കൂടുതല്‍ പാലുല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി : തീരുമാനം പിന്‍വലിക്കണമെന്ന് മില്‍മ

കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ഇന്ത്യന്‍ ഡെയറി അസോസിയേഷന്‍

തിരുവനന്തപുരം: പായ്ക്കറ്റില്‍ ലഭ്യമാകുന്ന പാലുല്‍പ്പന്നങ്ങളായ തൈര്, മോര്, ലെസി, പനീര്‍ എന്നിവയ്ക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) ഏര്‍പ്പെടുത്തുന്നതിനും കറവയന്ത്രമുള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ക്ക് 12 ല്‍ നിന്നും 18 ശതമാനമായി നികുതി കുത്തനെ ഉയര്‍ത്തുന്നതിനുമുള്ള ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് മില്‍മ (കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍) ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയാലുള്ള മാന്ദ്യവും ഉല്‍പ്പാദന ചെലവും ദുസ്സഹമായി തുടരുന്ന നിലവിലെ സാഹചര്യത്തില്‍ ജൂലായ് ഒന്നിനു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗ തീരുമാനം രാജ്യത്തെ ക്ഷീരമേഖലയ്ക്ക് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുമെന്നും മില്‍മ പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ തീരുമാനത്തിലൂടെ രാജ്യത്തെ ക്ഷീരവ്യവസായ മേഖലയില്‍ ഉണ്ടായേക്കാവുന്ന പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താനും ജൂലായ് ആറിന് ഇന്ത്യന്‍ ഡെയറി അസോസിയേഷന്‍ (ഐഡിഎ) ന്യൂദല്‍ഹിയില്‍ യോഗം ചേരും. വിഷയത്തില്‍ ഐകകണ്‌ഠ്യേന തീരുമാനം കൈക്കൊണ്ട് ധനകാര്യമന്ത്രിക്ക് സമര്‍പ്പിക്കും. പ്രധാന പാലുല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ജിഎസ്ടി കൗണ്‍സില്‍ അംഗങ്ങളും ആവശ്യപ്പെടുന്നുണ്ട്്. അസംസ്‌കൃത വസ്തുക്കളുടെ ചെലവും ഉല്‍പ്പാദന ചെലവും വര്‍ദ്ധിച്ച് രാജ്യത്തെ ക്ഷീര മേഖല കടുത്ത വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പാലുല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. പാലിന് കൂടുതല്‍ വില ലഭിക്കണമെന്നും മറ്റ് ഉല്‍പ്പാദന ഉപാധികള്‍ വിലക്കുറവില്‍ ലഭ്യമാകണമെന്നും ക്ഷീര കര്‍ഷകര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അസംഘടിത ക്ഷീര സംരംഭങ്ങളുടെ പാലുല്‍പ്പന്നങ്ങള്‍ ഭൂരിഭാഗവും ബേക്കറികള്‍, പലവ്യഞ്ജനക്കടകള്‍, പഴം-പച്ചക്കറി ചന്തകള്‍ തുടങ്ങിയവയിലൂടെയാണ് വിറ്റഴിക്കുന്നത്. അതിനാല്‍ ഈ ഉല്‍പ്പന്നങ്ങളുടെ നികുതി സര്‍ക്കാര്‍ എങ്ങനെ ഈടാക്കും എന്നതില്‍ വ്യക്തതയില്ല. സംഘടിത മേഖലയില്‍ നിന്നുള്ള വില്‍പ്പന പത്തുശതമാനത്തോളം മാത്രമായതിനാല്‍ ജിഎസ്‌സി ഏര്‍പ്പെടുത്തുന്നതിലൂടെ ഖജനാവിന് കാര്യമായ നേട്ടമുണ്ടാകില്ല. അസംഘടിത മേഖലയുടെ പരിധി നാല്‍പത് ലക്ഷം രൂപ ആയതിനാല്‍ നികുതി ശേഖരണവും എളുപ്പമാകില്ല.കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ബട്ടര്‍, നെയ്യ് എന്നിവയ്ക്ക് 12 ല്‍ നിന്നും 5 ശതമാനമായി ജിഎസ്്ടി കുറയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഉപഭോഗം ഉയര്‍ത്തുന്നതിനും ജനങ്ങള്‍ക്ക് പോഷകം ഉറപ്പുവരുത്തുന്നതിനുമായി ബട്ടര്‍, നെയ്യ് എന്നിവയുടെ ജിഎസ്ടി കുറക്കണമെന്നാവശ്യപ്പെട്ട് ഐഡിഎ നിവേദനവും നല്‍കിയിരുന്നു. സംഘടിത ക്ഷീര മേഖലയ്ക്ക് വിപണിയിലെ കടുത്ത മത്സരത്തില്‍ പിടിച്ചുനില്‍ക്കാനായി ഇവയ്ക്ക് കിലോയ്ക്ക് അറുപത് മുതല്‍ എഴുപതു രൂപവരെ വര്‍ദ്ധിപ്പിക്കേണ്ടതായും വന്നു. ലഘു പാനീയങ്ങളെ അപേക്ഷിച്ച് ഈ ഉല്‍പ്പന്നങ്ങള്‍ ഏറെ ആരോഗ്യകരമാണ്. പാലിന്റെ ഉപോല്‍പ്പന്നങ്ങള്‍ ആയതിനാല്‍ ഇത്തരം തീരുമാനം പാലിന് ജിഎസ്ടി ഏര്‍പ്പെത്തുന്നതിന് തുല്യമാണ്.പാലിന്റെ പരിശുദ്ധി ഉറപ്പാക്കാനായി ചെറുകിട ക്ഷീര കര്‍ഷകര്‍ക്ക് കറവയന്ത്രം ഉള്‍പ്പെടെയുള്ള യന്ത്ര സാമഗ്രികള്‍ അത്യാവശ്യമാണ്. എന്നാല്‍ ഇവയ്ക്ക് ജിഎസ്ടി ക്രെഡിറ്റ്് ലഭിക്കുന്നതിനുള്ള ഉപാധികളുമില്ല. സുരക്ഷിതമായ പാലുല്‍പ്പാദനത്തിനേയും ജനങ്ങളുടെ ആരോഗ്യത്തേയും ഇത് പ്രതികൂലമായി ബാധിക്കും.