‘അവതാര്‍’ അനുഭവത്തിന് ഇനിയും കാത്തിരിക്കണം

തിരുവനന്തപുരം: ലോക സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാര്‍ ദ് വേ ഓഫ് വാട്ടര്‍. ലോകസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ് നിലവില്‍ അവതാര്‍. കേരളത്തില്‍ ആദ്യത്തെ ഐമാക്സ് തീയേറ്റർ തിരുവനന്തപുരം ലുലു മാളിൽ വരുന്നതായുള്ള പ്രഖ്യാപനം ഏവർക്കും ആശ്വാസം പകരുന്നതായിരുന്നു. ഈ പ്രഖ്യാപനം സിനിമാപ്രേമികള്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഐ മാക്‌സിൽ അവതാർ റിലീസ് ഇന്ന് ഉണ്ടാകുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പ്രതീക്ഷകൾ മങ്ങുകയാണ്. ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍ ഇന്ന് തീയേറ്ററുകളിൽ എത്താനിരിക്കെ കേരളത്തിലെ ആദ്യ ഐ മാക്സില്‍ റിലീസ് ഉണ്ടാവില്ലെന്നാണ് ഏറ്റവും പുതിയ വിവരം. കാര്യമായ പരിശ്രമം നടത്തിയിട്ടും തിരുവനന്തപുരം ലുലു ഐമാക്സ് ഇന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവില്ലെന്ന് ഐമാക്സ് ഏഷ്യയുടെ തീയേറ്റർ സെയില്‍സ് വൈസ് പ്രസിഡന്‍റ് പ്രീതം ഡാനിയല്‍ ട്വിറ്ററിലൂടെ അറിയിച്ചു. തിയറ്ററുകളുടെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്നും പക്ഷേ 4-5 ദിവസങ്ങള്‍ കൂടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയിലെ ഐമാക്സ് സാധ്യതകളും സംഘം കാര്യമായി പരിശോധിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി സെന്‍റര്‍സ്ക്വയര്‍ മാളിലെ സിനിപോളിസ്, ലുലു മാളിലെ പിവിആര്‍ എന്നീ മള്‍ട്ടിപ്ലെക്സുകള്‍ ഇവര്‍ സന്ദര്‍ശിച്ചിരുന്നു. കൊച്ചിയും ഐമാക്സ് തിയറ്ററിന് പറ്റിയ നഗരമാണെന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും അവതാറിന്റെ വരവിനായി മലയാള ചലച്ചിത്ര ആസ്വാദകർക്ക് ഇനിയും കാത്തിരിക്കണം.