കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി ഡോ.എല്‍.മുരുകന്‍

കൊച്ചി: കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന സഹമന്ത്രി ഡോ.എല്‍.മുരുകന്‍ പറഞ്ഞു. ഇതിനായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്ന കേന്ദ്രം 2019 ല്‍ ക്ഷീര വികസനത്തിനായി ഒരു പ്രത്യേക മന്ത്രാലയം തന്നെ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു .
കൊച്ചി ഇടപ്പള്ളിയിലെ മില്‍മാ പ്ലാന്റില്‍ സൗരോര്‍ജ പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡയറി പ്ലാന്റായി മാറാനുള്ള പാതയിലാണ് എറണാകുളം ഡയറി എന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം , ഈ പ്ലാന്റ് രാജ്യത്തിന് മൊത്തം മാതൃകയാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ പദ്ധതി നിലവില്‍ വരുന്നത്തോടെ വൈദ്യുതി ഉപഭോഗം ഏകദേശം 90ശതമാനം കുറക്കാനും കഴിയുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ദേശീയ ക്ഷീര വികസന ബോര്‍ഡ് മുഖാന്തരം നല്‍കുന്ന 11.5 കോടി രൂപയുള്‍പ്പെടെ ചിലവഴിച്ച് തൃപ്പൂണിത്തുറ മില്‍മ ഡയറി പ്ലാന്റില്‍ സ്ഥാപിക്കുന്ന 2 മെഗാവാട്ട് കപ്പാസിറ്റിയുള്ള സോളാര്‍ പാനല്‍ പദ്ധതിയാണ് ഇത്. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മേഖലയില്‍ കേന്ദ്രം നടപ്പാക്കി വരുന്ന വിവിധ പദ്ധതികളെ കുറിച്ച പ്രതിപാദിക്കവേ , ക്ഷീര മേഖലയില്‍ ഒരു ലക്ഷം മൃഗ ജനസംഖ്യയ്ക്കായി ഒരു മൊബൈല്‍ വെറ്റിനറി യൂണിറ്റ് അനുവദിക്കുമെന്ന് മുരുകന്‍ അറിയിച്ചു . കേരളത്തില്‍ ഈ വിധത്തിലുള്ള 29 യൂണിറ്റുകള്‍ സ്ഥാപിക്കും . ഫിഷറീസ് മേഖലയില്‍ അഞ്ച് മാതൃക ഫിഷിംഗ് ഹാര്‍ബര്‍ സ്ഥാപിക്കുന്നതില്‍ ഒരെണ്ണം കൊച്ചിയിലാണെന്നും മന്ത്രി വ്യക്തമാക്കി. ഈ വിധത്തിലുള്ള ആദ്യ യൂണിറ്റാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷീര മേഖലയില്‍ ഇന്ത്യയുടെ യശസ്സ് ആഗോളതലത്തില്‍ ഉയര്‍ത്തിയ ഡോ.വര്‍ഗ്ഗീസ് കുര്യന്റെ പ്രതിമ സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ചടങ്ങില്‍ അനാഛാദനം ചെയ്തു. എം പിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ദേശീയ ക്ഷീര വികസന ബോര്‍ഡ് ചെയര്‍മാന്‍ മനേഷ് ഷാ, മില്‍മ ചെയര്‍മാന്‍ ഡോ.പാട്ടീല്‍ സുയോഗ് സുഭാഷ് റാവു, ജോണ്‍ തെരുവത്ത്, കെ.എസ്.മണി തുടങ്ങിയവര്‍ സംസാരിച്ചു.