രണ്ടാം ജി20 എംപവര്‍ യോഗത്തിനു തിരുവനന്തപുരത്ത് തുടക്കമായി

തിരുവനന്തപുരം: ‘സ്ത്രീ ശാക്തീകരണം: സമതയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണപ്രദം’ എന്ന വിഷയത്തില്‍ നടക്കുന്ന രണ്ടാമതു ജി20 എംപവര്‍ യോഗത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ദ്വിദിന എംപവര്‍ യോഗം കേന്ദ്ര വനിതാശിശുവികസന സഹമന്ത്രി ഡോ. മുജ്ഞ്പര മഹേന്ദ്രഭായി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ സംരംഭകത്വവും നേതൃത്വവും പരിപോഷിപ്പിക്കുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അതിനായി മാര്‍ഗനിര്‍ദേശം, ശേഷി വര്‍ധിപ്പിക്കല്‍, ധനസഹായം എന്നിവയ്ക്കുള്ള മാര്‍ഗങ്ങള്‍ ഒരുക്കണം. സംരംഭകത്വം, സ്‌റ്റെം വിദ്യാഭ്യാസം, താഴേത്തട്ടിലുള്ള സ്ത്രീകളുടെ നേതൃത്വം എന്നിവയില്‍ ഊന്നല്‍ നല്‍കി സ്ത്രീകള്‍ നയിക്കുന്ന വികസനം പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടു.
ശ്രദ്ധാകേന്ദ്രമായ മേഖലകളിലൊന്ന് വനിതാ സംരംഭകത്വമാണ്. ലിംഗസമത്വവും സാമ്പത്തിക വളര്‍ച്ചയും കൈവരിക്കുന്നതിന് ഇതിനാണ് ഇന്ത്യ പ്രാധാന്യമേകുന്നത്. 230 ദശലക്ഷത്തിലധികം സ്ത്രീകള്‍ വ്യാവസായിക വായ്പകളുടെ പ്രയോജനം നേടി. താഴെത്തട്ടില്‍ സംരംഭകത്വ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഈ മേഖലയില്‍ ഇന്ത്യ ഇതിനകം ഗണ്യമായ മുന്നേറ്റം നടത്തി. വിഭവങ്ങള്‍, ധനസഹായം, ഡിജിറ്റല്‍ സാക്ഷരത എന്നിവയിലൂടെ ഇന്ത്യ സ്ത്രീകളെയും പെണ്‍കുട്ടികളെയും എങ്ങനെ ശാക്തീകരിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 257 ദശലക്ഷത്തിലധികം ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ സ്ത്രീകള്‍ക്കായി തുറന്നു. സാമ്പത്തിക സേവനങ്ങളിലേക്കുള്ള പ്രവേശനം വര്‍ദ്ധിപ്പിച്ചു. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിച്ചു. ഇന്ത്യന്‍ സായുധ സേനയില്‍ 2091 ഓളം വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം നിയമനം ലഭിക്കുന്ന സായുധസേനകള്‍ പോലുള്ള പാരമ്പര്യേതര മേഖലകളില്‍ വനിതകളെ പിന്തുണയ്ക്കുന്നതിന്റെ ശക്തമായ ചരിത്രം രാജ്യത്തിനുണ്ട്. ജി20 എംപവറിനു കീഴില്‍, ഇന്ത്യ ആഗോള മാര്‍ഗനിര്‍ദേശക, നൈപുണ്യവര്‍ധന വേദി സൃഷ്ടിക്കുക, സുസ്ഥിര സാമ്പത്തിക മാതൃക ഒരുക്കുക, സ്ത്രീകള്‍ നയിക്കുന്ന വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇമാര്‍ക്കറ്റ്‌പ്ലേസ് സ്ഥാപിക്കുക എന്നിവയാണ് ഇന്ത്യ വിഭാവനം ചെയ്യുന്നതെന്നു മന്ത്രി പറഞ്ഞു.
