മാലിന്യശേഖരണത്തിലെ ഹൈടെക് മാതൃക; ക്യൂ ആര്‍ കോഡുമായി കുന്നംകുളം നഗരസഭ

അജൈവ മാലിന്യ ശേഖരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എല്ലാ വീടുകളിലും ക്യൂ ആര്‍ കോഡ് സംവിധാനം

കുന്നംകുളം: മാലിന്യശേഖരണ സംസ്‌ക്കരണ പദ്ധതിയില്‍ നൂതന സംവിധാനങ്ങള്‍ അവതരിപ്പിച്ച് ജനകീയമാവാന്‍ കുന്നംകുളം നഗരസഭ.

അജൈവ മാലിന്യ ശേഖരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എല്ലാ വീടുകളിലും ക്യൂ ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് നഗരസഭ. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ അജൈവ മാലിന്യ ശേഖരണത്തിനെത്തുന്ന ദിവസങ്ങള്‍ മുന്‍കൂട്ടി വീടുകളില്‍ അറിയിക്കാനും മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് ഓരോ വീടുകളിലെയും അസൗകര്യങ്ങള്‍ ഹരിതകര്‍മ്മസേനയെ അറിയിക്കാനും ഇതുവഴി സാധിക്കും.

നഗരസഭയ്ക്ക് കീഴിലുള്ള എല്ലാ വീടുകളും സ്ഥാപനങ്ങളും മാലിന്യ സംസ്‌കരണത്തില്‍ എത്രത്തോളം പങ്കാളികളാകുന്നു എന്നതും ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ക്ക് വിലയിരുത്താനും ക്യുആര്‍ കോഡ് സംവിധാനം വഴി സാധിക്കും.

ഇതിന് പുറമെ മാലിന്യ ശേഖരണത്തിലെ അപാകതകള്‍ എന്തെന്ന് കണ്ടെത്താനും അത് പരിഹരിക്കാനും ക്യൂ ആര്‍ കോഡിലൂടെ സാധിക്കും. അജൈവ മാലിന്യ ശേഖരണത്തിന് ഓരോ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഈടാക്കുന്ന യൂസര്‍ഫീ ഗൂഗിള്‍ പേ വഴി അടയ്ക്കാനുള്ള സംവിധാനവും ഒരുക്കുമെന്ന് നഗരസഭ അറിയിച്ചു.

നല്ല വീട് നല്ല നഗരം പദ്ധതിയിലൂടെ നഗരത്തിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ജൈവ മാലിന്യ സംസ്‌ക്കരണത്തിന് ബയോബിന്നുകളും അജൈവ മാലിന്യ ശേഖരണത്തിന് ഹരിതകര്‍മ്മസേനയും രൂപീകരിച്ച സംസ്ഥാനത്തെ ആദ്യ നഗരസഭയാണ് കുന്നംകുളം.