കൂലിയും തൊഴിലുമില്ല, കശുഅണ്ടി വ്യവസായ മേഖലയും തകർച്ചയിലേക്ക്

ചുറ്റുവട്ടം

സി.വിമൽകുമാർ

സംസ്ഥാനത്ത് തൊഴിലുറപ്പ് ജോലിക്ക് പോകുന്ന ഒരു തൊഴിലാളിക്ക് ദിവസം 311 രൂപ കൂലികിട്ടും. കൂലിപ്പണിക്ക് പോകുന്ന തൊഴിലാളിക്ക് ഏറ്റവും കുറഞ്ഞത് 1000 രൂപ കൂലി ലഭിക്കും. 

കശുഅണ്ടി മേഖലയിലെ ഒരു തൊഴിലാളിക്ക് കിട്ടുന്ന ദിവസക്കൂലി വെറും 285 രൂപ!

കൊല്ലം: വ്യവസായ വളർച്ചയ്ക്ക് വളക്കൂറില്ലാത്ത മണ്ണായി കേരളം മാറുമ്പോൾ പരമ്പരാഗത വ്യവസായങ്ങളും നാടുനീങ്ങുകയാണ്. കയർ, കൈത്തറി മേഖലകൾ ഏതാണ്ട് പാടെ ഇല്ലാതായി. കശുഅണ്ടി വ്യവസായവും ഇതേപാതയിലാണെന്നാണ് ആ തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ നൽകുന്ന ദിശാസൂചിക.

മൂന്ന് ലക്ഷത്തിലേറെ തൊഴിലാളികൾ ജോലിചെയ്തിരുന്ന മേഖലയിൽ ഇന്ന് കഷ്ടിച്ച് അരലക്ഷം പേർക്ക് പോലും തൊഴിലില്ല. വ്യവസായത്തിന്റെ നട്ടെല്ലായിരുന്ന സ്വകാര്യമേഖല  പൂർണമായും നിശ്ചലമാണ്. സ്വകാര്യ മേഖലയെക്കൂടി കരകയറ്റാതെ വ്യവസായത്തിന് പിടിച്ചു നിൽക്കുക പ്രയാസമാണ്.

സംസ്ഥാനത്ത് തൊഴിലുറപ്പ് ജോലിക്ക് പോകുന്ന ഒരു തൊഴിലാളിക്ക് ദിവസം 311 രൂപ കൂലികിട്ടും. കൂലിപ്പണിക്ക് പോകുന്ന തൊഴിലാളിക്ക് ഏറ്റവും കുറഞ്ഞത് 1000 രൂപ കൂലി ലഭിക്കും.  കശുഅണ്ടി മേഖലയിലെ ഒരു തൊഴിലാളിക്ക് കിട്ടുന്ന ദിവസക്കൂലി വെറും 285 രൂപ!

കേരളത്തിലെ ജീവിതച്ചിലവ് കണക്കാക്കുമ്പോൾ ഇത്രയും തുച്ഛമായ കൂലികൊണ്ട് എങ്ങനെ ഒരു കുടുംബം പുലരുമെന്ന് ചോദിച്ചാൽ ഭരിക്കുന്നവർക്കോ ഇടത്, വലത് മുന്നണികളിലെ കക്ഷികൾക്കോ പ്രമുഖ തൊഴിലാളി സംഘടനകൾക്കോ ഉത്തരമില്ല. തൊഴിലാളി സർവ്വാധിപത്യവും തൊഴിലാളി- മുതലാളി സമത്വവും സ്വപ്നം കാണുന്ന ഇടത് ട്രേഡ് യൂണിയനുകളും ഈ വിഷയത്തിൽ മൗനത്തിലാണ്. പറഞ്ഞു മടുത്തിട്ടും വാക്കാൽ പ്രതിഷേധിച്ചിട്ടും ഫലംകാണാഞ്ഞതിനാലും ജീവിതം വഴിമുട്ടിയതിനാലുമാകാം കൊല്ലത്തെ കശുഅണ്ടി തൊഴിലാളികൾ സമര രംഗത്തിറങ്ങാൻ നിർബ്ബന്ധിതരായി.

