ദേശീയപാതയിലെ വിള്ളല്‍: ശാസ്ത്രീയ പരിഹാരം ഒരു മാസത്തിനകം മന്ത്രി കെ രാജന്‍

ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു

തൃശൂര്‍: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയില്‍ വഴുക്കുംപാറയ്ക്ക് സമീപം റോഡിലുണ്ടായ വിള്ളലിന് നാലാഴ്ചയ്ക്കുള്ളില്‍ ശാസ്ത്രീയ പരിഹാരം കാണും. ഇതുമായി ബന്ധപ്പെട്ട് റവന്യു മന്ത്രി കെ രാജന്‍ വിളിച്ചുചേര്‍ത്ത ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയരക്ടറും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലം പരിശോധിച്ച ശേഷം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു യോഗം. റോഡിന് വിള്ളലുണ്ടായ ഭാഗത്തെ പാര്‍ശ്വഭിത്തി നിര്‍മാണത്തില്‍ ഗുരുതരമായ അപാകതയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
സര്‍വീസ് റോഡ് നിലനിര്‍ത്തിക്കൊണ്ട് നിലവിലെ പാര്‍ശ്വഭിത്തി ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ നാലാഴ്ചയ്ക്കകം കൈക്കൊള്ളാനാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ സംരക്ഷണ ഭിത്തി നിര്‍മിച്ചതില്‍ കരാറുകാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി യോഗം വിലയിരുത്തി. റോഡിന്റെ ചരിവിലേക്ക് മഴവെളളം കിനിഞ്ഞിറങ്ങാത്ത രീതിയിലായിരിക്കും ഭിത്തിയുടെ ആ ഈ ഭാഗം പുനര്‍നിര്‍മിക്കുക. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം നിര്‍മാണം. പ്രവൃത്തിയുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനും ദേശീയപാതാ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
ദേശീയപാത അതോറിറ്റിയുടെ പ്രദേശത്തെ മേല്‍നോട്ട ചുമതലയുള്ള റെസിഡന്റ് എന്‍ജിനിയര്‍ രണ്ട് ദിവസത്തിലൊരിക്കലും സൈറ്റ് എന്‍ജിനിയര്‍ നാല് ദിവസത്തിലൊരിക്കലും സ്ഥലത്ത് നേരിട്ടെത്തി നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തും. കൂടാതെ ജില്ലാ കലക്ടര്‍ നിര്‍ദേശിക്കുന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥസംഘം അഞ്ച് ദിവസത്തിലൊരിക്കല്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണപുരോഗതിയും ഗുണനിലവാരവും വിലയിരുത്തി റിപോര്‍ട്ട് നല്‍കും. റോഡ് ഇടിഞ്ഞ ഭാഗത്ത് കോണ്‍ക്രീറ്റ് ബീം കെട്ടി ബലപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളാനും യോഗം നിര്‍ദ്ദേശം നല്‍കി. പ്രദേശത്തെ സര്‍വീസ് റോഡ് ഉള്‍പ്പെടെ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയുള്ള ചെയ്ഞ്ച് ഓഫ് സ്‌കോപ്പ് ശുപാര്‍ശയ്ക്ക് ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി മന്ത്രി എന്ന നിലയിലും സ്ഥലം എംഎല്‍എ എന്ന നിലയിലും സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടത്തും. ഇക്കാര്യത്തില്‍ എംപിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണം തേടുമെന്നും മന്ത്രി അറിയിച്ചു.
കൊടുങ്ങല്ലൂര്‍ മിനി സിവില്‍ സ്‌റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, എന്‍എച്ച്എഐ പ്രൊജക്റ്റ് ഡയറക്ടര്‍ ബിപിന്‍ മധു, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (റോഡ്‌സ്) എസ് ഹരീഷ്, അസി. എക്‌സി. എന്‍ജിനീയര്‍ (പാലം) നിമേഷ് പുഷ്പന്‍, എന്‍എച്ച്എഐ സൈറ്റ് എന്‍ജിനിയര്‍ അശ്വിന്‍ പി വിജയന്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.