മില്‍മയുടെ റിച്ച് പാലും സ്മാര്‍ട്ട് തൈരും ഇനി കൊല്ലം ഡെയറിയില്‍ നിന്നും: ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു.

ഉല്‍പ്പന്നങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വ്വഹിച്ചു.
മില്‍മ ഉല്‍പ്പന്നങ്ങൾ സ്വിഗ്ഗി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ ഉപഭോക്താതാക്കളുടെ കയ്യിലെത്തും

കൊല്ലം: മില്‍മയുടെ കൊഴുപ്പ് കൂടിയ റിച്ച് പാലും സ്മാര്‍ട്ട് തൈരും ഇനി കൊല്ലം ഡെയറിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. മില്‍മ ഉല്‍പ്പന്നങ്ങളുടെ ശ്രേണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് തിരുവനന്തപുരം മേഖലാ യൂണിയന്‍റെ (ടിആര്‍സിഎംപിയു) കൊല്ലം ഡെയറിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഗുണമേയുള്ള പാലുല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നത്.

ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനവും സ്വിഗ്ഗി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയുള്ള മില്‍മ ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനവും കൊല്ലം പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ ക്ഷീരവികസന മൃഗസംരംക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വ്വഹിച്ചു. ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ കൊല്ലം ജില്ലാ പ്രസിഡന്‍റ് ആര്‍.ചന്ദ്രശേഖരന്‍ ഉത്പന്നങ്ങള്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

ക്ഷീരകര്‍ഷകരെ സഹായിക്കേണ്ടത് ഉത്തരവാദിത്വമായിട്ടാണ് സര്‍ക്കാര്‍ കാണുന്നതെന്നും പാലിന്‍റെ സബ്സിഡി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുന്ന പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാകുമെന്നും മന്ത്രി പറഞ്ഞു. പാല്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്. ഇതിന് ആകര്‍ഷകമായ ലോണുകളും നല്‍കുന്നുണ്ട്. മുന്‍കാലത്തെ അപേക്ഷിച്ച് പാല്‍ ഉത്പാദനത്തില്‍ വലിയ വര്‍ധനവാണ് ഇപ്പോഴുള്ളത്. സ്കൂളുകളും അംഗന്‍വാടികളും വഴി കുട്ടികള്‍ക്ക് നല്‍കുന്ന പാല്‍ പൂര്‍ണമായും എത്തിക്കാന്‍ മില്‍മയ്ക്ക് സാധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മില്‍മ ഉത്പന്നങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനായി കൊല്ലം നഗരത്തില്‍ പുതുതായി നാല് സ്റ്റാളുകള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷയായിരുന്ന മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.

ഓണക്കാലത്തെ മില്‍മ ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി മേഖല യൂണിയന്‍ വലിയ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.ഭാസുരാംഗന്‍ പറഞ്ഞു. വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനായി ഏജന്‍സികള്‍ക്ക് ആകര്‍ഷകമായ ഇന്‍സെന്‍റിവ് നല്‍കുമെന്നും കഴിഞ്ഞ ഓണക്കാലത്തെ റെക്കോര്‍ഡ് വില്‍പ്പന മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടിആര്‍സിഎംപിയു മാനേജിംഗ് ഡയറക്ടര്‍ ഡി.എസ്. കോണ്ട റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.ആര്‍. മോഹനന്‍പിള്ള, കൊല്ലം ഡെയറി സീനിയര്‍ മാനേജര്‍ ഡോ. ആര്‍.കെ. സാമുവേല്‍ എന്നിവര്‍ പങ്കെടുത്തു.

4.5 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഖരപദാര്‍ഥങ്ങളും അടങ്ങിയ 500 എംഎല്‍ മില്‍മ റിച്ച് പാലിന് 26 രൂപയാണ് വില. കുറച്ച് പാലില്‍ നിന്ന് കൂടുതല്‍ ചായയും കാപ്പിയും തയ്യാറാക്കാമെന്നതും പായസത്തിനും മധുരപലഹാരങ്ങള്‍ക്കും കൂടുതല്‍ സ്വാദിഷ്ടമാക്കുമെന്നും ഇതിന്‍റെ പ്രത്യേകതയാണ്.