വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധം
ഒന്നാം ക്ലാസില്‍ നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രാഥമിക കണക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. 42.9 ലക്ഷം വിദ്യാര്‍ഥികളും 1.8 ലക്ഷം അധ്യാപകരും കാല്‍ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസില്‍ നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രാഥമിക കണക്ക്. സംസ്ഥാന ജില്ലാ, ഉപജില്ലാ സ്‌കൂള്‍ തലങ്ങളില്‍ പ്രവേശനോത്സവം നടക്കും. വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌ക്ക് ധരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചു.
സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒന്നാം വാള്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും എത്തിച്ചിട്ടുണ്ട്. പി.എസ്.സി നിയമനമം ലഭിച്ച 353 അധ്യാപകര്‍ പുതിയതായി ജോലിക്ക് കയറും. സ്‌കൂളിന് മുന്നില്‍ പൊലീസ് സഹായം ഉണ്ടാകും. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. റോഡില്‍ തിരക്കിന് സാധ്യതയുള്ളതിനാല്‍ പൊലീസ് സഹായം അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളിന് സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍, ട്രാഫിക് മുന്നറിയിപ്പുകള്‍ എന്നിവ സ്ഥാപിക്കണം. സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും സഹായം തേടിയിട്ടുണ്ട്. സ്‌കൂള്‍ പരിസരത്തെ കടകളില്‍ പരിശോധന നടത്തും. സ്‌കൂളിനു മുന്നില്‍ രാവിലെയും വൈകിട്ടും പൊലീസുകാരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പില്‍ 312.88 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി
പൊതുവിദ്യാഭ്യാസ വകുപ്പില്‍ 312.88 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സൗജന്യ സ്‌കൂള്‍ യൂണിഫോമിന് 140 കോടിയാണ് അനുവദിച്ചത്.
മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം 288 സ്‌കൂളുകള്‍ക്ക് അനുവദിച്ചു. ഇ-ഗവേണന്‍സിന് 15 കോടി രൂപ അനുവദിച്ചു. ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ലാബ് നവീകരണത്തിന് 10 കോടിയും ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ലാബ് ഉപകരണങ്ങല്‍, ഫര്‍ണിച്ചര്‍, ലൈബ്രറി പുസ്തകങ്ങള്‍ എന്നിവയ്ക്ക് 9 കോടിയും കേരളാ സ്‌കൂള്‍ കലോത്സവത്തിന് 6.7 കോടിയും ഹയര്‍ സെക്കന്ററി അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് 7.45 കോടിയും മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂള്‍, പ്രത്യേക വൈകല്യമുള്ളവരെ ഉള്‍ക്കൊള്ളുന്ന മാതൃകാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിന് 5 കോടിയും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 7 കോടിയും കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്തുന്നതിന് 5 കോടിയും ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി കേന്ദ്രീകൃത പരിപാടിക്ക് 7.75 കോടിയും ശ്രദ്ധ – സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളില്‍ 3 മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് 1.8 കോടിയും സ്‌കൂള്‍ വിദ്യാഭ്യാസം – ആധുനികവല്‍ക്കരണത്തിന് 1.2 കോടിയും അധ്യാപക രക്ഷകര്‍ത്തൃ സമിതികള്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ക്കായി (പിറ്റിഎ) 90 ലക്ഷവും ഗ്രീന്‍ ഓഫീസ്, സ്മാര്‍ട്ട് ഓഫീസ് – ഓഫീസുകളെ ഹരിതവല്‍ക്കരിക്കല്‍ – ഉദ്യാനങ്ങള്‍ മനോഹരമാക്കല്‍ – മാലിന്യനിര്‍മ്മാര്‍ജ്ജനം 50 ലക്ഷവും വായനയുടെ വസന്തം – വായനാശീലം വളര്‍ത്തുന്നതിന് 50 ലക്ഷവും അനുവദിച്ചു.
സ്‌കൂള്‍ സോഷ്യല്‍ സര്‍വ്വീസ് സ്‌കീമിന് 40 ലക്ഷം രൂപയാണ് അനുവദിച്ചത്. ഫോക്കസ് സ്‌കൂള്‍ പഠനനിലവാരം കുറഞ്ഞ സ്‌കൂളുകളിലെ നിലവാരം മെച്ചപ്പെടുത്തുന്നതിന് 40 ലക്ഷവും സ്പെഷ്യല്‍ സ്‌കൂളിലെ അധ്യാപകരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും രണ്ട് കോടിയും ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ്, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് എന്നിവ നവീകരിക്കുന്നതിന് 1.20 കോടിയും അനുവദിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 44 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.