ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് ഒരുങ്ങി കൊല്ലം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി നാല്പതോളം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും.

20 സംസ്ഥാന ടീമുകൾ പങ്കെടുക്കും

കൊല്ലം:  മുപ്പതാമത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ഈ മാസം 26 മുതൽ 30 വരെ കൊല്ലം ആശ്രാമം മൈതാനം, ഫാത്തിമ മാതാ നാഷണൽ കോളേജ് ഗ്രൗണ്ട്, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, തേവള്ളി എന്നിവിടങ്ങളിൽ വച്ച് നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി നാല്പതോളം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും.
കായിക താരങ്ങളും മത്സരങ്ങൾ നിയന്ത്രിക്കാനുള്ള ഒഫീഷ്യൽസും ഉൾപ്പെടെ ആയിരത്തോളം പേർ എത്തിച്ചേരും.

മത്സരത്തിനായി എത്തുന്ന ടീമുകൾക്കുള്ള താമസ സൗകര്യവും, ഭക്ഷണ സൗകര്യവും സംഘാടകർ സൗജന്യമായാണ് നൽകുന്നത്. പെൺകുട്ടികൾക്കുള്ള താമസ സൗകര്യം കൊല്ലം ഹോക്കി സ്റ്റേഡിയത്തിലുള്ള ഡോർമെറ്ററിയിലും, ആൺകുട്ടികളുടെ ടീമുകൾക്കുള്ള താമസ സൗകര്യം യൂനുസ് കുഞ്ഞ് മെമ്മോറിയൽ എൻജിനീയറിങ് കോളേജിലും വി. വി. ഐ. എച്ച് എസ്. സ്കൂൾ അയത്തിലുമാണ് തയ്യാറാക്കിയിട്ടുള്ളത്.

കായിക താരങ്ങൾക്കുള്ള ഭക്ഷണം വി. വി.ഐ എച്ച്. എസ്. സ്കൂളിലെ കലവറയിലാണ് ഒരുക്കിയിട്ടുള്ളത്.
2021 ൽ ആന്ധ്രയിൽ വെച്ച് നടന്ന 29 മത് ദേശീയ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാ​ഗത്തിൽ ഛത്തീസ്ഗഡും, പെൺകുട്ടികളുടെ വിഭാഗത്തിൽ ഡൽഹിയുമാണ് ചാമ്പ്യൻമരായാത്. കേരള ടീം ഇരു വിഭാഗങ്ങളിലും നാലാം സ്ഥാനത്തായിരുന്നു.

ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കേരള ആൺകുട്ടികളുടെ ടീമിന്റെ കോച്ചിം​ഗ് ക്യാമ്പ് തിരുവനന്തപുരം വെങ്ങാനൂർ സ്കൂൾ ​ഗ്രൗണ്ടിലും പെൺകുട്ടികളുടെ കോച്ചിംഗ് ക്യാമ്പ് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലും നടന്നുവരുകയാണ് കേരള ടീമിനെ 25ന് പ്രഖ്യാപിക്കും.

ഡിസംബർ 26 വൈകിട്ട് 11.30 മണിക്ക് ആശ്രമം ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മേയർ പ്രസന്ന ഏണസ്റ്റ്
ഉദ്ഘാടനം ചെയ്യും.

ഡിസംബർ 30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വെച്ച് ബഹു. ധനവകുപ്പ് മന്ത്രി എൻ ബാലഗോപാൽ, വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.

യോഗത്തിൽ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ, കേരള സ്പോർട് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ കെ വിനീഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും, സംഘാടകസമിതി ചെയർമാനുമായ എക്സ്.ഏണസ്റ്റ്, തുടങ്ങിയവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ മീഡിയ കമ്മിറ്റി ചെയർമാൻ എസ് സാജൻ, മുൻ സംസ്ഥാന സെക്രട്ടറി ഷാഹുൽ ഹമീദ്, നൗഫിൻ .ബി, (ജനറൽ കൺവീനർ ഓർഗനൈസിംഗ് കമ്മിറ്റി ) തുടങ്ങിയവർ പങ്കെടുത്തു.