കൊച്ചി ബിനാലെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മതേതരവേദി: പ്രൊഫ. അനിത രാംപാല്‍

കൊച്ചി: അതിശയിപ്പിക്കുന്ന അനുഭവമാണ് കൊച്ചി മുസിരിസ് ബിനാലെയെന്ന് പ്രമുഖ വിദ്യാഭ്യാസ വിദഗ്ധ പ്രൊഫ. അനിത രാംപാല്‍. ലോകമെമ്പാടും കൊച്ചി ബിനാലെ ചര്‍ച്ച ചെയ്യപ്പെടുന്നു. സന്തോഷകരമാണ്. കൊച്ചി ബിനാലെയിലെ യുവാക്കളുടെ പങ്കാളിത്തം ഏറെ പ്രധാനപ്പെട്ടതും ശ്രദ്ധേയവുമാണ്. വിദ്യാഭ്യാസ രംഗം വിശേഷിച്ചും കലാപഠന മേഖല ഏറെ ഏറെ താത്പര്യത്തോടെയും പ്രത്യാശയോടെയുമാണ് ബിനാലെയെ വീക്ഷിക്കുന്നതെന്ന് മനസിലാക്കാനായിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള ഏറ്റവും സുപ്രധാന മതേതര വേദിയാണ് കൊച്ചി ബിനാലെ.
സ്റ്റുഡന്റ് ബിനാലെ വേദികള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ദല്‍ഹി സര്‍വ്വകലാശാലയില്‍ അധ്യാപികയായ അനിത രാംപാല്‍.കോവിഡ് പ്രതിസന്ധിക്ക് ശേഷം ബിനാലെ പുനരാരംഭിച്ചത് ഏറെ സന്തോഷകരമാണ്. അഞ്ചു പതിപ്പുകൊണ്ട് ബഹുജന മാധ്യമമെന്ന നിലയ്ക്ക് സുസ്ഥാപിതമാകാന്‍ കൊച്ചി ബിനാലെക്ക് സാധിച്ചു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ ബിനാലെയില്‍ പങ്കെടുക്കാനും ആസ്വദിക്കാനും എത്തുന്നത് അതുകൊണ്ടാണെന്നു പ്രൊഫ.അനിത രാംപാല്‍ ചൂണ്ടിക്കാട്ടി. മുന്‍മന്ത്രി പി കെ ശ്രീമതി, കാസര്‍ഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
ലോകത്തു തന്നെ ഏറ്റവുമധികം പ്രശംസയും പ്രശസ്തിയും കേരളത്തിന് നല്‍കുന്ന മഹാസംരംഭമാണ് കൊച്ചി മുസിരിസ് ബിനാലെയെന്ന് പി കെ ശ്രീമതി പറഞ്ഞു. താന്‍കൂടി ഉള്‍പ്പെട്ട മന്ത്രിസഭയുടെ കാലത്താണ് കൊച്ചി ബിനാലെക്ക് തുടക്കമുണ്ടായതെന്നതില്‍ അഭിമാനവും സന്തോഷവുമുണ്ട്. മുന്‍മന്ത്രിമാരായ എം എ ബേബിയും ഡോ.തോമസ് ഐസക്കുമാണ് കേരളീയ സംസ്‌കാരത്തിന്റെ ഔന്നത്യവും പാരമ്പര്യവും മഹത്വവും വിളിച്ചോതുന്ന ഈ മഹത്തായ മേളയ്ക്ക് മുന്‍കയ്യെടുത്തത്. ആദ്യ പതിപ്പിന് ശേഷം പിന്നീട് ഇപ്പോഴാണ് ബിനാലെക്ക് എത്തുന്നതെങ്കിലും അത് ആദരണീയ പ്രൊഫ. അനിത രാംപാലിനൊപ്പമാണെന്നത് ആഹഌദകരം. ലോകം കേരളത്തെ, ഇവിടത്തെ സാംസ്‌കാരത്തെ കൂടുതല്‍ കൂടുതല്‍ അറിയുന്നതിന് ബിനാലെ വഴിയൊരുക്കുമെന്നും ശ്രീമതി പറഞ്ഞു. വിശിഷ്ട സന്ദര്‍ശകരെ ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ആസ്പിന്‍വാള്‍ ഹൗസില്‍ സ്വീകരിച്ചു.