പൊതുമേഖലാസ്ഥാപനമായ സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷനു കീഴിലുള്ള ഫാക്ടറി തൊഴിലാളികളാണ് ഒരു ട്രേഡ്‌യൂണിയന്റെയും പിന്തുണയില്ലാതെ സമരത്തിനിറങ്ങിയത്. മിനിമം കൂലി പുതുക്കി നിശ്ചയിക്കുക, ഇ.എസ്.ഐ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കുക, വർഷത്തിൽ പകുതി ദിവസമെങ്കിലും ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരം 14 ദിവസം പിന്നിട്ടപ്പോൾ അധികൃതർ ഇടപെട്ട് സമരം താത്ക്കാലികമായി ഒത്തുതീർപ്പാക്കി.

കശുഅണ്ടി തൊഴിലാളികൾക്ക് 7 വർഷം മുമ്പ് നിശ്ചയിച്ച മിനിമം കൂലിയാണ് ഇന്നും തുടരുന്നത്. ഒരു ജോലിയുടെ കൂലിയാണിത്. അതായത് ഒരുദിവസം രാവിലെ ഒരു നിശ്ചിത തൂക്കം (10 കിലോഗ്രാം വരെ) പരിപ്പ് നൽകും. മിക്ക തൊഴിലാളിക്കും ഇത്രയും പരിപ്പ് സംസ്ക്കരിക്കാൻ ഒന്നര, രണ്ട് ദിവസം വേണ്ടിവരും. ഇതിനുള്ള കൂലിയാണ് 285 രൂപ. ഇങ്ങനെ മാസത്തിൽ 5 ജോലിയേ തൊഴിലാളിക്ക് ലഭിക്കുകയുള്ളു. 20 ദിവസം തൊഴിൽ വേണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം. ആറു മാസത്തിനിടെ 78 ജോലി നടന്നാലേ ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ ലഭിക്കുകയുള്ളു. ജോലി ഇല്ലാത്തതിനാൽ ഏതാനും വർഷമായി ഇത് ലഭിക്കുന്നില്ല. 6 മാസത്തിൽ 78 ഹാജരുണ്ടെങ്കിൽ തൊഴിലാളിക്ക് ഒരു വർഷവും ആശ്രിതർക്ക് 6 മാസവും എല്ലാ ചികിത്സയും ലഭിക്കും. തൊഴിലാളിക്ക് ലീവ് ഉൾപ്പെടെ ആനുകൂല്യങ്ങളും ലഭിക്കും. ഇ.എസ്.ഐ കോർപ്പറേഷനുമായി കരാറുള്ള ആശുപത്രികളിലേക്ക് ഇ.എസ്.ഐ റഫർ ചെയ്താണ് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ നൽകുന്നത്. ഹാജർ കുറവായതിനാൽ തൊഴിലാളികളുടെ മക്കൾക്ക് ഇ.എസ്.ഐ മെഡി. കോളേജുകളിൽ മെഡിസിൻ കോഴ്സിന് പ്രവേശനം ലഭിക്കാത്ത സ്ഥിതിയുമുണ്ട്. കോർപ്പറേഷൻ ഫാക്ടറികളിൽ തൂക്കത്തിലും വെട്ടിപ്പ് നടക്കുന്നു. പെട്ടിക്കടകളിൽ പോലും ഇലക്ട്രോണിക് ത്രാസ് ഉപയോഗിക്കുമ്പോൾ കോർപ്പറേഷൻ ഫാക്ടറികളിൽ ഇപ്പോഴും കാലഹരണപ്പെട്ട പഴയ ത്രാസാണുപയോഗിക്കുന്നത്.

താത്ക്കാലികമായി ഒത്തുതീർപ്പായി

കാഷ്യു കോർപ്പറേഷന്റെ വിവിധ ഫാക്ടറികൾക്ക് മുന്നിൽ 12 ദിവസത്തോളം സമരം ചെയ്ത തൊഴിലാളികൾ കോർപ്പറേഷൻ ഹെഡ്ഡാഫീസിനു മുന്നിലേക്ക് സമരവേദി മാറ്റി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയും രംഗത്തെത്തി. തുടർന്ന് കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഇടപെട്ട് തൊഴിലാളി നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചു. കൂലിയിൽ വർദ്ധനവ് വേണമെന്ന തൊഴിലാളികളുടെ ആവശ്യം 14 ന് ലേബർ കമ്മിഷണർ വിളിച്ച യോഗം ചർച്ചചെയ്യും. ഇ.എസ്.ഐ ആനുകൂല്യം മുടങ്ങുന്ന സാഹചര്യം ഉണ്ടാകില്ല. അടുത്ത വർഷം കൂടുതൽ ജോലി നൽകാമെന്ന ഉറപ്പും നൽകി. ഇലക്ട്രോണിക് ത്രാസ് ഉടൻ വാങ്ങുമെന്നും ചെയർമാൻ  അറിയിച്ച തിനെ തുടർന്നാണ് താത്ക്കാലികമായി സമരം പിൻവലിയ്ക്കാൻ തീരുമാനിച്ചത്.

