ഭാരത് ജോഡോ യാത്ര നാളെ കൊല്ലം ജില്ലയില്‍

വർത്തമാനം ബ്യുറോ

കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തലസ്ഥാന ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി നാളെ കൊല്ലം ജില്ലയില്‍ പ്രവേശിക്കും.

 

ജില്ലയില്‍ ഭാരത് ജോഡോയാത്ര വന്‍ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. കൊല്ലം ജില്ലയിലെ പര്യടനത്തിനിടെ യു ഡി എഫിലെ ഘടകക്ഷിയായ ആര്‍ എസ് പിയുടെ നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടികാഴ്ച്ചനടത്തും. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിനിടെ സി എം പി നേതാക്കളുമായും രാഹുല്‍ ഗാന്ധി കൂടികാഴ്ച്ച നടത്തിയിരുന്നു.
നാളെ രാവിലെ ഏതാനും കിലോമീറ്റര്‍ മാത്രമാണ് തിരുവനന്തപുരം ജില്ലയില്‍ യാത്ര കടന്നുപോവുക, രാവിലെ എട്ടുമണിയോടെ കൊല്ലം ജില്ലയിലേക്കു പ്രവേശിക്കും, ഇന്നു രാത്രി കല്ലമ്പലത്ത് വിശ്രമിക്കുന്ന ജാഥ നാളെ രാവിലെ നാവായിക്കുളത്തു നിന്ന് പുനരാരംഭിക്കും. എട്ടു മണിയോടെ കൊല്ലം ജില്ലാതിര്‍ത്തിയായ കടമ്പാട്ടുകോണത്തു വച്ച് കൊല്ലം ഡിസിസി യുടെ നേതൃത്വത്തില്‍ സ്വീകരിക്കും. നാലു ദിവസങ്ങളാണ് ജില്ലയിയിലുടെ യാത്ര കടന്നുപോകുന്നത്.
ഇന്നു രാവിലെ കണിയാപുരത്തു നിന്നാണ് യാത്ര തുടങ്ങിയത്. യാത്ര ആരംഭിക്കുമ്പോള്‍ മഴ ഉണ്ടായിരുന്നു. മഴയത്തുതന്നെയാണ് യാത്ര തുടര്‍ന്നത്. തോന്നയ്ക്കലെത്തിയപ്പോള്‍ മഹാകവി കുമാരനാശാന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
ഉച്ചയോടെ ആറ്റിങ്ങല്‍ മാമം പൂജാ കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയ രാഹുല്‍ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. തൊഴിലിടം നിശ്ചയിക്കുന്ന ജിയോ ടാഗിങ് സംവിധാനം പ്രായോഗികമല്ലെന്നും അതുമൂലം തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും തൊഴിലാളികള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ജിയോ ടാഗിങ് സംവിധാനത്തിന്റെ പാളിച്ചകള്‍ തൊഴിലാളികളില്‍ നിന്നും രാഹുല്‍ഗാന്ധി മനസ്സിലാക്കി. നിലവിലെ തൊഴില്‍ സമയം പുനഃക്രമീകരിക്കണമെന്ന ആവശ്യവും തൊഴിലാളികള്‍ മുന്നോട്ടുവച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷിയും ക്ഷീരമേഖലയും ഉള്‍പ്പെടുത്തണമെന്നും തൊഴിലാളികള്‍ രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിവച്ചത് കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി അതിന്റെ അടുത്ത ഘട്ടമായി ന്യായ് പദ്ധതിയും ഇന്ത്യയില്‍ നടപ്പിലാക്കുമെന്ന് തൊഴിലാളികളോട് പറഞ്ഞു.
രാഹുല്‍ഗാന്ധിക്കൊപ്പം മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ്, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ജോഡോ യാത്ര സംസ്ഥാന കോര്‍ഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ്, പി സി വിഷ്ണുനാഥ് എം.എല്‍.എ എന്നിവരും ഉണ്ടായിരുന്നു.