- അപേക്ഷ നല്‍കിയ 540 പേര്‍ക്കാണ് ഇപ്പോള്‍ മരുന്നുകള്‍ ലഭ്യമാക്കുക.
- അപേക്ഷകള്‍ നല്‍കുന്നമുറക്കെ മറ്റുള്ളവര്‍ക്കും മരുന്നുകള്‍ സൗജന്യമായി നല്‍കും.
- വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ 53 രോഗികള്‍ക്ക് രണ്ടാംഘട്ട ധനസഹായ വിതരണവും ചടങ്ങില്‍ നടക്കും.
ജീവനം കിഡ്‌നി വെല്‍ഫയര്‍ ഫൗണ്ടേഷനില് സംഭാവനകള്‍ അയക്കേണ്ട വിലാസം
സെക്രട്ടറി, ജീവനം കിഡ്‌നി വെല്‍ഫയര്‍ ഫൗണ്ടേഷന്‍, കൊല്ലം ജില്ല പഞ്ചായത്ത് അക്കൗണ്ട് നമ്പര്‍ 0815101908278 IFSC:CNRB0000815 കാനറ ബാങ്ക് ആനന്ദവല്ലീശ്വരം ബ്രാഞ്ച്.
സംഭാവന നല്‍കുന്നവര്‍ക്ക് ആദായ നികുതി 80ജി പ്രകാരം പരിരക്ഷ നല്‍കും.
കൊല്ലം: വൃക്ക രോഗികള്‍ക്കും ഡയാലിസിസ് രോഗികള്‍ക്കും കിഡ്‌നി ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞവര്‍ക്കും സൗജന്യമായി മരുന്നുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജീവനം കിഡ്‌നി വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് ആരംഭിക്കുന്ന ജീവനം ഫാര്‍മസിയുടെ ഉദ്ഘാടനം 28ന് വൈകിട്ട് 3ന് റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. അപേക്ഷ നല്‍കിയ 540 പേര്‍ക്കാണ് ഇപ്പോള്‍ മരുന്നുകള്‍ ലഭ്യമാക്കുക അപേക്ഷകള്‍ നല്‍കുന്നമുറക്കെ മറ്റുള്ളവര്‍ക്കും മരുന്നുകള്‍ സൗജന്യമായി നല്‍കും. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ 53 രോഗികള്‍ക്ക് രണ്ടാംഘട്ട ധനസഹായ വിതരണവും ചടങ്ങില്‍ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ അധ്യക്ഷത വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ്, കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എ.ഷാജു, ഹോര്‍ട്ടികോര്‍പ്പ് ആന്‍ഡ് ജീവനം എക്‌സിക്യൂട്ടീവ് അംഗവുമായ അഡ്വ. എസ്. വേണുഗോപാല്‍ വിശിഷ്ടാതിഥികളാവും.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃക്കരോഗികള്‍ക്ക് ചികിത്സാപരമായും മാനസികമായും സാമ്പത്തികമായും പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ജീവനം വെല്‍ഫെയര്‍ സൊസൈറ്റി പ്രവര്‍ത്തിച്ച് വരുന്നത്. ജീവനം പദ്ധതിയില്‍ സൗജന്യമായി കിഡ്‌നി ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ ധനസഹായം, സ്‌കൂള്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍, ക്യാമ്പയിനുകള്‍, സൗജന്യ ആംബുലന്‍സ് വാഹന സൗകര്യങ്ങളും ലഭ്യമാക്കുന്നു. ഡയാലിസിസിന് വിധേയമാകുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിശ്രമ സൗകര്യങ്ങള്‍, വൃക്ക ദാനം ചെയ്യുന്നത് സംബന്ധിച്ചിട്ടുള്ള ബോധവല്‍ക്കരണവും പ്രോത്സാഹനവും ഈ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നു.
കൊല്ലം ജില്ലാ ആശുപത്രിയിലും ജില്ലയിലെ വിവിധ താലൂക്ക് ആശുപത്രികളിലും കിഡ്‌നി ഡയാലിസിസിനായി എത്തുന്ന എല്ലാ രോഗികള്‍ക്കും ജീവനം പദ്ധതിയിലൂടെ സൗജന്യമായി കിഡ്‌നി ഡയാലിസിസ് ചെയ്തു വരുന്നു. ജില്ലാ ആശുപത്രിയില്‍ പ്രതിമാസം ശരാശരി 600 ഡയാലിസിസുകളും അഞ്ച് താലൂക്ക് ആശുപത്രിയിലും കൂടി 400 ഡയാലിസിസുകളും സൗജന്യമായി ചെയ്തുവരുന്നുണ്ട്. ജില്ലാ ആശുപത്രിയില്‍ നിലവില്‍ 40 യൂണിറ്റുകളില്‍ നാല് ഷിഫ്റ്റുകളിലായി 40 ബെഡ് കളുടെ സൗകര്യത്തോടെയാണ് ഡയാലിസിസ് നടന്നുവരുന്നത്.
5 കോടി രൂപയുടെ പ്രത്യേകം പദ്ധതി രൂപീകരിച്ച് 2021 ജനുവരി ഒന്നിന് ശേഷം കൊല്ലം ജില്ലയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് ഒരുലക്ഷം രൂപയുടെ ധനസഹായവും നല്‍കി വരുന്നു.
ജീവനം ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാസം 30 ലക്ഷം രൂപയോളം ഇപ്പോള്‍ ചെലവു വരും. വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ബജറ്റില്‍ തുക മാറ്റി വയ്ക്കുന്നുണ്ടെങ്കിലും ചെലവിന്റെ പകുതി പോലും സമാഹരിക്കാന്‍ കഴിയുന്നില്ല. പൊതുജനങ്ങലില്‍ നിന്നുകൂടി തുക സമാഹരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ ജില്ല പഞ്ചായത്ത് ശ്രമിക്കുന്നത്.അതിന്റെ ഭാഗമായി ജീവനം കിഡ്‌നി വെല്‍ഫയര്‍ ഫൗണ്ടേഷനില് സംഭാവന നല്‍കുന്നവര്‍ക്ക് ആദായ നികുതി 80ജി പ്രകാരം പരിരക്ഷ നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് സാം കെ ഡാനിയൽ, വൈസ് പ്രസിഡൻറ് വി. സുമലാല്‍, സി.ബാൽഡുവിൻ ജില്ലാപഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.