ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസ് ഇനി ദീപ്തമായ ഒരോർമ

തന്റെ മുൻഗാമികളുടെ പ്രവർത്തനങ്ങൾക്കൊത്തവിധം ഉയരാൻ സാധിക്കുമോ എന്ന ഭയാശങ്ക ഉണ്ടായിരുന്നുവെങ്കിലും മാനുഷികമായ ആ ചിന്തകൾക്ക് യാതൊരു പ്രസക്തിയുമില്ല എന്ന് കാലം തെളിയിച്ചു. വലിയ മരിയഭക്തനായിരുന്ന ജോസഫ് പിതാവ് പരിശുദ്ധ അമ്മയിൽ വിളങ്ങിനിന്ന വിനയമെന്ന പുണ്യം ജോസഫ് പിതാവിന്റെ ദാർശിനിക ഭാവമായിരുന്നു. ആ വിനയമാണ് അദ്ദേഹത്തെ മെത്രാൻ പദവിയിലേക്ക് ഉയർത്തിയത്.

 

കൊല്ലം: കൊല്ലം രൂപത ബിഷപ്പ് ആയിരുന്ന ജോസഫ് ജി. ഫെർണാണ്ടസ് ഇനി ദീപ്തമായ ഓർമ. തന്റെ ഇരുപത്തിമൂന്നു വർഷത്തെ മേൽപ്പട്ട പൗരോഹിത്യ ശുശ്രൂഷ കാലയളവിലും എഴുപത്തിനാലു വർഷത്തെ പൗരോഹിത്യ ജീവിതത്തിലും വലിയ ശ്രഷ്ഠത അവകാശപ്പെടാനോ, അംഗീകാരങ്ങൾ നേടിയെടുക്കാനോ പരിശ്രമിയ്ക്കാതെ ഞാൻ ദാസൻ കടമകൾ നിർവ്വഹിച്ചതേയുള്ളൂ എന്ന ആത്മസംതൃപ്തിയോടെ പരമപിതാവിന്റെ സന്നിധിയിലേക്കു മടങ്ങുകയാണ് ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസ്.

1978 മാർച്ച് 30-നു കൊല്ലം രൂപതാ ബിഷപ്പ് ആയി നിയോഗിതനായി. 1978 മേയ് 14-ന് അഭിവന്ദ്യ ജെറോം ഫെർണാണ്ടസ് പിതാവിൽ നിന്നും മെത്രാഭിഷേകം സ്വീകരിച്ചു. 2001 ഡിസംബർ 16-ാം തീയതി രൂപതാഭരണത്തിൽ നിന്നും പടിയിറങ്ങി.

മരുതൂർകുളങ്ങര ഇടവകയിൽ, പണ്ടാരതുരുത്തിൽ ഗബ്രിയേൽ ഫെർണാൻസ് – ജോസഫിനാ ദമ്പതികളുടെ മകനായി 1925 സെപ്റ്റംബർ 16-ാം തീയതി ജനനം. സഹോദരങ്ങൾ ജയിൻ, കട്ട്, റിച്ചാർഡ്, സ്റ്റെല്ല, സിസ്റ്റർ ഇവാൻജലിൻ. സ്കൂൾ വിദ്യാഭ്യാസം ചെറിയഴീക്കൽ, കോവിൽത്തോട്ടം, ശങ്കരമംഗലം, കൊല്ലം സെന്റ് അലോഷ്യസ് സ്കൂളുകളിൽ. ഇടവക വികാരി റവ. ഫാദർ മൈക്കിൾ നെറ്റോയുടെ പ്രോൽസാഹനത്തോടെ 1939-ൽ കൊല്ലം സെന്റ് റഫേൽ സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയായി ചേർന്നു. തുടർന്ന് 1942-ൽ കൊല്ലം സെന്റ് തെരേസാ സെമിനാരിയിലും, 1947 മുതൽ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, മംഗലപ്പുഴ, ആലുവ എന്നിവിടങ്ങളിൽ വൈദിക പഠനം പൂർത്തിയാക്കി. 1949 മാർച്ച് 19-ന് അഭിവന്ദ്യ ജെറോം പിതാവിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. ശക്തികുളങ്ങര, ചാരുംമൂട് ഇടവകകളിൽ അസിസ്റ്റന്റ് വികാരിയായും, കണ്ടച്ചിറ മങ്ങാട്, ക്ലാപ്പന, ഇടമൺ എന്നിവിടങ്ങളിൽ ഇടവക വികാരിയായും ഇൻഫന്റ് ജീസസ് ബോർഡിംഗ് സ്കൂൾ വാർഡൻ, സെന്റ് റഫേൽ സെമിനാരി പ്രീഫക്ട്, ഫാത്തിമ മാതാ നാഷണൽ കോളജ്, കർമ്മലറാണി ട്രെയിനിംഗ് കോളജ് ബർസാർ, വിമലഹൃദയ സഭ സന്യാസിനികളുടെ ഗുരുഭൂതൻ, വിവിധ സന്ന്യാസിനി സഭകളുടെ ഔദ്യോഗിക കുമ്പസാരക്കാരൻ, ജെറോം പിതാവിന്റെ സെക്രട്ടറി, രൂപതാ ചാൻസിലർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു.

