റിസര്‍വ് ചെയ്യുന്ന ചിത്രങ്ങള്‍ തന്നെ കാണാന്‍ ഡെലിഗേറ്റുകള്‍ ശ്രദ്ധിക്കണം: ചലച്ചിത്ര അക്കാദമി

 

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഒരു ദിവസം ശരാശരി 19000 ലേറെ റിസര്‍വേഷനുകൾ നടക്കുന്നതായും 100 ശതമാനം റിസര്‍വേഷന്‍ സൗകര്യമാണ് മേളയില്‍ തുടരുന്നതെന്നും ചലച്ചിത്ര അക്കാദമി അറിയിച്ചു. ഒരു ദിവസം ഒരു ഡെലിഗേറ്റിന് പരമാവധി മൂന്നു ചിത്രങ്ങൾക്ക് വരെ റിസര്‍വ് ചെയ്യാമെന്ന തോതിലാണ് ഈ കണക്ക്.

ഡെലിഗേറ്റുകളും മുതിർന്ന പൗരന്മാരും വിദ്യാർഥികളും ഡിസംബര്‍ 10, 11, 12 തീയതികളില്‍ യഥാക്രമം 19974 20845, 20799 സീറ്റുകളാണ് റിസര്‍വ് ചെയ്തത്. 11ന് 12688 ഡെലിഗേറ്റുകള്‍, 5180 വിദ്യാര്‍ത്ഥികള്‍, 1014 മുതിർന്ന പൗരന്മാർ എന്നിങ്ങനെയായിരുന്നു റിസര്‍വേഷന്‍.

ഈ അനുപാതത്തിൽ 12നും 13നും ആകെ റിസര്‍വേഷന്‍ 20000 കടന്നിട്ടുണ്ട്. റിസര്‍വേഷന്‍ ചെയ്തിട്ടും ഡെലിഗേറ്റുകള്‍ എത്താതിരുന്ന സീറ്റുകളിലേക്ക് റിസർവേഷൻ ചെയ്യാതിരുന്ന 7000ലേറെ പേര്‍ക്ക് ഓരോ ദിവസവും പ്രവേശനം നല്‍കി. ആദ്യ ദിവസവും അവസാന ദിവസവും മേളയില്‍ റിസര്‍വേഷന്‍ ഒഴിവാക്കിയിട്ടുണ്ട്. നിശാഗന്ധിയിലേക്കുള്ള പ്രവേശനത്തിനും റിസര്‍വേഷന്‍ ആവശ്യമില്ല.

റിസര്‍വ് ചെയ്യുന്ന ചിത്രങ്ങള്‍ തന്നെ കാണാന്‍ ഡെലിഗേറ്റുകള്‍ ശ്രദ്ധിക്കണമെന്നും മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്താതിരിക്കാന്‍ സഹകരിക്കണമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും സെക്രട്ടറി സി.അജോയിയും അഭ്യര്‍ത്ഥിച്ചു. റിസര്‍വ് ചെയ്യുന്ന ചിത്രങ്ങള്‍ ഒഴിവാക്കി മറ്റു ചിത്രങ്ങള്‍ കാണാന്‍ ചില ഡെലിഗേറ്റുകള്‍ ശ്രമിക്കുന്നത് തിക്കും തിരക്കും സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ അഭ്യര്‍ത്ഥന.