പ്രവാസികള്‍ സമര്‍പ്പിച്ച മൂര്‍ത്തമായ എല്ലാ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി

കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ കേരളീയരുടെയും കൂട്ടായ്മയും പുരോഗതിയും ഉറപ്പുവരുത്താനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രവാസി മലയാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി നോര്‍ക്ക വകുപ്പിന്റെ നേതൃത്വത്തില്‍ നോര്‍ക്ക റൂട്ട്‌സും പ്രവാസി ക്ഷേമനിധി ബോര്‍ഡും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം
ന്യൂയോര്‍ക്ക്: പ്രവാസികള്‍ സമര്‍പ്പിച്ച മൂര്‍ത്തമായ എല്ലാ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നടനടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ലോക കേരളസഭ മുതല്‍ തുടര്‍ച്ചയായി ഉന്നയിക്കപ്പെട്ട വിഷയമായിരുന്നു റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കുള്ള പരാതികള്‍ പരിഹരിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം. പ്രധാനമായും അമേരിക്കയിലെ പ്രതിനിധികളായിരുന്നു ഇത് ഉന്നയിച്ചത്. ഇക്കഴിഞ്ഞ മേയ് 17 ന് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവാസികളുടെ റവന്യൂ പരാതികള്‍ സ്വീകരിക്കാന്‍ ‘പ്രവാസി മിത്രം’ എന്ന പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു, ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം ലോക കേരളസഭയില്‍ ഉയര്‍ന്ന ഏറ്റവും പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്ന് പ്രവാസികളുടെ വിവരശേഖരണത്തിനായി ഒരു ഡിജിറ്റല്‍ ഡേറ്റ പ്ലാറ്റ്‌ഫോം രൂപീകരിക്കുക എന്നതായിരുന്നു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നോര്‍ക്ക റൂട്‌സ് നിര്‍മ്മിക്കുന്ന പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും . മൂന്നാം ലോക കേരളസഭയില്‍ ഉയര്‍ന്നുവന്ന പ്രവാസികള്‍ക്കായുള്ള സമഗ്ര ഇന്‍ഷുറന്‍സ് സംവിധാനമൊരുക്കലും അതിന്റെ അവസാനഘട്ടത്തിലാണെന്നും ഇത്തരത്തില്‍ പ്രവാസികള്‍ സമര്‍പ്പിച്ച മൂര്‍ത്തമായ എല്ലാ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ കേരളീയരുടെയും കൂട്ടായ്മയും പുരോഗതിയും ഉറപ്പുവരുത്താനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രവാസി മലയാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി നോര്‍ക്ക വകുപ്പിന്റെ നേതൃത്വത്തില്‍ നോര്‍ക്ക റൂട്ട്‌സും പ്രവാസി ക്ഷേമനിധി ബോര്‍ഡും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.രണ്ടാം ലോക കേരളസഭയില്‍ ഉയര്‍ന്നുവന്ന മറ്റൊരു നിര്‍ദ്ദേശമാണ് നാട്ടില്‍ തിരികെയെത്തുന്ന പ്രവാസികള്‍ക്കായുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്. അതും സജ്ജമാണ് . തിരികെയെത്തിയവര്‍ക്കും നിലവില്‍ വിദേശത്ത് ഉള്ളവര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
62 വിദേശ രാജ്യങ്ങളില്‍ നിന്നും 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 648 ശുപാര്‍ശകളാണ് ആ സമ്മേളനത്തില്‍ ഉയര്‍ന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ കൂടിയാലോചിച്ച് അവയുടെ അവലോകനം നടത്തുകയും പ്രായോഗികതയുടെ അടിസ്ഥാനത്തില്‍ അവയെ 67 ആക്കി ചുരുക്കുകയും ചെയ്തു. 11 വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
