അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

ന്യൂയോര്‍ക്ക് : മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ ജിത്ത് സിംഗ് സന്ധുവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും അതില്‍ എംബസിക്ക് നല്‍കാന്‍ കഴിയുന്ന സഹായങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഡിഫന്‍സ്, സ്‌പേസ് മേഖലകളില്‍ നിക്ഷേപങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ അംബാസിഡര്‍ അഭിപ്രായപ്പെട്ടു. ഫാര്‍മസ്യൂട്ടിക്കല്‍ വാക്‌സിന്‍ രംഗത്തും സഹകരണത്തിന് സാധ്യതകളുണ്ട്.
ആരോഗ്യ പ്രവര്‍ത്തകരെ അമേരിക്കയിലേക്ക് അയക്കുന്നതിലും അവര്‍ക്ക് നേഴ്‌സിങ്ങ് വിദ്യാഭ്യാസം വിപുലീകരിച്ചുകൊണ്ട് നിലവാരം ഉയര്‍ത്തുന്നതിലും അമേരിക്കന്‍ കമ്പനികളുമായി സഹകരണത്തില്‍ ഏര്‍പ്പെടുന്നതിനെപ്പറ്റിയും ചര്‍ച്ച നടന്നു. ടൂറിസം മേഖലയില്‍ സഹകരണത്തിന്റെ വലിയ സാധ്യതകളാണുള്ളത്. മെഡിക്കല്‍ ടൂറിസം രംഗത്തെ സഹകരണം വഴി ആയുര്‍വേദത്തെ ഉള്‍പ്പെടെ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കും.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കന്‍ മലയാളി ഡയസ്‌പോറയിലുള്ള സര്‍വകലാശാല പ്രൊഫസര്‍മാരെ ഉള്‍പ്പെടെ സഹകരിപ്പിച്ചുകൊണ്ട് എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്നും പരിശോധിക്കും. ഐ.ടി. ഇന്നൊവേഷന്‍, സ്റ്റാര്‍ട്ട് അപ്പ്, റിന്യുവബിള്‍ എനര്‍ജി, ഗ്രീന്‍ ഹൈഡ്രജന്‍ മേഖലകളിലുമുള്‍പ്പെടെ അമേരിക്കന്‍ കമ്പനികളും കേരളവുമായുള്ള സഹകരണത്തെ കുറിച്ചും ചര്‍ച്ച നടന്നു.
കേരളത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യന്‍ അംബാസിഡര്‍ വാഗ്ദാനം ചെയ്തു. കേരളത്തില്‍ കൂടുതല്‍ അമേരിക്കന്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാനും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനുമാവശ്യമായ നടപടികളെടുക്കാനും എംബസി പിന്തുണ വാഗ്ദാനം നല്‍കി. അതിനാവശ്യമായ എല്ലാ നടപടികളും കേരള ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, ധനകാര്യ (റിസോഴ്‌സസ്) വകുപ്പ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി മുഹമ്മദ് വൈ സഫിറുള്ള, കെ.എസ്.ഐ.ഡി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു. ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്യുന്ന മലയാളി ഉദ്യോഗസ്ഥരായ സ്റ്റീഫന്‍ മണി, സുജ മേനോന്‍, അബു മാത്തന്‍ എന്നിവരും സന്നിഹിതരായിരുന്നു.