നക്ഷത്ര ദീപങ്ങൾ തിളങ്ങി: ക്രിസ്മസ് വിപണി സജീവം

വർത്തമാനം ബ്യുറോ

ജ്യോതിരാജ്.എൻ.എസ്

പേപ്പർ നക്ഷത്രങ്ങളുടെ വിൽപ്പനയിൽ ഗണ്യമായ വർദ്ധവാണ് ഉണ്ടായിട്ടുള്ളത്. ടിഷ്യു പേപ്പർ കൊണ്ടുള്ള പല വർണ്ണങ്ങളിലുള്ള നക്ഷത്രങ്ങൾക്ക് ഇക്കുറി ആവശ്യക്കാർ ഏറെയാണ്

കൊല്ലം: കൃസ്തുമസ് വരവറിയിച്ച്  നഗരങ്ങളിൽ വിപണി ഉണർന്നു.  നക്ഷത്രങ്ങൾ ക്രിസ്മസ് ട്രീ അലങ്കാരവസ്തുക്കള്‍, പുൽക്കുടുകൾ തുടങ്ങിയവയുടെ വില്‍പ്പന നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും കടകളിൽ ആരംഭിച്ചു.  വില്‍പ്പനയ്‌ക്കെത്തിയവയില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച വസ്തുക്കളാണ്. ക്രിസ്തുമസ് ട്രീ അടക്കമുള്ളവയെല്ലാം പ്ലാസ്റ്റിക് ആണ്.

എങ്കിലും ഇക്കുറി പേപ്പർ നക്ഷത്രങ്ങളുടെ വിൽപ്പനയിൽ ഗണ്യമായ വർദ്ധവാണ് ഉണ്ടായിട്ടുള്ളത്. ടിഷ്യു പേപ്പർ കൊണ്ടുള്ള പല വർണ്ണങ്ങളിലുള്ള നക്ഷത്രങ്ങൾക്ക് ഇക്കുറി ആവശ്യക്കാർ ഏറെയാണ്, അതുകൊണ്ടു മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ പേപ്പർസ്റ്റാറുകളുടെ ഉൽപ്പാദനം കൂട്ടിയിട്ടുണ്ട്. കൊല്ലം സെൻ്റ് തോമസ് ഇൻഡസ്ട്രീസ് ഉടമ ഡേവിഡ് തോമസ് പറഞ്ഞു. എല്ലാ വര്‍ഷവും ക്രിസ്മസ് വിപണിയില്‍ ഒരു പുതിയ ഘടകം ഉണ്ടാകും. പുതിയ ഇനം നക്ഷത്രങ്ങള്‍, മരങ്ങള്‍, പുൽക്കൂട് എന്നിവയും ഉണ്ടാകും.

സ്‌നോ-ക്യാപ്ഡ് ക്രിസ്മസ് ട്രീകളും ഇരട്ട-വശങ്ങളും നീളവുമുള്ള എല്‍ഇഡി നക്ഷത്രങ്ങളും മുന്‍ വര്‍ഷങ്ങളില്‍ വിപണിയില്‍ പുതുമയായിരുന്നു. എന്നാല്‍, ഈ വര്‍ഷം പുതിയതൊന്നും അവതരിപ്പിച്ചിട്ടില്ലെന്ന് കൊല്ലം മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ പറയുന്നു. ക്രിസ്മസ് കാര്‍ഡുകളുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ട്. എല്‍ഇഡി നക്ഷത്രങ്ങളുടെ വരവോടെ, പേപ്പര്‍ നക്ഷത്രങ്ങളുടെ വരവ് മുൻകാലങ്ങളെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്.
വലിയ ഇടിവാണ് ക്രിസ്മസ് കാര്‍ഡ് വില്‍പ്പനയിലുമുണ്ടായിരിക്കുന്നത്.
സോഷ്യല്‍ മീഡിയയുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ ഗ്രീറ്റിംഗ്‌സ് കാര്‍ഡുകള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മയായി.

പേപ്പര്‍ നക്ഷത്രത്തിന്റെ വില 50 മുതല്‍ 650 രൂപ വരെയും എല്‍ഇഡി നക്ഷത്രത്തിന് 150 മുതല്‍ 500 രൂപ വരെയുമാണ്. ക്രിസ്മസ് ട്രീയുടെ വില 300 മുതല്‍ 10,000 രൂപ വരെയാണ്.

കേക്കുകൾ

നഗരത്തിലെ വിവിധ ബേക്കറികളില്‍ വ്യത്യസ്ത ഇനം കേക്കുകള്‍ നിര്‍മ്മിച്ച്‌ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്ലം കേക്ക് മുതല്‍ ക്രീം കേക്കുകള്‍ വരെയുണ്ട്. പ്ലം കേക്കിന് കിലോയ്ക്ക് 200 മുതല്‍ 500 രൂപ വരെ വിലവരും. എന്നാല്‍, ക്രീം കേക്കുകള്‍ക്ക് 600 മുതല്‍ 3000 രൂപ വരെയുണ്ട്. ക്രീമുകളുടെ പ്രത്യേകത അനുസരിച്ചാണ് വിലയില്‍ വ്യത്യാസം വരുന്നത്. ബീറ്റ്‌റൂട്ട് കേക്ക്, ഡാര്‍ക്ക് ഫാന്റസി, ചെറി തുടങ്ങി ജനകീയ കേക്കുകള്‍ക്കാണ് ഏറെ പ്രിയമെന്ന് ബേക്കറിക്കാര്‍ പറയുന്നു. ഇതോടൊപ്പമാണ് വീര്യം കുറഞ്ഞ വൈന്‍ വില്‍പ്പനയും. വരും ദിവസങ്ങളില്‍ ക്രിസ്മസ് ആഘോഷം പൊടിപൊടിക്കാന്‍ പോന്ന വിഭവങ്ങള്‍ എത്തിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.