സംസ്ഥാന സ്കൂൾ കായിക മേള പാലക്കാട് മുന്നിൽ:ആദ്യദിനത്തില്‍ പിറന്നത് മൂന്നു റക്കോര്‍ഡുകള്‍ മാത്രം

ആദ്യദിനത്തില്‍ പിറന്നത് മൂന്നു റക്കോര്‍ഡുകള്‍ മാത്രം

തിരുവനന്തപുരം: കൗമാരകായികമേളയില്‍ കിതച്ചും പകച്ചും മത്സരാര്‍ത്ഥികള്‍.സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യദിനത്തില്‍ പിറന്നത് മൂന്നു റക്കോര്‍ഡുകള്‍ മാത്രം. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷം പരിശീലനമില്ലാതിരുന്നതും പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര പരിശീലനം ഇല്ലാത്തും മത്സരത്തെ സാരമായി ബാധിച്ചു. ട്രാക്കില്‍ റക്കോര്‍ഡുകള്‍ പിറന്നതുമില്ല.
സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയിലാണ് ആദ്യ റക്കോര്‍ഡ് പിറന്നത്. കാസര്‍കോട് ചീമേനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഖില രാജുവിന്റെ ഡിസ്‌കില്‍ 12 വര്‍ഷത്തെ മീറ്റ് റക്കോര്‍ഡ് തകര്‍ന്നു. 2010 ല്‍ കോതമംഗലം മാര്‍ ബേയ്‌സില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലീന എലിസത്ത് േബി യുടെ 40.72 മീറ്റര്‍ റെക്കോര്‍ഡിനെ 43.40 മീറ്ററായാണ് തിരുത്തിയത്.
പിന്നാലെ ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാട്ടില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്എച്ച്എസിലെ ശിവദേവ് രാജീവ് റക്കോര്‍ഡ് ചാടിക്കടന്നു. 4.15 മീ. ആണ് പുതിയ റക്കോര്‍ഡ്. 2018 ലെ കുമരംപുതൂര്‍ കെഎച്ച്എസ്‌ലെ മുഹമ്മദ് ബാസിം സി.എയുടെ 4.06 മീ. എന്ന റക്കോര്‍ഡാണ് ശിവദേവ് തകര്‍ത്തത്. കടുത്ത മത്സരത്തിന് ഒടുവിലാണ് ശിവദേവ് റക്കോര്‍ഡിട്ടത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ദേശീയ റക്കോര്‍ഡ് തിരുത്തിയാണ് കാസര്‍കോട് സിജെജിഎച്ച്എസ്എസിലെ അനുപ്രിയ വി.എസ്. സ്വര്‍ണം നേടിയത്. 15.73 മീറ്ററിലാണ് പുതി ക്കോര്‍ഡ് പിറന്നത്. 2018ലെ മാതിരപ്പള്ളി എംഎ കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കെസിയ മറിയം ബന്നി നേടിയ 12.39 മീറ്റര്‍ ആണ് മാറ്റിയെഴുതിയത്.


ഇന്നലെ സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീ. മത്സരത്തോടെയാണ് മേളയക്ക് തുടക്കമായത്. ആദ്യമത്സരത്തില്‍ തന്നെ ട്രാക്കില്‍ പലരും കുഴഞ്ഞുവീണു. പെണ്‍കുട്ടികളുടെ മത്സരത്തിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. പെണ്‍കുട്ടികളുടെ ലോംഗ് ജമ്പില്‍ ഫൗളുകളായിരുന്നു അധികവും. ഹൈജമ്പിലും പ്രകടനം വേണ്ടത്ര ഉയര്‍ന്നില്ല. പോള്‍വാള്‍ട്ടില്‍ സീനിയര്‍ പെണ്‍കുട്ടികള്‍ക്ക് പോലും മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാനായില്ല. മത്സരങ്ങള്‍ക്ക് പലതും സബ്ജില്ലാ നിലവാരത്തില്‍ നിന്നു. അതേസമയം ത്രോ മത്സരങ്ങള്‍ നിലവാരം പുലര്‍ത്തി. മികച്ച മത്സരം കാഴ്ചവച്ചു.
ട്രാക്കില്‍ രണ്ട് ഇരട്ട സഹോദരിമാരുടെ മെഡല്‍ നേട്ടമായിരുന്നു ആദിനത്തിലെ കൗതുകക്കാഴ്ച. വൈകുന്നേരം 400 മീ. മത്സരങ്ങള്‍ക്കിടെ മഴപെയ്‌തെങ്കിലും പതറാതെ മേള തുടര്‍ന്നു. സംഘാടനത്തിലെ പിഴവുകളും കല്ലുകടിയായി. ഇന്ന് രാവിലെ 6.30 ന് ആണ്‍കുട്ടികളുടെ 5000 മീ. നടത്തത്തോടെയാണ് തുടക്കം. മേളയുടെ ഗ്ലാമര്‍ ഇനങ്ങളായ വേഗപക്ഷികളെ നിശ്ചയിക്കുന്ന 100മീ. മത്സരങ്ങളും ഇന്ന് വൈകിട്ട് 5.30 മുതല്‍ നടക്കും