കെട്ടിട നിര്‍മാണ മാലിന്യത്തില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ നടപടി: മന്ത്രി

തിരുവനന്തപുരം: പ്രകൃതി വിഭവങ്ങളുടെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ നിര്‍മ്മാണ മേഖലയില്‍ പുനരുപയോഗം പ്രോത്സാഹിപ്പിക്കണമെന്നും നിര്‍മ്മാണ, പൊളിക്കല്‍ അവശിഷ്ടങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും അവ നിര്‍മ്മാണ പ്രക്രിയയില്‍ ഉപയോഗപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നിലവില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് നിര്‍മ്മാണ മേഖലയില്‍ പുന:ചംക്രമണം ചെയ്ത ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത്. ഇതിന് കാരണം സംസ്ഥാനത്ത് ഇത്തരം മാലിന്യങ്ങള്‍ പുന:ചംക്രമണം ചെയ്യുന്നതിനുളള സംവിധാനങ്ങളുടെ അഭാവമാണ്. ഇത് പരിഹരിക്കുന്നതിന് സംസ്ഥാനത്തെ നഗരസഭകള്‍ കേന്ദ്രീകരിച്ച് സൗകര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ ആദ്യ ഘട്ടത്തില്‍ സ്വീകരിക്കും. വലിയ നഗരങ്ങളില്‍ ഇത്തരം മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റുകളും ചെറുനഗരങ്ങളില്‍ സംഭരിക്കുന്നതിനുള്ള കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു.
കെട്ടിട നിര്‍മാണത്തിലെയും പൊളിക്കുന്നതിന്റെയും അവശിഷ്ടങ്ങള്‍ പരിപാലിക്കുന്നതിന് സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് ശുചിത്വമിഷന്‍ സംഘടിപ്പിച്ച ശില്‍പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെമോളിഷന്‍ മാലിന്യ പരിപാലനത്തിനായി സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
വലിയ നഗരപ്രദേശങ്ങളില്‍ തദ്ദേശ സ്ഥാപനം മുഖേനയും, മറ്റിടങ്ങളില്‍ പ്രാദേശിക അടിസ്ഥാനത്തിലും പി.പി.പി മാതൃകയില്‍ ശാസ്ത്രീയ കണ്‍സ്ട്രക്ഷന്‍ ആന്റ് ഡെമോളിഷന്‍ മാലിന്യ പരിപാലന പ്ലാന്റുകള്‍ സ്ഥാപിക്കുക, അക്രഡിറ്റഡ് ഏജന്‍സികള്‍, സ്വകാര്യ സംരംഭകര്‍ (ക്വാറി, ക്രഷര്‍ ഉടമകള്‍) എന്നിവര്‍ മുഖേന വ്യാവസായിക അടിസ്ഥാനത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കാനുള്ള നടപടികള്‍, തദ്ദേശ സ്ഥാപനതലത്തില്‍ കൃത്യമായ രീതിയില്‍ ഇത്തരം മാലിന്യത്തിന്റെ സമയബന്ധിതമായ ശേഖരണം ഉറപ്പാക്കല്‍/ സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തല്‍, സര്‍ക്കാര്‍സ്വകാര്യ മേഖലയില്‍ പുനചംക്രമണം ചെയ്യപ്പെട്ട ഉത്പന്നങ്ങളുടെ നിര്‍ബന്ധിത ഉപയോഗം ഉറപ്പാക്കല്‍ വഴി പ്രകൃതി വിഭവങ്ങളുടെ ചൂഷണം കുറയ്ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ പ്രവര്‍ത്തികമാക്കുന്നതിനുള്ള നടപടികളെക്കുറിച്ചുള്ള ചര്‍ച്ചയും രൂപരേഖ തയാറാക്കലുമാണ് ശില്പശാലയിലൂടെ ലക്ഷ്യമിട്ടത്. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കര്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുത്തു.