വന്‍ ജനത്തിരക്കില്‍ അവസാനദിനങ്ങള്‍; ബിനാലെയില്‍ സംഗീത രാവ്, പരിസ്ഥിതി നാടക ശില്‍പശാല

കൊച്ചി: അവസാന നാളുകളിലേക്ക് കടന്ന കൊച്ചി മുസിരിസ് ബിനാലെയില്‍ വന്‍തിരക്ക്. പ്രമുഖരും കുട്ടികളും ഉള്‍പ്പെടെ ആബാലവൃദ്ധമാണ് കടുത്ത വേനല്‍ച്ചൂടിലും ലോക കലാപ്രദര്‍ശനം കാണാന്‍ എമ്പാടുനിന്നുമായി ഒഴുകിയെത്തുന്നത്. ഈ മാസം പത്ത് കഴിഞ്ഞാല്‍ പിന്നെ മറ്റൊരു സമകാലീന കലാ മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ രണ്ടുവര്‍ഷം കാത്തിരിക്കണമെന്നതിനാല്‍ മധ്യവേനല്‍ അവധിക്കാലം ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ ബിനാലെയില്‍ വലിയ തോതില്‍ തിരക്കേറി. പ്രവേശനം സൗജന്യമായിരുന്ന കഴിഞ്ഞ തിങ്കളാഴ്ചയില്‍ മാത്രമല്ല തുടര്‍ ദിവസങ്ങളിലും പ്രദര്‍ശനം കാണാനെത്തുന്നവരുടെ എണ്ണം അഭൂതപൂര്‍വ്വം വര്‍ധിച്ചു. ബിനാലെ തീരുന്ന ഏപ്രില്‍ പത്ത് തിങ്കളാഴ്ചയും പ്രവേശനം സൗജന്യമാണ്. പിന്നണി ഗായിക സിത്താരയുടെ സംഗീത പരിപാടിയോടെ തിങ്കളാഴ്ച വൈകിട്ട് ഏഴിന് ഡര്‍ബാര്‍ ഹാള്‍ മൈതാനത്താണ് ബിനാലെയുടെ 109 ദിവസത്തെ അഞ്ചാം പതിപ്പിന് കൊടിയിറങ്ങുന്നത്.
നാളെ മ്യൂസിക് ഓഫ് മുസിരിസിന്റെ ഭാഗമായി ന്യൂദല്‍ഹി ബീഗം ബാന്‍ഡിന്റെയും ലിഫാഫയുടെയും സംഗീതാവതരണം ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍യാര്‍ഡില്‍ നടക്കും. വൈകിട്ട് ഏഴുമുതല്‍ ബീഗം ബാന്‍ഡിന്റെയും 9.30മുതല്‍ ലിഫാഫയുടെയും പരിപാടി അരങ്ങേറും. പ്രവേശന ടിക്കറ്റുകള്‍ https://in.bookmyshow.com/events/kochi-muziris-biennale-2022-23/ET00346370 എന്ന ലിങ്കില്‍ ബുക്ക് മൈ ഷോ ആപ്പിലും ലഭിക്കും.
എബിസി ആര്‍ട്ട്‌റൂമില്‍ ‘കലയും കാലാവസ്ഥയും’ പരിസ്ഥിതി ശില്‍പശാല നാളെ രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ നടക്കും. ഇന്‍സൈഡ് ഔട്ട് പെര്‍ഫോമന്‍സ് കളക്റ്റീവിന്റെ ദേവേന്ദ്രനാഥ് ശങ്കരനാരായണന്‍ നേതൃത്വം നല്‍കുന്ന ശില്‍പശാല കാലാവസ്ഥ മാറ്റത്തിന്റെ പരിപ്രേക്ഷ്യത്തില്‍ സുസ്ഥിര ഭാവിക്കായി മനുഷ്യ പ്രകൃതി ബന്ധത്തില്‍ പുലരേണ്ടതെന്തെല്ലാം എന്ന അവലോകനവും നിലവിലെ സ്ഥിതിയുടെ പുനര്‍ മൂല്യനിര്‍ണ്ണയവുമാണ് ലക്ഷ്യമിടുന്നത്. പ്രശസ്തമായ മൂന്നു വിദേശ സര്‍വ്വകലാശാലകളില്‍ നിന്ന് ഇന്റര്‍നാഷണല്‍ പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ബിരുദാനന്തര ബിരുദം നേടിയ ദേവേന്ദ്രനാഥ് ഈ രംഗത്തെ അറിയപ്പെടുന്ന ഗവേഷകനും നടനും നാടക അഭിനയ പരിശീലകനുമാണ്. ബിനാലെ കൊളാറ്ററല്‍ പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര സംഘടനയായ ഇന്‍സ്റ്റിറ്റിയൂട്ട് ബി 61 ഒരുക്കുന്ന കലയും ഭാവനയും ശാസ്ത്രവും സമന്വയിക്കുന്ന ‘എക്‌സ്‌പെരിമെന്റ്‌സ് വിത്ത് ഇമാജിനേഷന്‍’ എന്ന പ്രത്യേക പ്രദര്‍ശനത്തിനു തുടക്കമായി. ഈ മാസം പത്തുവരെ മട്ടാഞ്ചേരി മുഹമ്മദ് അലി വെയര്‍ഹൗസില്‍ രാവിലെ 10.07 മുതല്‍ വൈകിട്ട് 7.07 വരെയാണ് പ്രദര്‍ശനം. ദിവസവും വൈകിട്ട് 7.37മുതല്‍ 8.33വരെ കലാ ശാസ്ത്ര അവതരണങ്ങളുമുണ്ടാകും.