‍കരുതല്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. മഴയും മറ്റ് പ്രതികൂല സാഹചര്യങ്ങളുംമൂലം റോഡ് ഗതാഗതം തടസപ്പെട്ടാല്‍ ഓക്സിജന്‍ കൊണ്ടുപോകുന്ന വാഹനങ്ങളുടെ യാത്ര സുഗമമാക്കാന്‍ ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 9,114 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,791 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പിഴയായി 33,30,250 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെഡി ടീമിനെ സജ്ജമാക്കി എന്ന് അറിയിച്ചിട്ടുണ്ട്.
1672 പേരാണ് ഒന്നാംഘട്ട ടീമില്‍ ഉള്ളത്. യോഗ്യത ഉണ്ടായിട്ടും പലകാരണങ്ങളാല്‍ ആരോഗ്യ രംഗത്ത് തുടരാന്‍ കഴിയാത്തവരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരും മെഡിക്കല്‍ പഠനം പൂര്‍ത്തീകരിച്ചതുമായ വിദ്യാര്‍ഥികളടങ്ങിയ മെഡിക്കല്‍ ടീമിനെയാണ് ബോര്‍ഡ് സജ്ജമാക്കിയത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ലാബ്ടെക്നീഷ്യന്‍സ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് പാസായവര്‍ എന്നിവര്‍ ടീമിലുണ്ട്.
സിഎഫ്എല്‍ടിസികളില്‍ പ്രവര്‍ത്തിക്കാനും കോവിഡ്മൂലം മരണമടഞ്ഞവരുടെ സംസ്കാരചടങ്ങുകള്‍ നടത്തുവാന്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍മാരും മെഡി ടീമില്‍ ഉണ്ടാകും. അതത് ജില്ലാ ഭരണസംവിധാനത്തിന് ടീമിന്‍റെ ലിസ്റ്റ് കൈമാറുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മുൻകൈ എടുത്ത യുവജനക്ഷേമ ബോർഡിന് അഭിനന്ദനങ്ങൾ.