ജിഷയ്‌ക്കും ഉത്രയ്‌ക്കും വിസ്‌മയക്കും ലഭിച്ച നീതി അതിജീവിതയ്‌ക്കും ഉറപ്പുവരുത്തും – മുഖ്യമന്ത്രി  

ജിഷയ്‌ക്കും ഉത്രയ്‌ക്കും വിസ്‌മയക്കും ലഭിച്ച നീതി അതിജീവിതയ്‌ക്കും ഉറപ്പുവരുത്തും – മുഖ്യമന്ത്രി

 

തിരുവനന്തപുരം: എൽഡിഎഫ്‌ സർക്കാർ അതീജിവിതക്കൊപ്പമാണെന്ന്‌ ആവർത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ഉന്നതന്റെ അറസ്‌റ്റോടെ സർക്കാർ നിലപാട്‌ വ്യക്തമായതാണ്‌. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ്‌ മൂർച്ഛിച്ച്‌ വരുമ്പോൾ ചിലർക്ക്‌ അങ്കലാപ്പ്‌ ഉണ്ടാകുന്നത്‌ സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജിഷയ്‌ക്കും ഉത്രയ്‌ക്കും വിസ്‌മയക്കും ലഭിച്ച നീതി അതിജീവിതയ്‌ക്കും സർക്കാർ ഉറപ്പുവരുത്തും. കേസ്‌ അന്വേഷണത്തിന്‌ എല്ലാ സ്വാതന്ത്ര്യവും പൊലീസിനുണ്ട്‌. എത്ര ഉന്നതനായാലും സർക്കാർ തടയില്ല. അക്രമത്തിനിരയായ നടി ആവശ്യപ്പെട്ടതനുസരിച്ച്‌ വനിതാ ജഡ്‌ജി, പ്രത്യേക കോടതി, പബ്ലിക്‌ പ്രേസിക്യൂട്ടർ ആരുവേണമെന്നും അവർക്ക്‌ സ്വീകരിക്കാനുള്ള അവസരം സർക്കാർ നൽകി.

കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുമ്പോഴാണ്‌ സംവിധായകൻ ബാലചന്ദ്രകുമാർ പുതിയ വെളിപ്പെടുത്തലുമായി വരുന്നത്‌. സ്വാഭാവികമായും അത്‌ ഗൗരവമുള്ള കാര്യമാണ്‌. പുനരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ കേസിൽ പ്രതിയായ ആൾ ഹർജി നൽകി. എന്നാൽ കോടതി ക്രൈംബ്രാഞ്ചിന്‌ അനുകൂലമായാണ്‌ വിധി പുറപ്പെടുവിച്ചത്‌. തുടരന്വേഷണത്തിന്‌ മൂന്നുമാസം കൂടി സമയം വേണമെന്ന്‌ ഹൈക്കോടതിയോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. ഇതെല്ലാം കേസ്‌ കൃത്യമായി അതിന്റെ വഴിക്ക്‌ പോകണമെന്ന ധാരണയോടെയാണ്‌. പണ്ട്‌ കാലത്ത്‌ സർക്കാരിൽ ഇരുന്നവർ ഇത്തരം കേസുകളിൽ വെള്ളംചേർത്ത അനുഭവമുള്ളതുകൊണ്ട്‌ അതായിരിക്കും ഇപ്പോഴും നടക്കുന്നതെന്ന ധാരണയോടെ പറഞ്ഞാൽ അത്‌ ഇങ്ങോട്ട്‌ ഏശില്ല. – മുഖ്യമന്ത്രി പറഞ്ഞു