ഫിസിക്കല്‍, ഡിജിറ്റല്‍ കണക്റ്റിവിറ്റിക്ക് ഇന്ത്യ തുല്യപ്രാധാന്യം നല്‍കുന്നുപ്രധാനമന്ത്രി
വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തിന്
കുതിപ്പേകും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഫിസിക്കല്‍ കണക്റ്റിവിറ്റി പോലെ ഡിജിറ്റല്‍ കണക്റ്റിവിറ്റിക്കും ഊന്നല്‍ നല്‍കുന്ന വികസന മാതൃകയാണ് രാജ്യം പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെക്നോപാര്‍ക്ക് ഫേസ് ഫോറിന്റെ ഭാഗമായി 1500 കോടി ചെലവില്‍ കേരള സര്‍ക്കാര്‍ തിരുവനന്തപുരത്ത് നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കി രാജ്യത്തിന്റെ പുരോഗതി ഉറപ്പാക്കാന്‍ ഫിസിക്കല്‍ കണക്റ്റിവിറ്റിയും ഡിജിറ്റല്‍ കണക്റ്റിവിറ്റിയും വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, സംസ്‌കാരം, സാങ്കേതിക പുരോഗതി എന്നിവയിലെ കേരളത്തിന്റെ നേട്ടങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി, ആഗോളശ്രദ്ധ ആകര്‍ഷിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ വികസനം കൂടുതല്‍ കരുത്ത് പകരുമെന്ന് പറഞ്ഞു.
ഡിജിറ്റല്‍ ഇന്ത്യ മാതൃകയെ ലോകം വിസ്മയത്തോടെയാണ് വീക്ഷിച്ചത്. ഇന്ത്യ തദ്ദേശീയമായി തയ്യാറാക്കിയ 5 ജി സാങ്കേതികവിദ്യയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കി വരുന്നു. ഇതിലൂടെ പുതിയ ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ കണ്ടെത്തുന്നതിനുള്ള വഴി തുറക്കുകയാണ്. ജാതി, മത, വര്‍ണ ഭേദമില്ലാതെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ക്ക് ഡിജിറ്റല്‍, ഫിസിക്കല്‍ കണക്റ്റിവിറ്റിയുടെ പ്രയോജനങ്ങള്‍ ലഭിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിന്റെ സംസ്‌കാരവും കാലാവസ്ഥയും ഭക്ഷണവൈവിധ്യവും സവിശേഷമാണ്. ഈയിടെ കുമരകത്ത് നടന്ന ജി 20 യോഗം സംസ്ഥാനത്തിന്റെ ഈ വൈവിധ്യം അനുഭവിക്കാനുള്ള സാധ്യത ലോകത്തിന് മുന്നില്‍ തുറന്നിടാന്‍ അവസരമൊരുക്കി. കേരളത്തിന്റെ വികസനം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഉത്തേജനമേകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ശാസ്ത്ര സാങ്കേതിക – വിവര സാങ്കേതികവിദ്യ രംഗങ്ങളില്‍ നൂതനവൈദഗ്ധ്യമുള്ള സ്ഥാപനങ്ങള്‍ക്ക് കേരളത്തില്‍ തുടക്കം കുറിക്കുകയാണ്. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് അത്തരത്തിലുള്ള ഒന്നാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ മള്‍ട്ടി ഡിസിപ്ലിനറി ഇന്നവേഷന്‍ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമായാണ് ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ടെക്‌നോപാര്‍ക്കും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും യാഥാര്‍ഥ്യമാക്കിയ കേരളത്തില്‍ തന്നെയാണ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും സ്ഥാപിതമാവുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ മുന്‍കൈയ്യിലുള്ള ഈ സ്ഥാപനം കേരളത്തിന് മാത്രമല്ല, ഇന്ത്യയ്ക്കാകെ അഭിമാനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിന്റെ നാലാം ഘട്ടമായ പള്ളിപ്പുറം ടെക്‌നോസിറ്റിയിലുള്ള ഡിജിറ്റല്‍ സര്‍വ്വകലാശാലയോട് ചേര്‍ന്ന് 1,500 കോടി രൂപ മുതല്‍മുടക്കില്‍ 13.93 ഏക്കറിലായാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനുള്ള പ്രാരംഭ മുതല്‍മുടക്കായി 2022-23 ബജറ്റില്‍ കേരള സര്‍ക്കാര്‍ 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍ഡസ്ട്രി, ഡിജിറ്റല്‍ ആപ്ലിക്കേഷന്‍സ്, ഡിജിറ്റല്‍ എന്റപ്രണര്‍ഷിപ്പ്, ഡിജിറ്റല്‍ ഡീപ് ടെക്ക് എന്നീ മേഖലകളിലായിരിക്കും പാര്‍ക്ക് ശ്രദ്ധയൂന്നുന്നത്.