56 ശുപാര്‍ശകള്‍ അതതു വകുപ്പുകളുടെ പരിഗണനയിലാണ്. ലോക കേരളസഭയുടെ സെക്രട്ടേറിയേറ്റ് ഒരു ഇംപ്ലിമെന്റേഷന്‍ ഏജന്‍സി അല്ലാത്തതിനാല്‍ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ശുപാര്‍ശകള്‍ കൈകാര്യം ചെയ്തുവരുന്നത്. ലോക കേരളസഭയുടെയും മേഖലാ സമ്മേളനങ്ങളുടെയും വിവിധ ശുപാര്‍ശകള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി അതാത് വകുപ്പുകളില്‍ ഡെപ്യൂട്ടി / അണ്ടര്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്. ആ നിലയ്ക്ക് സമ്മേളനങ്ങളില്‍ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും ഇതര ക്ഷേമ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതുപോലെ പ്രാധാന്യമുള്ളതാണ് സുരക്ഷിത കുടിയേറ്റം ഉറപ്പുവരുത്താന്‍ നടത്തുന്ന ഇടപെടലുകള്‍. നോര്‍ക്ക റൂട്ട്‌സിന്റെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്റ് വിഭാഗം നിയമപരവും സുതാര്യവും സുരക്ഷിതവുമായ മാര്‍ഗ്ഗങ്ങളിലൂടെ വിദേശത്തേക്ക് കുടിയേറ്റം നടത്താന്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നുണ്ട്. പരമ്പരാഗത ലക്ഷ്യസ്ഥാനങ്ങളായ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാറി യൂറോപ്പില്‍ ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ നോര്‍ക്ക റൂട്ട്‌സിനു സാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ് പോലെ തന്നെ ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്ന സ്ഥാപനങ്ങളാണ് പ്രവാസി ക്ഷേമനിധി ബോര്‍ഡും മലയാളം മിഷനും. ക്ഷേമനിധി അംഗങ്ങളുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക് ഉയര്‍ത്താനും സംസ്ഥാന വികസനത്തിനു മുതല്‍ക്കൂട്ടാകുന്ന പ്രവാസി ഡിവിഡന്റ് പദ്ധതി വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനും ക്ഷേമനിധി ബോര്‍ഡിനു സാധിക്കുന്നുണ്ട്. പ്രവാസി കേരളീയര്‍ക്കുള്ള ക്ഷേമ പരിപാടികള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായും പ്രവാസി നിക്ഷേപങ്ങള്‍ ഫലപ്രദമായി നാടിന്റെ പൊതുവായ വികസനത്തിനായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായും കേരള സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് ‘പ്രവാസി ഡിവിഡന്റ് പദ്ധതി’. നിലവില്‍ പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ നിക്ഷേപം മുന്നൂറു കോടി കവിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മാതൃഭാഷ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഭാഷയുടെ വളര്‍ച്ച സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് വലിയ സംഭാവനയാണ് നല്‍കുന്നത്. ആ നിലയ്ക്ക് വലിയൊരു ദൗത്യമാണ് മലയാളമിഷന്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാളഭാഷയുടെ പ്രചരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ പ്രവാസികളുടെ ഇടയില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇന്ത്യയുടെ 24 സംസ്ഥാനങ്ങളിലും ലോകത്താകെയുള്ള 43 രാജ്യങ്ങളിലുമായാണ് മലയാളം മിഷന്‍ പ്രവര്‍ത്തിച്ചുവരുന്നത്. 50,000ത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായും മലയാളം മിഷന്‍ ആപ്പ് മുഖേനയും പഠിതാക്കളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കൊണ്ട് പ്രവാസി വകുപ്പിനുള്ള ബജറ്റ് വിഹിതത്തില്‍ അഞ്ചിരട്ടി വര്‍ദ്ധനയാണ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിട്ടുള്ളത്. തിരികെയെത്തിയ പ്രവാസികള്‍ക്കുള്ള പ്രധാന പുനരധിവാസ പദ്ധതിയായ എന്‍ഡിപ്രേം വഴി 6,600 ല്‍ അധികം സംരംഭങ്ങള്‍ ഇതിനോടകം വിജയകരമായി ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.