തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അടിസ്ഥാനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുന്ന സര്‍ക്കാരാണിത്. തുറമുഖ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉയര്‍ന്നുവന്ന ആവശ്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും സര്‍ക്കാര്‍ പരിഹാരം കണ്ടിട്ടുണ്ട്. ചര്‍ച്ച ചെയ്ത് വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പതിനായിരക്കണക്കിന് തൊഴില്‍ അവസരം ഒരുക്കുന്ന പദ്ധതി പ്രദേശവാസികള്‍ക്ക് സാങ്കേതികജ്ഞാനവും വൈദഗ്ധ്യവും പകര്‍ന്നു നല്‍കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തുറമുഖ പരിസരത്ത് കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന് ഉടന്‍ ആരംഭിക്കും. ഇതില്‍ പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കും. പ്രദേശവാസികള്‍ക്ക് പദ്ധതി വലിയ തൊഴില്‍ സാധ്യതയാണ് നല്‍കുന്നത്. പദ്ധതിക്കാവശ്യമായ വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കുന്നതിന് അസാപ്പിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ക്ക് സൗജന്യ പരിശീലനം നല്കാന് തീരുമാനമായിട്ടുണ്ട്.
അപകടത്തില്‍പ്പെടുന്ന ബോട്ടുകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി ഇതിനകം എല്ലാ ബോട്ടുകളെയും ഇന്‍ഷുര്‍ ചെയ്തു. കൂടാതെ ഹാര്‍ബറിലെ വലിയ തിരകള്‍ മൂലം ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കുന്നതിനായി ഡ്രഡ്ജിംഗ് നടത്തി. ഇവിടെ ഒരു പുതിയ പുലിമുട്ട് നിര്‍മ്മിക്കുവാന്‍ തീരമാനിച്ചു. ഇതിനായി കേന്ദ്രസര്‍ക്കാറിന്റെ സി.ഡബ്ലിയു.പി.ആര്.എസ് പഠനം നടത്തി റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളുടെ പാര്‍പ്പിട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി 1062 ഭവനരഹിതര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്നതിനുള്ള ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഓഖി ദുരന്തബാധിതരുടെ പുനരധിവാസം ഉടന്‍ നടപ്പിലാക്കും. ഇവര്‍ക്ക് കടലിന് സമീപത്ത് താമസിക്കാനാണ് താല്പര്യം. അതു കണക്കിലെടുത്ത് വലിയതുറയില്‍ രണ്ടിടത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സാങ്കേതിക വശങ്ങള് പരിശോധിച്ചശേഷം വകുപ്പുകളുമായി കൂടിയാലോചിച്ച് ഉടന്‍ പുനരധിവാസ നടപടികളിലേക്ക് കടക്കുമെന്ന് മന്ത്രി വിശദീകരിച്ചു.
ഇവിടെ നിലവിലുള്ള സി.എച്ച്.സി 100 കിടക്കകളുള്ള താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി. ഇതിന് 10 കോടി രൂപ ചെലവഴിച്ചു. കൂടുതല്‍ സൗകര്യങ്ങളോടെ പബ്ലിക് ഹെല്‍ത്ത് സെന്റര്‍ നിര്‍മ്മിക്കുന്നതിന് ഭൂമി കണ്ടെത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത് പകല്‍വീട് നിര്‍മ്മിക്കുന്നതിനായി ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് 1.8 കോടി രൂപയുടെ പ്രൊജക്ട് തയ്യാറാക്കിയിട്ടുണ്ട്. സ്ഥലം കണ്ടെത്തുന്നതിലേക്കുള്ള നടപടി ആരംഭിച്ചു. 22 കോടി രൂപ എ.ഡി.ബിയും വിസില്‍ 26 കോടി രൂപയും ചെലവഴിച്ച് അസാപ്പിന്റെ ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ചു. കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി സ്വച്ഛ് ഭാരത് മിഷനില്‍ ഉള്‍പ്പെടുത്തി എം.ആര്.എഫ് (മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റര്‍) ആരംഭിക്കുവാന്‍ ഒരു കോടിയുടെ പദ്ധതിക്ക് അനുമതി നല്കിയുട്ടുണ്ട്. ഭൂമി കണ്ടെത്തുന്നതിന് കോര്പ്പറേഷന് നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി പറഞ്ഞു.
കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി 1.72 കോടി രൂപ ചെലവഴിച്ച് കോട്ടപ്പുറത്ത് 1000 വീടുകള്‍ക്ക് സൗജന്യ കണക്ഷന് നല്കി. വിഴിഞ്ഞത്ത് കളിസ്ഥലം നിര്‍മ്മിക്കുന്നതിനായി ഹാര്‍ബറില്‍ എച്ച്.ഇ.ഡിയുടെ രണ്ട് ഏക്കര്‍ ഭൂമി നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതിനായി സ്പോര്‍ട്സ് കൗണ്‍സില്‍ തയ്യാറാക്കിയ പ്രൊപ്പോസല്‍ സര്‍ക്കാര്‍ പരിഗണനയിലാണ്. കട്ടമര തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് 107 ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കിയതായും മന്ത്രി പറഞ്ഞു.
കരമടി തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സൗത്തില്‍ 317 ഉം, അടിമലതുറയില്‍ 625 ഉം ഉള്‍പ്പെടെ ആകെ 942 തൊഴിലാളികള്‍ക്ക് 5.60 ലക്ഷം രൂപ വീതം 52.75 കോടി രൂപ നഷ്ടപരിഹാരം നല്കി. ചിപ്പി തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് 12.50 ലക്ഷം രൂപ വീതം 73 ചിപ്പി തൊഴിലാളികള്‍ക്ക് 91.25 കോടി രൂപ വിതരണം ചെയ്തു. രണ്ട് വര്‍ഷക്കാലയളവില്‍ 1221 പേരുടെ ഉടമസ്ഥതയിലുള്ള 2383 ബോട്ട് എന്‍ജിനുകള്‍ക്ക് ദിവസം നാലു ലിറ്റര്‍ വീതം മണ്ണെണ്ണക്കായി 27.13 കോടി രൂപ നല്കി. ഈ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി ദീര്ഘിപ്പിക്കുവാന് തീരുമാനിച്ചിരിക്കുകയാണ്. ഇതിലേക്കായി 28 കോടി രൂപയും വകയിരുത്തുന്നുണ്ട്.
പൈലിംഗിന്റെ ഭാഗമായി തകരാറിലായ 243 വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 11 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. തങ്ങല് വള്ളം മേഖലയില്‍ ജോലി ചെയ്യുന്ന 8 പേര് ഉള്‍ക്കൊള്ളുന്ന 80 ഗ്രൂപ്പുകള്‍ക്ക് 20 കോടി രൂപയുടെ പദ്ധതിയുടെ ഫീസിബിലിറ്റി പഠനം ഫിഷറീസ് ഡയറക്ടറേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.