കെ. ഡിസ്‌ക് വഴി രജിസ്റ്റര്‍ ചെയ്തത് 53.42 ലക്ഷം തൊഴിലന്വേഷകര്‍: മന്ത്രി എം. വി ഗോവിന്ദന്‍മാസ്റ്റര്‍

തിരുവനന്തപുരം: 20 ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കുന്നത് ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന കെ ഡിസ്‌ക് പദ്ധതി വഴി സംസ്ഥാനത്താകെ 53,42,094 തൊഴിലന്വേഷകര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇതില്‍ 58.3 ശതമാനം സ്ത്രീകളും 41.5 ശതമാനം പുരുഷന്‍മാരുമാണ്. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലെ 3,578 പേരും പട്ടികയിലുണ്ട്. അന്താരാഷ്ട്ര സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭക ദിനാഘോഷ പരിപാടിയില്‍, തദ്ദേശ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന സംരംഭക ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലക്ഷക്കണക്കിന് അഭ്യസ്തവിദ്യര്‍ തൊഴിലില്ലായ്മ അനുഭവിക്കുന്നുവെന്നത് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ സംരംഭങ്ങള്‍ ഉയര്‍ന്നുവരുന്നത് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്ഥാപനങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ സജ്ജമാകുന്നതും തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ എല്ലാ പഞ്ചായത്തുകളിലും ഇന്റേണുകളുടെ സേവനം ലഭിക്കുന്നതും സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
‘സംരംഭക വര്‍ഷം’ പദ്ധതി ആരംഭിച്ചു ചെറിയ കാലയളവിനുള്ളില്‍ 24,784 പുതിയ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കിയെന്നും സംസ്ഥാനത്ത് ഏഴു സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി ലഭിച്ചെന്നും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഭൂമി സംബന്ധമായ പ്രശ്‌നങ്ങളില്ലെങ്കില്‍ പരമാവധി 30 ദിവസത്തിനകം തന്നെ ഇവയുടെ നിര്‍മാണത്തിനുള്ള അനുമതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംരംഭക സൗഹൃദമാകുന്നതിന്റെ ഭാഗമായാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി വെറും നാലു ശതമാനം പലിശയില്‍ ഈടില്ലാതെ വായ്പ നല്‍കുന്നതിന് ബാങ്കുകളുമായി ധാരണയിലെത്തിയത്. പുതിയ സംരംഭങ്ങള്‍ ഉയര്‍ന്നുവരുന്നതിന് ഏറ്റവും മികച്ച അന്തരീക്ഷമാണ് നിലവില്‍ കേരളത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു.
പരിപാടിയില്‍ വി. കെ പ്രശാന്ത് എം എല്‍ എ അധ്യക്ഷനായി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ എം ജി രാജമാണിക്യം തുടങ്ങിയവര്‍ സംസാരിച്ചു.