ജില്ലയില്‍ മുസ്‌ലിം ലീഗിന്റെ ജനകീയ അടിത്തറ വിപുലമാക്കാന്‍ നൂതന കര്‍മപദ്ധതികൾ : പ്രസിഡന്റ് നൗഷാദ് യൂനുസ്

മുസ്‌ലിം ലീഗിന് തീവ്രത പോരാ എന്ന ആശയം ഉയര്‍ത്തി ഒട്ടേറെ പ്രസ്ഥാനങ്ങള്‍ കടന്നുവന്നു. എല്ലാകാലത്തും പക്വതയുള്ള രാഷ്ട്രീയ നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചിട്ടുള്ളത്. തീവ്രവാദ നിലപാടുകളെ പാര്‍ട്ടി ഒരുരത്തിലും പ്രോത്സാഹിപ്പിക്കില്ല. അത്തരം പ്രസ്ഥാനങ്ങളിലേക്ക് വഴി തെറ്റി പോകുന്ന യുവാക്കളെ നേരിന്റെ രാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കും.

കൊല്ലം: ജില്ലയില്‍ മുസ്‌ലിം ലീഗിന്റെ ജനകീയ അടിത്തറ വിപുലമാക്കാന്‍ നൂതന കര്‍മപദ്ധതികൽ ആവിഷ്‌കരിച്ച് പ്രവര്‍ത്തിക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്. കൊല്ലം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിലെ രണ്ടാം കക്ഷിയാണ് മുസ്‌ലിം ലീഗ്. ജില്ലയില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ യു.ഡി.എഫിലെ ഏതെങ്കിലും പാര്‍ട്ടി ശ്രമിച്ചതായി കരുതുന്നില്ല. മുതലാളി തൊഴിലാളി പ്രചാരണങ്ങള്‍ നടത്തി തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ എല്‍.ഡി.എഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിട്ടുണ്ട്. നിയസഭാ തിരഞ്ഞെടുപ്പില്‍ ഏത് സീറ്റില്‍ പാര്‍ട്ടി മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കും.

സി.എച്ച് മുഹമ്മദ് കോയ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ എ.യൂനുസ്‌കുഞ്ഞ് പരിശ്രമം നടത്തിയാണ് കശുവണ്ടി തൊഴിലാളികള്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ നടപ്പിലാക്കിയത്. തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ മുതലാളി മുദ്രാവാക്യം മുഴക്കിയവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു.

മുസ്‌ലിം ലീഗിന് തീവ്രത പോരാ എന്ന ആശയം ഉയര്‍ത്തി ഒട്ടേറെ പ്രസ്ഥാനങ്ങള്‍ കടന്നുവന്നു. മുസ്‌ലിം ലീഗ് എല്ലാകാലത്തും പക്വതയുള്ള രാഷ്ട്രീയ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. തീവ്രവാദ നിലപാടുകളെ പാര്‍ട്ടി ഒരുരത്തിലും പ്രോത്സാഹിപ്പിക്കില്ല. അത്തരം പ്രസ്ഥാനങ്ങളിലേക്ക് വഴി തെറ്റി പോകുന്ന യുവാക്കളെ നേരിന്റെ രാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കും.
രാജ്യം വര്‍ഗീയ ധ്രുവീകരണത്തിന്റെ മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പിന്നാക്ക ന്യൂനപക്ഷങ്ങളും വിശിഷ്യ മുസ്‌ലിംങ്ങളും നേരിടുന്ന പ്രശ്‌നങ്ങള്‍ മതനിരപേക്ഷ ഐക്യത്തിലൂടെ മാത്രമെ പരിഹരിക്കാന്‍ കഴിയുകയുള്ളു. മതേതര ചിന്താഗതിക്കാരെ ഒരുമിപ്പിക്കാനാണ് മുസ്‌ലിം ലീഗ് പരിശ്രമിക്കുന്നത്.വര്‍ഗീയ ധ്രുവീകരണത്തിനെതിരെ മുസ്‌ലിം ലീഗിന്റെ നിലപാടുകള്‍ക്ക് എന്നും പ്രസക്തിയുണ്ട്. പൊതുസമൂഹം ലീഗിന്റെ നിലപാടുകളെ പ്രശംസിച്ചിട്ടുണ്ട്.

എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. എം.എസ്.എഫിലും യൂത്ത് ലീഗിലും മുസ്‌ലിം ലീഗിലും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജി.ബിജു അധ്യക്ഷനായി. സെക്രട്ടറി സനല്‍ ഡി. പ്രേം ഉപഹാരം നല്‍കി ആദരിച്ചു. ട്രഷറര്‍ സുജിത്ത് സുരേന്ദ്രന്‍ നന്ദി പറഞ്ഞു.