വ്യവസായത്തിൽ അനിശ്ചിതത്വവും ആശങ്കയും

കശുഅണ്ടി വ്യവസായ മേഖലയിൽ കഴിഞ്ഞ കുറെ വർഷമായി നിലനിൽക്കുന്ന കടുത്ത അനിശ്ചിതത്വത്തിന്റെയും ആശങ്കയുടെയും നേർചിത്രമാണിത്. ആഡംബരത്തിന്റെയും സമ്പന്നതയുടെയും ധാരാളിത്തത്തിൽ അഭിരമിക്കുന്ന സാധാരണ മലയാളിക്ക് അന്യമാണ് ലക്ഷക്കണക്കിന് കശുഅണ്ടി തൊഴിലാളികളുടെ ദുരിത ജീവിതം. ഇത്തരത്തിൽ മൂന്ന് ലക്ഷത്തോളം തൊഴിലാളി കുടുംബങ്ങളാണ് ദിവസം 250 രൂപയുടെ പോലും വരുമാനമില്ലാതെ ജീവിതം തള്ളി നീക്കുന്നത്. കുടുംബത്തിൽ നിത്യചെലവ് കഴിയണം, മക്കളെ പഠിപ്പിക്കണം, പെൺമക്കളെ വിവാഹം കഴിച്ചയയ്ക്കണം…. ഇങ്ങനെ ഭാവിയെ അലട്ടുന്ന ഒട്ടേറെ പ്രയാസങ്ങളുടെ നടുവിലാണിന്ന് ഇവരുടെ ജീവിതം.  തൊഴിലാളികളെയും അവരെ ആശ്രയിക്കുന്ന കുടുംബങ്ങളെയും കുറിച്ചോർക്കാൻ അധികാര കേന്ദ്രങ്ങൾക്കും കഴിയുന്നില്ല. കൊല്ലം ജില്ലയിലെ മൊത്തം ജനസംഖ്യയുടെ 10 ശതമാനം പേരാണ് കശുഅണ്ടി മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്നത്. ഇവരിൽ 95 ശതമാനവും സ്ത്രീകളാണ്. കശുഅണ്ടി പരിപ്പ് വിപണിയിൽ സുലഭം. പണക്കാരന്റെയും വരേണ്യ വർഗ്ഗത്തിന്റെയും മെനുവിലെയും തീൻമേശയിലെയും വി.ഐ.പി ആയ പരിപ്പ് കിലോഗ്രാമിന് ഗ്രേഡനുസരിച്ച് 800 രൂപ മുതൽ 1500 രൂപ വരെയുണ്ട് വില. മൂല്യ വർദ്ധിത ഉല്പന്നങ്ങൾക്ക് ഇതിലും വിലയേറും. എന്നാൽ ഈ പരിപ്പ് സമ്പന്നന്റെ തീൻമേശയിലേക്കെത്തിക്കുന്ന പാവപ്പെട്ട തൊഴിലാളികളെക്കുറിച്ചോർക്കാൻ ആരും മെനക്കെടാറുമില്ല.

സ്വകാര്യ ഫാക്ടറികൾ 6 വർഷമായി അടഞ്ഞു കിടക്കുന്നു

സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ രജിസ്റ്റർ ചെയ്ത 834 കശുഅണ്ടി ഫാക്ടറികളാണുള്ളത്. ഇതിൽ 100 ഓളം ഫാക്ടറികളൊഴികെ ബാക്കിമുഴുവൻ 6 വർഷത്തിലേറെക്കാലമായി അടഞ്ഞു കിടപ്പാണ്. 90 ശതമാനം ഫാക്ടറികളും കൊല്ലം ജില്ലയിലാണ്. ശേഷിക്കുന്ന 10 ശതമാനം ഫാക്ടറികൾ തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ്.

