സംസ്ഥാനത്ത് ഖനനാനുമതി ഇനി ഓണ്‍ലൈന്‍ വഴി ലഭിക്കും
തിരുവനന്തപുരം: പാരിസ്ഥിതിക ആഘാതം കുറഞ്ഞ രീതിയിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുള്ള മികച്ച സംവിധാനങ്ങള്‍ കേരളത്തിലും കൊണ്ടുവരേണ്ടതുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. വിദേശ സന്ദര്‍ശനത്തിനിടെ ഇത്തരം മികച്ച മാതൃകകള്‍ കാണാനിടയായെന്നും ഇത്തരത്തില്‍ പ്രകൃതിക്ക് വലിയ പ്രത്യാഘാതങ്ങളില്ലാതെ ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രീതി സമീപഭാവിയില്‍ത്തന്നെ സംസ്ഥാനത്തുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഖനനാനുമതി ഓണ്‍ലൈനായി അനുവദിക്കുന്നതിനായി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഗഛങജഅട പോര്‍ട്ടലില്‍ നാല് മൊഡ്യൂളുകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന്റെ ലോഞ്ചിങ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സേവനങ്ങളില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പ് വരുത്തുന്നതിന് സാങ്കേതിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്നു മന്ത്രി നിര്‍ദ്ദേശിച്ചു. എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതോടെ പ്രവര്‍ത്തന വേഗം കൂടുതല്‍ മെച്ചപ്പെടും. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലെത്തുന്ന നിയമാനുസൃതമായ ഓരോ അപേക്ഷകര്‍ക്കും സേവനം അതിവേഗത്തില്‍ ലഭ്യമാക്കുന്നുവെന്ന് ഉദ്യാഗസ്ഥര്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. നിയമപ്രകാരമല്ലാത്ത അപേക്ഷകള്‍ക്ക് യാതൊരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ല. ഫയലുകള്‍ കെട്ടിക്കിടക്കുന്നതിനുള്ള അവസരം നല്‍കരുതെന്നും അപേക്ഷകള്‍ ലഭിച്ച് അഞ്ച് ദിവസത്തിനകം തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഢംബര വിഭാഗത്തിലുള്‍പ്പെടാത്ത അളവിലുള്ള കെട്ടിട നിര്‍മാണത്തിനായി മണ്ണ് മാറ്റുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തന്നെ അനുമതി നല്കാവുന്ന സംവിധാനം അധികം വൈകാതെ നിലവില്‍ വരും. ആഢംബര വിഭാഗത്തിലുള്‍പ്പെടുന്ന കെട്ടിടങ്ങള്‍ക്ക് മാത്രം മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുമതി നിര്‍ബന്ധമാക്കുന്നത് മികച്ച ഫലം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ധാതു ഖനനത്തിനുള്ള ദീര്‍ഘകാല അനുമതിയായ ക്വാറീയിങ് ലീസ്, ഹ്രസ്വകാല അനുമതിയായ ക്വാറീയിങ് പെര്‍മിററ്, ധാതു നീക്കം ചെയ്യാനുദ്ദേശിക്കുന്ന അളവ്, ഖനനാനുമതിക്കായി അപേക്ഷിക്കുന്ന സ്ഥലത്തിന്റെ വിസ്തൃതി, സാധാരണ മണ്ണിനുള്ള ക്വാറീയിങ് പെര്‍മിറ്റിനായി ഗടണകഎഠഗഛങജഅട സംയോജിത സോഫ്റ്റ്വെയര് മുഖേനയുള്ള അപേക്ഷ എന്നിവയാണ് പുതുയായി പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയത്. ധാതു ഖനനം/ സംഭരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്കുള്ള ഇ പാസ് പോര്‍ട്ടല്‍ വഴി അനുവദിക്കുന്നുണ്ട്. കൂടാതെ നിലവില്‍ സംസ്ഥാനത്ത് അനുവദിച്ച ഖനനാനുമതികളുടെ വിവരങ്ങളും ഗഛങജഅട ല്‍ ലഭ്യമാണ്.
പരിപാടിയില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ദേവീദാസ് എന്‍ റി്പ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.ഐ.സി. സി.ഇ.എം വി ടി സന്തോഷ്, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം രാഘവന് എന്നിവര്‍ പ്രസംഗിച്ചു.