വിഴിഞ്ഞം സമരസമിതിയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും: മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. വിഴിഞ്ഞം വിഷയത്തില്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇത് അറിയിച്ചത്.
കടലാക്രമണത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വാടക വീടുകളിലേക്ക് മാറി താമസിക്കാന്‍ ആവശ്യമായ വാടകതുക നിശ്ചയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ അധ്യക്ഷനും ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറും മറ്റു ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിയെ നിയോഗിച്ചു. ആഗസ്റ്റ് 27 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയോട് നിര്‍ദ്ദേശിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവും സമരസമിതി നേതാക്കളും ഫിഷറീസ് സെക്രട്ടറി കെ എസ് ശ്രീനിവാസ് ഉള്‍പ്പെടെയുള്ളവരും യോഗത്തില്‍ പങ്കെടുത്തു. കാലാവസ്ഥ മുന്നറിയിപ്പ് മൂലം മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ കഴിയാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഫിഷറീസ് ഡയറക്ടറെ ചുമതലപ്പെടുത്തി. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ വിതരണത്തിലെ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ മത്സ്യഫെഡിന് മണ്ണെണ്ണ വിതരണത്തിനുള്ള അനുമതി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രുപാലയെ മന്ത്രി അബ്ദുറഹിമാന്‍ സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തില്‍ കേരള തീരമേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
തിരുവനന്തപുരം മുതലപ്പൊഴി ഫിഷിങ്ങ് ഹാര്‍ബര്‍ നിര്‍മ്മാണത്തിലെ അപാകതകള്‍ സംബന്ധിച്ച് പഠനം നടത്തി തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായവും കണക്കിലെടുത്ത് ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കും. ഇതിനായി ഹാര്‍ബര്‍ എന്‍ജിനിയറിങ്ങ് വകുപ്പ് ചീഫ് എന്‍ജിനിയറെ ചുമതലപ്പെടുത്തി. പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വലിയതുറയില്‍ 192 ഫഌറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഭൂമി കൈമാറ്റ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രിതല യോഗം ഈ മാസം 22 ന് തിരുവനന്തപുരത്ത് ചേരുമെന്ന് മന്ത്രി അറിയിച്ചു. സമരസമിതി ജനറല്‍ കണ്‍വീനര്‍ യുജിന്‍ എച്ച് പെരേര, ഫാദര്‍ ജയിംസ് കുലാസ്, ഫാദര്‍ തിയാദാതിയോസ് ഡിക്രൂസ്, ഫാദര്‍ ഹൈസിന്ത് എം നായകം, ഫാദര്‍ ഷാജിന്‍ ജോസ്, ഫാദര്‍ മൈക്കിള്‍ തോമസ്, ഫാദര്‍ ജോണ്‍ ബോസ്‌കോ, പാട്രിക് മൈക്കിള്‍, . നിക്‌സണ്‍ ലോപ്പസ്, ജോയ്, ഫിഷറീസ് ഡയറക്ടര്‍ അദീല അബ്ദുള്ള, ജില്ലാ കലക്ടര്‍ ജറോമിക് ജോര്‍ജ്ജ്, എ ഡി എം അനില്‍ ജോസ്, ഹാര്‍ബര്‍ എന്‍ജിനിയറിങ്ങ് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ബാലകൃഷ്ണന്‍, സൂപ്രണ്ടിങ്ങ് എന്‍ജിനിയര്‍ ലോട്ടസ്, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എച്ച് സലിം, ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ എ പി ഷീജ മേരി, ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ (പി ഐ യു) എസ് സന്തോഷ് കുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു