മഹാരാഷ്ട്ര പ്രതിസന്ധി: രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മുംബൈ : മഹാരാഷ്ട്ര വികാസ് അഘാഡി എന്ന ഭരണമുന്നണിക്ക് നേതൃത്വം നല്കുന്ന ശിവസേനയിലുണ്ടായ ഭിന്ന സ്വരങ്ങളെതുടര്‍ന്ന് മഹാരാഷ്ട്രയില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെ
രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്ത്. കോവിഡ് രോഗബാധിതനായതിനാല്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഉദ്ധവ് നിലപാട് വ്യക്തമാക്കിയത്. ഔദ്യോഗിക വസതിയില്‍ നിന്ന് ഉടന്‍ മാറും. മുഖ്യമന്ത്രി പദവിയോട് ആര്‍ത്തിയില്ല. ഭരണപരിചയമില്ലാതെയാണ് മുഖ്യമന്ത്രിയായതെന്നും കോവിഡ് അടക്കം പല പ്രതിസന്ധികളും നേരിട്ടെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന എംഎല്‍എമാരുടെ വിമത നീക്കത്തിലൂടെ മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി രൂക്ഷമായിരിക്കെയാണ് ഉദ്ധവ് താക്കറെ രംഗത്തെത്തിയത്. കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് ഫെയ്‌സ്ബുക് ലൈവിലൂടെ ഉദ്ധവ് സംസാരിച്ചത്. ‘ഏകനാഥ് ഷിന്‍ഡെയ്‌ക്കൊപ്പം പോയ ചില എംഎല്‍എമാര്‍ വിളിച്ചിരുന്നു. അവര്‍ പറയുന്നത്, അവരെ ബലമായി പിടിച്ചുകൊണ്ടു പോയതാണെന്നാണ്’–ഉദ്ധവ് വ്യക്തമാക്കി.മുഖ്യമന്ത്രി സ്ഥാനത്തോട് ആര്‍ത്തിയില്ല. അതിനായി ആരോടും യുദ്ധം ചെയ്തിട്ടില്ല. എന്റെ ആളുകള്‍ക്ക് മുഖ്യമന്ത്രി പദത്തില്‍ എന്നെ വേണ്ടെങ്കില്‍, ഞാന്‍ മുഖ്യമന്ത്രി ആയിരിക്കുന്നതില്‍ ഒരു എംഎല്‍എയ്ക്ക് എങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അതെന്നോട് നേരിട്ടു പറയൂ..ആ നിമിഷം ഞാന്‍ രാജിവയ്ക്കും. പക്ഷേ എന്റെ അടുത്ത് വന്ന് മുഖാമുഖം സംസാരിക്കണം. എന്തിനാണ് സൂറത്തിലേക്കു പോയിരിക്കുന്നത്?. മാത്രമല്ല ഞാന്‍ ശിവസേനയെ നയിക്കാന്‍ യോഗ്യനല്ലെങ്കിലും അതെന്നോടു പറയാം. ആ സ്ഥാനത്തുനിന്നു മാറാനും ഞാന്‍ തയാറാണ്.പകരം ശിവസേനയില്‍നിന്ന് ആര്‍ക്കു വേണമെങ്കിലും മുഖ്യമന്ത്രിയാകാമെന്നും ഉദ്ധവ് പറഞ്ഞു.ഹിന്ദുത്വയില്‍ വിട്ടുവീഴ്ചയില്ല, അതിനായി പോരാടും. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബാലാ സാഹേബിന്റെ ശിവസേനയില്‍ നിന്ന് ഒരുമാറ്റവുമില്ല. ശിവസേനയില്‍ ചിലര്‍ക്ക് തന്നെ ആവശ്യമില്ല. പരസ്പരം ഭയമുള്ള ശിവസേനയെ എനിക്ക് വേണ്ട. ബാലാ സാഹേബ് ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.