കശുഅണ്ടി മേഖലയിലെ ഓരോ സ്പന്ദനവും വ്യവസായത്തിൽ മാത്രമല്ല, കൊല്ലത്തിന്റെയും അതുവഴി സംസ്ഥാനത്തിന്റെയും രാഷ്ട്രീയ സ്പന്ദനം കൂടിയാണ്. വ്യവസായത്തിലെ ഉയർച്ച താഴ്ചകൾ ഇടത്- വലത് മുന്നണികൾക്ക് തിരഞ്ഞെടുപ്പുകളിൽ പ്രചരണായുധവുമാണ്. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും കശുഅണ്ടി ഫാക്ടറികൾ ഒന്നടങ്കം അടഞ്ഞു കിടക്കുകയായിരുന്നു. ഫാക്ടറികൾ തുറക്കുമെന്ന വാഗ്ദാനം നൽകി തിരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണി കൊല്ലം ജില്ലയിലെ 11 അസംബ്ളി മണ്ഡലങ്ങളും തൂത്തുവാരി. കൊല്ലം തൂത്തുവാരുന്ന മുന്നണിക്ക് കേരളഭരണം കിട്ടുമെന്നതാണ് ചരിത്രം. അധികാരത്തിലെത്തിയ ഇടതു മുന്നണി സർക്കാർ വാഗ്ദാനം പാലിയ്ക്കുമെന്ന പ്രതീതി സൃഷ്ടിച്ച് 2016 മേയിൽ പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യു കോർപ്പറേഷന്റെയും കാപ്പക്സിന്റെയും ഫാക്ടറികൾ തുറന്നു. കാഷ്യു കോർപ്പറേഷനു കീഴിൽ 30 ഫാക്ടറികളും കാപ്പക്സിനു കീഴിൽ 10 ഫാക്ടറികളുമാണുള്ളത്.

എന്നാൽ അടഞ്ഞുകിടക്കുന്ന സ്വകാര്യ ഫാക്ടറികൾ തുറക്കുമെന്ന വാഗ്ദാനം ഇനിയും നിറവേറ്റാൻ സർക്കാരിനായിട്ടില്ല. സ്വകാര്യ വ്യവസായികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിനായിട്ടില്ല. കൊല്ലം കേന്ദ്രമാക്കി വ്യവസായം നടത്തിയിരുന്ന വൻകിട മുതലാളിമാരൊക്കെ തങ്ങളുടെ വ്യവസായം അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലേക്ക് പറിച്ചുനട്ടു. ഏതാനും സ്വകാര്യ ഫാക്ടറികളും പൊതുമേഖലയിലെ 40 ഓളം ഫാക്ടറികളും മാത്രമാണിപ്പോൾ കേരളത്തിൽ പ്രവർത്തിക്കുന്നത്. കാഷ്യുകോർപ്പറേഷൻ ഫാക്ടറികളിൽ പോലും കാര്യങ്ങൾ പന്തിയല്ലെന്ന സ്ഥിതിയാണ്.  കോർപ്പറേഷന്റെ 30 ഫാക്ടറികളിൽ പരമാവധി ജോലിനൽകാൻ കഴിയുന്നത് 12000 പേർക്ക് വരെയാണ്. സഹകരണ അപ്പക്സ് സ്ഥാപനമായ ‘കാപ്പക്സി’ൽ 4000 തൊഴിലാളികൾക്കും ജോലി നൽകാം. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാട്ടികൾക്കെല്ലാം കശുഅണ്ടി മേഖലയുമായി ബന്ധപ്പെട്ട യൂണിയനുകളുണ്ട്. എന്നാൽ പ്രതിപക്ഷത്തെ സംഘടനയായ ഐ.എൻ.ടി.യു.സി പോലും മൗനത്തിലാണ്. പോഷകസംഘടനയായ കേരള പ്രദേശ് കശുഅണ്ടി തൊഴിലാളി കോൺഗ്രസിന്റെ പിന്തുണയിലാണ് ഇപ്പോൾ സമരം നടന്നതെന്ന് ജനറൽ സെക്രട്ടറി കെ.ആർ.വി സഹജൻ പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ കാഷ്യു കോർപ്പറേഷനിൽ സ്വകാര്യമേഖലയിൽ പോലുമില്ലാത്ത തൊഴിലാളി ചൂഷണമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒന്നരയോ രണ്ടോ ദിവസമെടുത്ത് ചെയ്യുന്നതിനെ ഒരു ജോലിയായി കണക്കാക്കി ഒരു ഹാജരും ഒരു ഡി.എ യും മാത്രം നൽകിയാണ് ചൂഷണമെന്നും അദ്ദേഹം പറഞ്ഞു.