ഉന്നത വിദ്യാഭ്യാസ, ഗവേഷണ, വ്യവസായ സ്ഥാപനങ്ങള്‍ സയന്‍സ് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. അവയ്‌ക്കെല്ലാം ഇതിന്റെ ഗുണഫലം ലഭിക്കും. പാര്‍ക്കിന്റെ വികസനവുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റര്‍, ഓക്സ്ഫഡ്, എഡിന്‍ബറോ സര്‍വ്വകലാശാലകള്‍ ഇതിനോടകം തന്നെ ഡിജിറ്റല്‍ സര്‍വ്വകലാശാലയുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇതില്‍ നിന്നു തന്നെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് രാജ്യത്തിന്റെയാകെ ഭാവിക്ക് മുതല്‍ക്കൂട്ടാകുമെന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭാവിയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് കേരളത്തിന്റെ വികസനത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് സമ്മേളനത്തെ സ്വാഗതം ചെയ്ത കേന്ദ്ര റെയില്‍വേ കമ്മ്യൂണിക്കേഷന്‍സ് ഇലക്ട്രോണിക്സ് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പത്ത് വര്‍ഷം മുമ്പ് ഇന്ത്യയില്‍ ഏകദേശം 400-500 സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 90,000 ആയി മാറിയെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു, സംസ്ഥാന റെയില്‍വേ മന്ത്രി വി. അബ്ദുറഹിമാന്‍, ഡോ. ശശി തരൂര്‍ എം.പി എന്നിവര്‍ പങ്കെടുത്തു.
മള്‍ട്ടി ഡിസിപ്ലിനറി ക്ലസ്റ്റര്‍ അധിഷ്ഠിത ഇന്ററാക്റ്റീവ് – ഇന്നൊവേഷന്‍ കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ നൂതന ദര്‍ശനത്തോടെയാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സയന്‍സ് പാര്‍ക്ക് സര്‍വകലാശാലകള്‍, വ്യവസായം, സര്‍ക്കാര്‍ എന്നിവ തമ്മിലുള്ള ആശയവിനിമയം വികസിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യും. വ്യവസായ-ബിസിനസ് യൂണിറ്റുകള്‍ക്കും ഇന്‍ഡസ്ട്രി 4.0, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, സ്മാര്‍ട്ട് ഹാര്‍ഡ്വെയര്‍, സുസ്ഥിര-സ്മാര്‍ട്ട് മെറ്റീരിയലുകള്‍ തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തിനും സൗകര്യമൊരുക്കും.
നിര്‍ദിഷ്ട പാര്‍ക്കില്‍ തുടക്കത്തില്‍ രണ്ട് കെട്ടിടങ്ങളാണ് ഉണ്ടാകുക. രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലായിരിക്കും ഇത്. ഒന്നര ലക്ഷം ചതുരശ്രയടിയുള്ളതാണ് ആദ്യ കെട്ടിടം. ആദ്യത്തെ കെട്ടിടത്തില്‍ റിസര്‍ച്ച് ലാബുകളും ഡിജിറ്റല്‍ ഇന്‍കുബേറ്ററും ഉള്‍പ്പെടെ അഞ്ച് നിലകളും ഹൗസിംഗ് സെന്റര്‍ ഓഫ് എക്സലന്‍സസും ഉണ്ടായിരിക്കും. രണ്ടാമത്തെ കെട്ടിടത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് സെന്റര്‍, ഡിജിറ്റല്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ എന്നിവയായിരിക്കും. ടെക്നോപാര്‍ക്കിലെ കബനി കെട്ടിടത്തില്‍ നിന്ന് വാടകയ്ക്ക് എടുത്ത 10,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിന്നാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.