ജോസഫ് പിതാവിന്റെ മേൽപ്പട്ട ശുശ്രൂഷകാലയളവ് 1978 മേയ് 14 മുതൽ 2001 ഡിസംബർ 16 വരെ ആയിരുന്നു. തോട്ടപ്പള്ളി മുതൽ പാരിപ്പള്ളിവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കൊല്ലം രൂപത വ്യത്യസ്ഥങ്ങളായ ജീവിത ശൈലികളും, സ്വഭാവ വിശേഷങ്ങളും, ആചാരാനുഷ്ഠാനങ്ങളും ഉള്ള വിശ്വാസസമൂഹം. ഉപഭോഗ സംസ്കാരത്തിന്റെ സ്വാധീനത്തിൽ സാമൂഹിക താളലയങ്ങൾക്ക് ശ്രുതിഭംഗം സംഭവിച്ചുകൊണ്ടിരുന്ന കാലഘട്ടം. ഇന്ന് ജീവിച്ചിരിയ്ക്കുന്ന തലമുറയ്ക്ക് ഓർമ്മവരുന്ന മുൻഗാമികളായ രൂപതാ അദ്ധ്യക്ഷന്മാർ ദൈവദാസനായ ബൻസിഗർ പിതാവ്, പുണ്യശ്ലോഹനായ ഡെറോ പിതാവ്, ദൈവദാസനായ ജെറോം പിതാവ് എന്നീ പ്രശസ്തരുടെ പിൻഗാമി, വലിയ രൂപതയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ.

തന്റെ മുൻഗാമികളുടെ പ്രവർത്തനങ്ങൾക്കൊത്തവിധം ഉയരാൻ സാധിക്കുമോ എന്ന ഭയാശങ്ക ഉണ്ടായിരുന്നുവെങ്കിലും മാനുഷികമായ ആ ചിന്തകൾക്ക് യാതൊരു പ്രസക്തിയുമില്ല എന്ന് കാലം തെളിയിച്ചു. വലിയ മരിയഭക്തനായിരുന്ന ജോസഫ് പിതാവ് പരിശുദ്ധ അമ്മയിൽ വിളങ്ങിനിന്ന വിനയമെന്ന പുണ്യം ജോസഫ് പിതാവിന്റെ ദാർശിനിക ഭാവമായിരുന്നു. ആ വിനയമാണ് അദ്ദേഹത്തെ മെത്രാൻ പദവിയിലേക്ക് ഉയർത്തിയത്. പ്രശ്നങ്ങളെ സശ്രദ്ധം പഠിച്ച്, അവഗാഡം ചിന്തിച്ച്, പ്രതികരണങ്ങളെ മുൻകൂട്ടി വിലയിരുത്തി പ്രാർത്ഥിച്ചാണ് ജോസഫ് പിതാവ് തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത്. അചഞ്ചലമായ നീനിനിഷ്ഠ അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്കു വിജയം നല്കി. വൈദിക സഹോദരങ്ങളോടൊപ്പം ചേർന്ന് അവരിൽ ഒരുവനായി ഇരുപത്തിമൂന്നിലേറെ വർഷം കൊല്ലം രൂപതയെ നയിച്ചു. ലാളിത്യവും, സൗഹൃദവും, സുതാര്യതയും അദ്ദേഹത്തിന്റെ പ്രവർത്തന മുഖമുദ്രകൾ ആയിരുന്നു. പാവങ്ങളുടെ പക്ഷം ചേർന്ന് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സ്വരമായി ക്രിസ്തു വിഭാവനം ചെയ്ത സഭാ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതുതന്നെയാണ് ജോസഫ് പിതാവിന്റെ ജീവിത വിജയം. കൊല്ലം രൂപതയുടെ ആത്മീയവളർച്ചയിലും, ഭൗതിക നേട്ടങ്ങളിലും അദ്ദേഹം നല്കിയ സംഭാവനകളെല്ലാം ദൈവതിരുമനസിന്റെ പ്രതിഫലനങ്ങൾ ആണ്.

മെത്രാൻ പദവിയിൽ അദ്ദേഹം വഹിച്ചിട്ടുള്ള മറ്റു പദവികളായ കെ.സി.ബി.സി. വൈസ് ചെയർമാൻ, സി.ബി.സി.ഐ, ഹെൽത്ത് കമ്മീഷൻ ചെയർമാൻ, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എപ്പിസ്കോപ്പൽ കമ്മീഷൻ ചെയർമാൻ എന്നീ പദവികളിലും ദൈവതിരുമനസ്സ് പ്രതിഫലിയ്ക്കുന്നുണ്ട്.

“ദൈവതിരുമനസ് എന്നിൽ നിറവേറട്ടെ’ എന്ന് അദ്ദേഹം തിരഞ്ഞെടുത്ത ആപ്തവാക്യം അങ്ങനെ അന്വർത്ഥമായി.