പ്രളയഉരുള്‍പൊട്ടല്‍ തയാറെടുപ്പ്: മോക്ക്ഡ്രില്‍ നടത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയഉരുള്‍പൊട്ടല്‍ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും നേതൃത്വത്തില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രളയ സാധ്യതാ മോക്ക് ഡ്രില്ലും കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത മോക്ക്ഡ്രില്ലുമാണു സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ 70 താലൂക്കുകളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചു മോക് ഡ്രില്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് എല്ലാ താലൂക്കുകളിലേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള യോഗം ഓണ്‍ലൈനായി ചേര്‍ന്നു. എന്‍.ഡി.എം.എ. നിരീക്ഷകന്‍ മേജര്‍ ജനറല്‍ സുബൈര്‍ ബാഹി, ആസാം സ്‌റ്റേറ്റ് ദുരന്ത നിവാരണ അതോറിറ്റിയില്‍നിന്നുള്ള ഡോ. കൃപാല്‍ജ്യോതി, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ടി.വി. അനുപമ, കെ.എസ്.ഡി.എം.എ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.