നാടിന്റെ പുരോഗതിയില്‍ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കണമെന്നു സിവില്‍ സര്‍വീസ് ജേതാക്കളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ശക്തമായ ഔദ്യോഗിക നടപടികളിലൂടെ നാടിന്റെ പുരോഗതിയില്‍ തങ്ങളുടെ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിവില്‍ സര്‍വീസ് പരീക്ഷാ വിജയികളെ ആഹ്വാനം ചെയ്തു. സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജുക്കേഷന്‍ കേരള (സി.സി.ഇ.കെ) യുടെ കീഴില്‍ സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിന്ന് പരിശീലനം ലഭിച്ചവരില്‍ കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വീസ്, ഫോറസ്റ്റ് സര്‍വീസ് പരീക്ഷകളിലെ റാങ്ക് ജേതാക്കളായവര്‍ക്കുള്ള അനുമോദന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.
സാമൂഹികമായ ഐക്യം നാടിന്റെ മുന്നേറ്റത്തിനു പ്രധാനമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ ഇപ്പോള്‍ സാമൂഹിക ഐക്യം തകര്‍ക്കുന്ന പ്രവണതകള്‍ ഉണ്ട്. ഇതിനെതിരേ ശക്തമായ നടപടികള്‍ ഔദ്യോഗിക ജീവിതത്തില്‍ എടുക്കാന്‍ സാധിക്കണം. അതിലൂടെ മാത്രമേ നാടിന്റെ പുരോഗതി, മതനിരപേക്ഷത നിലനിര്‍ത്തല്‍ എന്നിവ സാധ്യമാകു. അങ്ങനെ പ്രവര്‍ത്തിക്കുമ്പോഴാണ് ആര്‍ജ്ജിച്ച വിദ്യാഭ്യാസവും തിളക്കമുള്ള വിജയങ്ങളും പൂര്‍ണ്ണതോതില്‍ അര്‍ത്ഥവത്താവുന്നത് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
സിവില്‍ സര്‍വീസ് മേഖലയുടെ പ്രത്യേകത അഴിമതി വലിയ തോതില്‍ ബാധിക്കാറില്ല എന്നതാണ്. അഴിമതി സ്വജീവിതത്തില്‍ ഉണ്ടാവില്ല എന്ന് ഉറപ്പിക്കുക മാത്രമല്ല അഴിമതിയെ പ്രോത്സാഹിപ്പിക്കാത്ത നിലപാട് സര്‍വ്വീസ് ജീവിതത്തില്‍ ഉടനീളം പുലര്‍ത്തണം. അഴിമതിയില്‍ ഒന്നു കാല്‍ വഴുതിയാല്‍ പിന്നെ നേരെയാക്കാന്‍ പ്രയാസമാണെന്നു മനസിലാക്കണം. അതിനാല്‍ തുടക്കം മുതലേ നല്ല ജാഗ്രത പുലര്‍ത്തണം-മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു.
നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത വിധം സാമൂഹിക, സാമ്പത്തിക സമത്വം പൂര്‍ണമായും ഇനിയും കൈവരിക്കേണ്ടതുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന രീതിയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തണം. മനുഷത്വം മുന്‍നിര്‍ത്തിയുള്ള പരിശോധനാ രീതി ഏറ്റവും പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുവിദ്യാഭ്യാസ രംഗത്ത് വന്ന മാറ്റത്തിന്റെ ഭാഗമായാണ് കൂടുതല്‍ ചെറുപ്പക്കാര്‍ സംസ്ഥാനത്ത് ഇന്ന് സിവില്‍ സര്‍വീസ് മേഖല ലക്ഷ്യമിടുന്നത്. പൊതുസേവന രംഗം പ്രാധാന്യമുള്ള ഒന്നാണെന്ന് അവര്‍ മനസ്സിലാക്കുന്നു. അക്കാദമിയുടെ വരവോടെ ചെറുപ്പക്കാരുടെ സിവില്‍ സര്‍വീസ് ലക്ഷ്യം വലിയ തോതില്‍ സാക്ഷാത്കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ അക്കാദമി പ്രവര്‍ത്തനം വിപുലീകരിച്ചു. മികച്ച ലൈബ്രറി, സിവില്‍ സര്‍വീസ് നേടിയവരുടെ വ്യക്തിഗത ക്ലാസുകള്‍, അനുഭവം പങ്കിടല്‍ എന്നിവ പഠിതാക്കള്‍ക്ക് പുതിയ അനുഭവമായി. അക്കാദമിയുടെ സബ്ബ് സെന്ററുകള്‍ എല്ലാ ജില്ലകളിലും തുടങ്ങാനും സാധിച്ചു.
പഴയതില്‍ നിന്നു വ്യത്യസ്തമായി നാട്ടിന്‍പുറങ്ങളിലെ അതിസാധാരണ കുടുംബങ്ങളില്‍ നിന്നും ധാരാളം യുവതീയുവാക്കള്‍ സിവില്‍ സര്‍വീസ് മേഖലയിലേക്ക് വരുന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു അഭിപ്രായപ്പെട്ടു. അത്തരം മാറ്റം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. സ്വകാര്യ പരിശീലന സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഫീസ്, മികച്ച ആനുകൂല്യങ്ങള്‍, അഭിമുഖത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ യാത്ര, താമസം, പട്ടികജാതി/ വര്‍ഗ വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം, പൊന്നാനി സബ്ബ്സെന്ററില്‍ 50 ശതമാനം മുസ്ലിം സംവരണം എന്നീ ഘടകങ്ങള്‍ ധാരാളം പേരെ സിവില്‍ സര്‍വീസ് അക്കാദമിയിലേക്ക് ആകര്‍ഷിക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.
സിവില്‍ സര്‍വീസ് രംഗത്ത് കേരളം വലിയ മുന്നേറ്റം കൈവരിച്ചതായി ആശംസയര്‍പ്പിച്ച് സംസാരിച്ച ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് പറഞ്ഞു. പല സംസ്ഥാനങ്ങളിലും കളക്ടര്‍ സ്ഥാനത്തൊക്കെ മലയാളികളാണ്. സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിലൂടെ അവര്‍ ആദരം നേടുന്നത് നമുക്ക് അഭിമാനകരമാണ്.
സിവില്‍ സര്‍വീസ് പരീക്ഷാ വിജയികളായ 27 പേരും ഫോറസ്റ്റ് സര്‍വീസ് പരീക്ഷാ വിജയികളായ മൂന്ന് പേരും മുഖ്യമന്ത്രിയില്‍ നിന്ന് ഉപഹാരം സ്വീകരിച്ചു. ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ്, സി.സി. ഇ.കെ ഡയറക്ടര്‍ വി. വിഘ്‌നേശ്വരി എന്നിവര്‍ പങ്കെടുത്തു.