സംസ്ഥാന കേരളോത്സവം: കായികമത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിർവഹിച്ചു

വർത്തമാനം ബ്യുറോ

ഗ്രാമപഞ്ചായത്തുകളില്‍  മൈതാനങ്ങള്‍ ഒരുക്കുന്നതിന് പിന്തുണ നല്‍കും: മന്ത്രി കെ.എന്‍ ബാലഗോപാല്‍


കൊല്ലം: എല്ലാ ഗ്രാമപഞ്ചായത്തുകളിലും കായിക പരിശീലനത്തിന് മൈതാനങ്ങള്‍ ഒരുക്കുന്നതിനാവശ്യമായ പിന്തുണ നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല കേരളോത്സവത്തിന്റെ കായിക മത്സരങ്ങളുടെ ഉദ്ഘാടനം  കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യുവജനതയെ ലഹരിയുടെ പിടിയില്‍ നിന്ന് മുക്തരാക്കി മികച്ച വ്യക്തികളായി മാറ്റാന്‍ കായിക വേദികള്‍ക്ക് സാധിക്കും. കായിക മേഖലയിലെ പുരോഗതിക്കായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വരികയാണ്. കായിക വകുപ്പിന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ മികച്ച പരിശീലകരുടെ കീഴില്‍ കുട്ടികള്‍ക്ക് കോച്ചിംഗ്  ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി. മികച്ച കായിക പ്രതിഭകളെ കണ്ടെത്തുന്നതില്‍ കേരളോത്സവം പോലുള്ള വേദികളുടെ പങ്ക് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.  സംസ്ഥാനതല കേരളോത്സവത്തിന്റെ കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ജില്ലയ്ക്ക് അവസരം കിട്ടിയത് അഭിമാനകരമാണ്. മികച്ച കായിക പ്രതിഭകളെ സൃഷ്ടിക്കുന്നതിനോടൊപ്പം ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനും കലാകായിക വേദികള്‍ക്ക് സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
3400 കായികതാരങ്ങള്‍ മാറ്റുരയ്ക്കുന്ന മത്സരങ്ങള്‍ ഡിസംബര്‍ 30ന്  സമാപിക്കും. അത്‌ലറ്റിക്സ്, നീന്തല്‍, ആര്‍ച്ചറി, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്ബോള്‍, ബാഡ്മിന്റണ്‍, ചെസ്, കബഡി, പഞ്ചഗുസ്തി, വടംവലി മുതലായ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
എം.മുകേഷ് എം.എല്‍.എ പതാക ഉയര്‍ത്തി. സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്ത ജെറോം, കൊല്ലം കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു.പവിത്ര, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്.സതീഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ് ബിന്ദു, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എസ്.ഷബീര്‍, യുവജനക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാല, രാഷ്ട്രീയകക്ഷി നേതാക്കള്‍, യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങള്‍, കായികതാരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന കേരളോത്സവം സ്പോർട്ട്സ് മീറ്റ് സെമിനാർഇന്ന്

കൊല്ലം: സംസ്ഥാന കേരളോത്സവം സ്പോർട്ട്സ് മീറ്റിനോടനുബന്ധിച്ച് ഡിസംബർ 28 ന് കൊല്ലം ക്യു എസി ഹാളിൽ വൈകിട്ട് 4 മണിക്ക് കായികകേരളം : സാധ്യതകളും പരിമിതികളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. സെമിനാർ
റവന്യു വകുപ്പ് മന്ത്രി അഡ്വ: കെ.രാജൻ ഉദ്ഘാടനം നിർവ്വഹിക്കു . മുഖ്യാതിഥിയായി രാജ്യസഭ എം. പി അഡ്വ.എ. എ റഹീം മുഖ്യാതിഥിയായി പങ്കെടുക്കും. മുൻ: ഇന്ത്യൻ കബഡി കോച്ച് ഇ.ഉദയകുമാർ വിഷയാവതരണം നടത്തും.