ട്രഷറി ഓഫീസുകള്‍ സുരക്ഷിതത്വം ഉറപ്പാക്കി ആധുനികവത്കരിക്കുന്നത് തുടരും: മന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സുതാര്യവും ലളിതവുമായതും ഉയര്‍ന്ന സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രഷറികളെ ആധുനികവത്കരിക്കുന്നതു തുടരുമെന്ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍. സംയോജിത ധനകാര്യ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ നടപ്പിലാക്കിയ പുതിയ സൗകര്യങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ട്രഷറി, ധനകാര്യ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ സംവിധാനങ്ങളുടെ ഭാഗമായി ട്രഷറി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിന് ജീവനക്കാര്‍ക്ക് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് സൗകര്യം നിലവില്‍ വന്നതായി മന്ത്രി പറഞ്ഞു. ഇതുവഴി പണമിടപാടിലെ സുരക്ഷിതത്വവും സുതാര്യതയും ഉറപ്പുവരുത്താനാകും. ആദ്യ ഘട്ടത്തില്‍ ഓഫീസുകളിലും തുടര്‍ന്ന് ഓരോ സീറ്റിലും ഇത് ബാധകമാകും. ഗസറ്റഡ് ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട എ ടി സി, സി ടി സി എന്നിവ അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ എത്തുന്നതിനുള്ള കാലതാമസം ഇനി ഉണ്ടാകില്ല. ഓഫ്ലൈനായി സമര്‍പ്പിക്കുന്നതിനു പകരം സ്പാര്‍ക് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന സൗകര്യമാണ് നിലവില്‍ വന്നിരിക്കുന്നത്.
രാജ്യത്തെ തന്നെ ആദ്യ ബാങ്കിങ് സംവിധാനം നിലവില്‍ വന്ന ട്രഷറിയാണ് കേരളത്തിന്റേത്. ജീവനക്കാരുടെ ശമ്പളം പെന്‍ഷന്‍ എന്നിവയ്ക്ക് പുറമേ നിരവധി ബില്ലുകള്‍ ഉള്‍പ്പെടെ കൈമാറ്റം ചെയ്യുന്നതിനും ട്രഷറിയെയാണ് ആശ്രയിക്കുന്നത്. ഫയല്‍ നീക്കം കൂടുതല്‍ വേഗത്തിലാക്കുന്നതിനായി മുഴുവന്‍ ട്രഷറി ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തി. കാലതാമസം ഉണ്ടാകാതെ പരമാവധി വേഗത്തില്‍ ധനകാര്യ മാനേജ്‌മെന്റ് സിസ്റ്റത്തെ മാറ്റുന്നതിനാണ് ഗവണ്‍മെന്റ് പ്രഥമ പരിഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ്, ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഫിനാന്‍സ് റിസോഴ്‌സസ്) കെ. എം. മുഹമ്മദ് വൈ സഫറുള്ള, ട്രഷറി വകുപ്പ് ഡയറക്ടര്‍ വി. സാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഐ.എഫ്.എം.എസ് സേവനങ്ങളുടെ ഭാഗമായുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിന് ഔദ്യോഗിക ഇ-മെയില്‍ ഐഡി അടിസ്ഥാനമാക്കിയുള്ള സിംഗിള്‍ സൈന്‍ സൗകര്യം നിലവില്‍ ലഭ്യമാകും, എല്ലാ ഐ.എഫ്.എം.എസ് ആപ്ലിക്കേഷനുകളും ഇനി മുതല്‍ ംംം.ശളാ.െസലൃമഹമ.ഴീ്.ശി എന്ന യുആര്‍എല്‍ ലഭ്യമാകും.
ഗസറ്റഡ് ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റം സ്ഥലംമാറ്റം മുതലായവയുടെ ഭാഗമായി ആര്‍ ടി സി, സി റ്റി സി എന്നിവ എ ജി ഓഫീസില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് . നിലവിലുള്ള ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനോടൊപ്പം പുതിയ ഐ ഒ എസ് ആപ്ലിക്കേഷനും നിലവില്‍ വന്നു.