സ്ത്രീകളുടെ ജീവിതപ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഇന്ത്യ ലോകത്തിനു മാതൃകയായി മുന്നേറുകയാണെന്നു ചടങ്ങില്‍ സംസാരിച്ച വനിതാശിശുവികസന സെക്രട്ടറി ഇന്ദീവര്‍ പാണ്ഡെ പറഞ്ഞു. രാജ്യത്തെ 500 ദശലക്ഷത്തിലധികം പൗരന്മാര്‍ക്ക് സൗജന്യ ചികിത്സ നല്‍കിക്കൊണ്ട്, പ്രാഥമിക ദ്വിതീയ തൃതീയ തലങ്ങളില്‍ ആരോഗ്യ സംരക്ഷണ സംവിധാനത്തെ ആയുഷ്മാന്‍ ഭാരത് ഏതുരീതിയിലാണ് അഭിസംബോധന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ 49.3ശതമാനം ഗുണഭോക്താക്കളും സ്ത്രീകളാണ്.
സ്ത്രീകള്‍ക്കിടയില്‍ ആര്‍ത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്ന ഗവണ്‍മെന്റ് ഫാര്‍മസികള്‍ (ജന്‍ ഔഷധി കേന്ദ്രങ്ങള്‍) വഴി 310 ദശലക്ഷം ഓക്‌സോബയോഡീഗ്രേഡബിള്‍ സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ ഒരു രൂപയ്ക്കു വിതരണം ചെയ്തിട്ടുണ്ടെന്നും ഡബ്ല്യുസിഡി സെക്രട്ടറി പറഞ്ഞു. ഇന്ത്യയിലെ സ്‌റ്റെം ബിരുദധാരികളില്‍ 43ശതമാനം സ്ത്രീകളാണെന്ന് സ്വാഗതപ്രസംഗത്തില്‍ ജി 20 എംപവര്‍ അധ്യക്ഷ ഡോ. സംഗീത റെഡ്ഡി പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച കമ്മ്യൂണിറ്റി പ്രോഗ്രാമുകളിലൊന്നാണ് ഇന്ത്യയിലുള്ളത്. ഏകദേശം നാലുലക്ഷം സ്വയംസഹായ അംഗങ്ങള്‍ പരിശീലനം നേടിയ കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരായുണ്ട്. കൂടാതെ ഡിജിറ്റല്‍വല്‍ക്കരണം സ്ത്രീകളെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രാപ്തമാക്കുന്ന ഒരു വലിയ മാറ്റം കൊണ്ടുവരുന്നു. പ്രൊഫഷണല്‍ മാര്‍ഗനിര്‍ദേശത്തിനായി വനിതാ പ്രൊഫഷണലുകള്‍ക്കും സംരംഭകക്കും പിന്തുണ വിഭാവനം ചെയ്യുന്ന മാര്‍ഗനിര്‍ദേശക വേദിയിലും വിദ്യാഭ്യാസത്തിനും നൈപുണ്യവര്‍ധനയ്ക്കുമുള്ള ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍ പ്ലാറ്റ്‌ഫോമിലും കൈവരിച്ച പുരോഗതിയെക്കുറിച്ചും ഡോ. സംഗീത റെഡ്ഡി പറഞ്ഞു. 121 ഭാഷകളില്‍ ലഭ്യമാകുന്ന ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ ഫ്‌ലൂവന്‍സി പ്ലാറ്റ്ഫോം ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കുള്ള ഇന്ത്യയുടെ സമ്മാനമാണെന്നും ഡോ. റെഡ്ഡി പറഞ്ഞു.ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായി പ്രത്യേക പ്രദര്‍ശനവും കേന്ദ്ര സഹമന്ത്രി ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഒരുക്കിയ ഈ പ്രദര്‍ശനം, സമ്പദ്‌വ്യവസ്ഥയിലും പരമ്പരാഗത സംരംഭങ്ങളിലും സ്ത്രീകളുടെ സ്വാധീനം ഉയര്‍ത്തിക്കാട്ടുകയും കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരം സംരക്ഷിക്കുന്നതില്‍ സ്ത്രീകളുടെ പങ്ക് എടുത്തുകാട്ടുകയും ചെയ്യുന്നു.